19 April Friday
വിജിലൻസ്‌ അന്വേഷണം വേണമെന്ന്‌ വിശ്വാസികൾ

മട്ടന്നൂർ മഹാദേവക്ഷേത്രത്തിൽ 
കമ്മിറ്റിയുടെ കാലത്ത്‌ തീവെട്ടിക്കൊള്ള

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022
മട്ടന്നൂർ
മഹാദേവ ക്ഷേത്രം മലബാർ ദേവസ്വം ബോർഡ്‌ ഏറ്റെടുത്ത്‌ എട്ടുമാസം പൂർത്തിയാകുമ്പോൾ മറനീക്കുന്നത്‌ മുൻകാലത്ത്‌ അരങ്ങേറിയ കോടികളുടെ കൊള്ള. ജീവനക്കാർക്കുള്ള പുതുക്കിയ നിരക്കിലെ വേതനവും ക്ഷേത്രത്തിന്റെ  നിത്യച്ചെലവും കഴിച്ച്‌ എട്ടുമാസത്തിനിടെ 25 ലക്ഷം രൂപ എക്‌സിക്യൂട്ടീവ്‌ ഓഫീസർ ബാങ്കിൽ നിക്ഷേപിച്ചു. അപ്പോൾ അതിനുമുമ്പ്‌ 44 വർഷം ക്ഷേത്രം ഭരിച്ച കമ്മിറ്റിക്ക്‌ എത്ര ഭീമമായ തുക ലഭിച്ചിരിക്കുമെന്നും ആ തുകയെല്ലാം എന്തായെന്നുമുള്ള ചോദ്യം സ്വാഭാവികമായി ഉയരുന്നു. ഇതുസംബന്ധിച്ച്‌ വിജിലൻസ്‌ അന്വേഷണം വേണമെന്നാണ്‌ വിശ്വാസികൾ ആവശ്യപ്പെടുന്നത്‌.
ക്ഷേത്ര കമ്മിറ്റിയുടെ കാലത്ത്‌ ഒരു രൂപ പോലും ബാങ്ക്‌ നിക്ഷേപമില്ല. ഇക്കാലത്തെ വരവുചെലവു കണക്കും കാണാനില്ല. ക്ഷേത്രഭൂമി കിൻഫ്ര വ്യവസായ പാർക്കിന്‌ ഏറ്റെടുത്തപ്പോൾ 56 ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിച്ചിരുന്നു. ഇതും കാണാനില്ല. ക്ഷേത്ര ഊരാളൻ മട്ടന്നൂർ മധുസൂദനൻ തങ്ങൾ അന്തരിച്ചശേഷം ഭാര്യ മഹാദേവി അന്തർജനം ക്ഷേത്രം നടത്തിപ്പിന്‌ നൽകിയപ്പോൾ പഴശ്ശി വില്ലേജിൽ പലയിടത്തും ഭൂസ്വത്തും നഗരത്തിൽ 17 കടമുറികളുമുണ്ടായിരുന്നു. കടമുറികൾ കമ്മിറ്റി വിറ്റു. എന്നാൽ, ലഭിച്ച തുകയെക്കുറിച്ചു വിവരമില്ല. ക്ഷേത്രകമ്മിറ്റി പ്രസിഡന്റായിരുന്നയാൾ ട്രസ്‌റ്റ്‌ രൂപീകരിച്ച്‌ ക്ഷേത്രസ്ഥലം സ്വന്തം പേരിലാക്കി അനുബന്ധക്ഷേത്രം പൊളിച്ചുനീക്കി. ഇവിടെ    ശ്രീശങ്കരവിദ്യാപീഠം ഇംഗ്ലീഷ്‌  മീഡിയം സ്‌കൂൾ നിർമിച്ചു. ക്ഷേത്ര സ്വത്ത്‌ സ്വകാര്യട്രസ്‌റ്റാക്കിയവർക്ക്‌ അനുബന്ധ ക്ഷേത്രം പൊളിക്കാൻ ആര്‌ അധികാരം നൽകിയെന്ന്‌ വിശ്വാസികൾ ചോദിക്കുന്നു.  
റവന്യു അധികൃതർ ദേവസ്വം എക്‌സിക്യുട്ടീവ്‌ ഓഫീസർക്ക്‌ ക്ഷേത്രം ഭൂസ്വത്തുക്കളുടെയും കെട്ടിടങ്ങളുടെയും കൈവശാവകാശവും നികുതി അടയ്‌ക്കാനുള്ള അനുമതിയും നൽകിയപ്പോഴാണ്‌ പലതും  അന്യാധീനപ്പെട്ടതായി മനസിലായത്‌. വ്യാപാര സമുച്ചയം വടകയ്‌ക്കെടുത്തവർ ഭീമമായ കുടിശ്ശികയും വരുത്തി. വാടക നൽകാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചിരിക്കയാണ്‌ ദേവസ്വം ബോർഡ്‌. 
മഹാദേവി അന്തർജനം ക്ഷേത്രത്തിന്‌ നൽകിയ സ്ഥലം കമ്മിറ്റി പ്രസിഡന്റ്‌ മരുമകന്‌ വിറ്റതായും പറയുന്നു. ക്ഷേത്രോത്സവത്തിന്‌ തിടമ്പിൽ ചാർത്താനുള്ള ലക്ഷങ്ങളുടെ സ്വർണാഭരണവും മൂന്നു വർഷമായി കാണാനില്ല. കമ്മിറ്റിക്കാർ എടുത്തുകൊണ്ടുപോയെന്നാണ്‌ ആക്ഷേപം. കഴിഞ്ഞ ഉത്സവത്തിന്‌ പയ്യാവൂർ ക്ഷേത്രത്തിലെ ആഭരണങ്ങൾ കൊണ്ടുവന്നാണ്‌ തിടമ്പെഴുന്നെള്ളത്ത്‌ നടത്തിയത്‌. 
ക്ഷേത്രസ്വത്തുക്കൾ അന്യാധീനപ്പെടുത്തിയവർക്കൊപ്പം നിൽക്കുന്ന ചില ബിജെപി, കോൺഗ്രസ്‌ നേതാക്കൾ ‘സേവ്‌ മഹാദേവ ക്ഷേത്രം’ എന്നപേരിൽ  പ്രതിഷേധം സംഘടിപ്പിച്ച്‌ പരിഹാസ്യരായി. നഗരസഭാ തെരഞ്ഞെടുപ്പിൽ സർക്കാർവിരുദ്ധത പ്രചരിപ്പിക്കാൻ ഹിന്ദു ഐക്യവേദിയായിരുന്നു സമരത്തിന്‌ പിന്നിൽ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top