20 April Saturday
നൂറുദിന പരിപാടിയിൽ 310 വീട്‌

സ്വപ്‌നക്കൂടിന് നിറമേറെ

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021

കണ്ണൂർ

ജോണിയുടെ സ്വപ്‌നങ്ങൾക്ക്‌ നിറം പകരുകയാണ്‌ ഈ വീട്‌. ലൈഫ്‌മിഷന്റെ മൂന്നാംഘട്ടത്തിൽ വീടും ഭൂമിയും ഇല്ലാത്തവർക്ക്‌ വീട്‌ നൽകുന്ന പദ്ധതിയിലാണ്‌ പരിയാരം ഏമ്പേറ്റിലെ കളത്തിൽ ജോണിയുടെ വീടെന്ന സ്വപ്‌നം പൂവണിഞ്ഞത്‌. കടംകയറി വീടും സ്ഥലവും വിറ്റതോടെ ആസ്‌ബസ്‌റ്റോസ്‌ ഷീറ്റായിരുന്നു വർഷങ്ങളായി ജോണിയുടെ മേൽക്കൂര. 
മക്കളുടെ പഠിത്തവും അച്ഛനമ്മമാരുടെ ചികിത്സയും താങ്ങാൻ കഴിയാതെ വന്നപ്പോഴാണ്‌ ജോണി വീടും ചെറുസ്ഥലവും വിറ്റത്‌. പിന്നീട്‌ വർഷങ്ങൾ വാടകവീടുകൾ മാറിമാറി താമസിച്ചു.  എട്ടുവർഷമായി സഹോദരന്റെ സ്ഥലത്ത്‌ താൽക്കാലികമായി കെട്ടിയ കൂരയിലാണ്‌ താമസം. മകളുടെ വിവാഹം  കഴിഞ്ഞു. മകൻ കൂലിപ്പണിക്ക്‌ പോയാണ്‌ കുടുംബം  പോറ്റുന്നത്‌. പെയിന്റിങ് തൊഴിലാളിയായ ജോണി 2005 –-2010ൽ പഞ്ചായത്തംഗവുമായിരുന്നു. വീട്‌ നിർമിക്കുന്നതിനായി ഏമ്പേറ്റിൽ സ്ഥലം കണ്ടെത്തി ജനുവരിയിലാണ്‌ കൈമാറിയത്‌. ഫെബ്രുവരിയിൽ നിർമാണം  തുടങ്ങി. ജോണിയുടെ വീടിനൊപ്പം ആറ്‌ വീടുകൂടി ഏമ്പേറ്റിൽ നിർമാണം പൂർത്തിയായി. 
സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി  ജില്ലയിൽ ലൈഫ്‌മിഷനിൽ 310 വീട്‌ പൂർത്തീകരിച്ചു. ഇതുവരെ 10306 വീടാണ്‌ പൂർത്തിയായത്‌. ഒന്നാം ഘട്ടത്തിൽ 2610 പേരുടെ നിർമാണം പാതിവഴിയിലായ വീടുകൾ പൂർത്തിയാക്കി നൽകി.  രണ്ടാംഘട്ടത്തിൽ ഭൂമിയുള്ള 2441 പേർക്ക്‌ വീട്‌ നിർമിച്ചുനൽകി.  മൂന്നാം ഘട്ടത്തിൽ ഭൂമിയും വീടും ഇല്ലാത്ത 358 പേർക്ക്‌ വീട്‌ നൽകി.  പട്ടികജാതി, പട്ടികവർഗ, മത്സ്യത്തൊഴിലാളി വിഭാഗത്തിലുള്ള 73 പേരും വീട്‌ നിർമിച്ചു.  നഗരസഭകളിൽ നടപ്പാക്കുന്ന പിഎംഎവൈ അർബൻ ലിസ്റ്റിൽനിന്ന് 4113 പേരും ബ്ലോക്ക് പഞ്ചായത്തുവഴി നടപ്പാക്കുന്ന പിഎംഎവൈ ഗ്രാമീൺ ലിസ്റ്റിൽനിന്ന് 711 പേരും ഭവന നിർമാണം പൂർത്തീകരിച്ചു.
   മൂന്നാംഘട്ടമായ ഭൂരഹിത ഭവന രഹിതരിൽ ഉൾപ്പെട്ട ഗുണഭോക്താക്കളിൽ 297 പേർക്ക്‌ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെയും 191 പേർക്ക്‌ വിവിധ വകുപ്പുകളുടെ സഹായത്തോടെയും ഭൂമി ലഭിച്ചിട്ടുണ്ട്. 640 പേർ സ്വന്തമായും ഭൂമി കണ്ടെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top