19 April Friday

പങ്കെടുത്തത്‌ നൂറോളംപേർ കോവിഡ്‌ മാനദണ്ഡം ലംഘിച്ച്‌ കോൺഗ്രസിന്റെ ആദര സമ്മേളനം

സ്വന്തം ലേഖികUpdated: Friday Sep 18, 2020
കണ്ണൂർ
കോവിഡ്‌ മാനദണ്ഡം ലംഘിച്ച്‌ കോൺഗ്രസ്‌ പ്രവർത്തകന്റെ വീട്ടിൽ നൂറോളംപേർ പങ്കെടുത്ത്‌ ആദര സമ്മേളനം. ഗൃഹനാഥൻ ഉൾപ്പെടെ വീട്ടിലെ മൂന്നുപേർക്കും കോവിഡ്‌ സ്ഥിരീകരിച്ചതോടെ പരിപാടിയിൽ പങ്കെടുത്ത ഡിസിസി പ്രസിഡന്റ്‌ സതീശൻ പാച്ചേനി ഉൾപ്പെടെയുള്ളവർ ക്വാറന്റൈനിലായി.   
കോർപറേഷൻ 19ാം ഡിവിഷനിൽ കാപ്പാട്‌ മൃഗാശുപത്രിക്ക്‌ സമീപത്തെ വീട്ടിൽ അധ്യാപകദിനത്തിലാണ്‌ എസ്‌എസ്‌എൽസി, പ്ലസ്‌ടു വിദ്യാർഥികൾക്കും വിരമിച്ച അധ്യാപകർക്കും ആദരം സംഘടിപ്പിച്ചത്‌. നൂറോളംപേർ പങ്കെടുത്ത പരിപാടിയിൽ ഡിസിസി പ്രസിഡന്റ്‌ സതീശൻ പാച്ചേനിക്കുപുറമെ മുൻ മേയർ സുമ ബാലകൃഷ്‌ണൻ, കൗൺസിലർമാരായ എം കെ ധനേഷ്‌ബാബു, കെ പ്രകാശൻ എന്നിവരും പങ്കെടുത്തു. റിവേഴ്‌സ്‌ ക്വാറന്റൈനിൽ കഴിയേണ്ട വിരമിച്ച അധ്യാപകരെ ഉൾപ്പെടുത്തിയാണ്‌ പരിപാടി സംഘടിപ്പിച്ചതെന്നതും  ആശങ്കയുളവാക്കുന്നു. 
കോവിഡ്‌ വ്യാപനം രൂക്ഷമായ പ്രദേശമാണിത്‌. ഈ വീടിന്‌ വിളിപ്പാടകലെ താമസിക്കുന്ന ഒരാൾ പനി ബാധിച്ച്‌ മരിച്ചിരുന്നു.  അദ്ദേഹത്തിന്‌ കോവിഡ്‌ പോസിറ്റീവാണെന്ന്‌ പിന്നീട്‌ തെളിഞ്ഞു. അടുത്ത ദിവസം ആ വീട്ടിലെ ആറ്‌ പേർക്കുകൂടി രോഗം സ്ഥീരീകരിച്ചു. തുടർച്ചയായ ദിവസങ്ങളിൽ പനി വന്നതുകാരണമാണ്‌  ‌ പരിപാടി നടന്ന വീട്ടിലെ ഗൃഹനാഥനും കോവിഡ്‌ പരിശോധന നടത്തിയത്‌. ഇദ്ദേഹത്തിന്റെ ഭാര്യക്കും മകനുംകൂടി കോവിഡ്‌ സ്ഥീരീകരിച്ചതോടെ കടുത്ത ആശങ്കയിലാണ്‌ പ്രദേശവാസികൾ.  
പരിപാടിയിൽ പങ്കെടുത്ത കുട്ടികളോടും രക്ഷിതാക്കളോടും കർശനമായി ക്വാറന്റൈനിൽ കഴിയാൻ നിർദേശിച്ചിരിക്കുകയാണ്‌ ആരോഗ്യവകുപ്പ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top