25 April Thursday

കൊയ്‌തുകൂട്ടുന്നു സങ്കടക്കറ്റകൾ

പ്രത്യേക ലേഖകൻUpdated: Friday Sep 18, 2020
കണ്ണൂർ 
മിക്കവാറും കണ്ണീർക്കൊയ്‌ത്തായിരിക്കും ജില്ലയിലെ പാടശേഖരങ്ങളിൽ ഇത്തവണ.  അസമയത്തെത്തിയ കനത്ത മഴയിൽ നെൽകർഷകർ വലയുകയാണ്‌.  കൊയ്യാൻ പാകമെത്തിയ സമയത്താണ്‌ അതിമഴയുണ്ടായത്‌‌.  വിളഞ്ഞ നെല്ലുകൾ  വയലിൽവീണ്‌ മുളച്ചുപൊങ്ങാനും തുടങ്ങി.  സാധാരണ കൊയ്യാറാവുന്ന സമയത്ത്‌ മഴ അകലാറുണ്ടായിരുന്നു. ഇത്തവണ ന്യൂനമർദത്തെ തുടർന്ന്‌ തുടർച്ചയായ മഴയായിരുന്നു.  ഇതിനാൽ  കതിരിട്ട്‌ പാകമായ നെൽചെടികൾ വയലിൽ വീണ്‌ കുതിർന്നു.
കയമ കൈവിടുമോ
നാടൻ  നെല്ലിനങ്ങളായ കയമ, തവളക്കണ്ണൻ എന്നിവയെയാണ്‌ മഴ കൂടുതൽ ബാധിച്ചത്‌. എന്നാൽ  അത്യുൽപാദന ശേഷിയുള്ള ജ്യോതി, ആതിര, ഐശ്വര്യ, പ്രത്യാശ, ഉമ എന്നിവയും  കൊയ്യാനാവാതെ വീണടിയുകയാണ്‌.  മയ്യിൽ, കണ്ടക്കൈ, കീഴാലം വയൽ, ഒറപ്പടി  എന്നീ പാടശേഖരളങ്ങളിൽ വിളഞ്ഞ നെല്ല‌്‌ വെള്ളത്തിലാണ്‌. മലപ്പട്ടം അടിച്ചേരി  താഴത്ത്‌ വയലിലെ നെല്ലും  സുഭിക്ഷ പദ്ധതി പ്രകാരം പനയത്താംപറമ്പിനടുത്ത്‌  പറമ്പുക്കരി വയലിലെ 15 ഏക്കറിലെ  കൃഷിയും നശിച്ചു. 
വിത്തും കുത്തി
ചെറുതാഴം കൃഷിഭവനിനായി അതിയടം പാടശേഖരത്തിലിറക്കിയ  കൃഷി  കൊയ്യാറായ ‘മനുരത്ന’ നെല്ലും  പൂർണമായി നശിച്ചു.  രണ്ടാംവിളക്കുള്ള  വിത്ത് ശേഖരണത്തിനായാണ്‌ ഇത് കൃഷി ചെയ്തത്. അത്യുൽപ്പാദനശേഷിയുള്ള ‘മനുരത്ന’ 90 ദിവസംകൊണ്ട് പാകമാകും. ജലക്ഷാമം അനുഭവപ്പെടുന്ന രണ്ടാം വിളയ്‌ക്ക് ഇത് ഉത്തമമാണ്. ചെറുതാഴം, കുഞ്ഞിമംഗലം, കടന്നപ്പള്ളി, ഏഴോം പഞ്ചായത്തുകളിൽ വ്യാപകമായ നാശമുണ്ടായി.  നെൽച്ചെടികൾ നിലത്തുവീണ്‌ കതിരുകൾ മുളക്കാൻ തുടങ്ങി. ചെറുതാഴത്ത് 70 ഹെക്ടറിലും, കടന്നപ്പള്ളിയിൽ 90, ഏഴോത്ത് 80, കുഞ്ഞിമംഗലത്ത് 10 ഹെക്ടറിലും നാശമുണ്ടായി.  
 തളിപ്പറമ്പ് മേഖലയിൽ 14 ഏക്കറിലെ കൃഷിയാണ് നശിച്ചത്. മിക്ക  വയലുകളിലും  വരിനെല്ല് വർധിച്ചിരുന്നു. 
ആന്തൂരിലെ ചേര, പാന്തോട്ടം കൈപ്പാട് വയലിൽ രണ്ട്‌  ഏക്കർ കൃഷിയും കാനൂൽ പാടശേഖര സമിതിയുടെ കീഴിലെ പുന്നക്കുളങ്ങര വയലിൽ ഒരേക്കർ സ്ഥലത്തും കൃഷി നശിച്ചു. പഞ്ചളായി കൈപ്പാട് കൃഷിയിൽ രണ്ടേക്കറും കണികുന്ന്  പാടശേഖരത്തിലെ ചാലത്തൂരിൽ മൂന്നേക്കറിലും കൃഷിനാശമുണ്ടായി. പരിയാരം മാവിച്ചേരി വയലിൽ മൂന്നേക്കറും കുറുമാത്തൂരിലെ മഴൂർ, കൂനം, പെരുമ്പ, ചെപ്പനൂൽ വയലുകളിൽ മൂന്നേക്കറിലും കൃഷി നശിച്ചു. പനയത്താംപറമ്പ് പറമ്പുക്കരി വയലിൽ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ഇറക്കിയ 15 ഏക്കറിലും   നെല്ല്‌  വെള്ളം കയറി നശിച്ചു.മുഴപ്പാലരിക്കോട്, പുതുകുടിച്ചാൽ, മാമ്പ വയൽ എന്നിവിടങ്ങളിലും15 ഏക്കറിൽ നെൽകൃഷി നശിച്ചു.കൃഷി നശിച്ച മാടായി ഏരിയയിലെ  കർഷകർക്ക് ന്യായമായ നഷ്ടപരിഹാരം നൽകണമെന്ന് കർഷക സംഘം മാടായി ഏരിയാ കമ്മിറ്റിയും സിപിഐ എം ചെറുതാഴം ഈസ്റ്റ് ലോക്കൽ കമ്മിറ്റിയും  ആവശ്യപ്പെട്ടു.
 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top