18 December Thursday

ജനപങ്കാളിത്തത്തിൽ ചരിത്രം കുറിച്ച്‌ ജനകീയപ്രക്ഷോഭം

സ്വന്തം ലേഖികUpdated: Sunday Sep 17, 2023
 
കണ്ണൂർ
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹനയങ്ങൾ തുറന്നുകാട്ടി സിപിഐ എം സംഘടിപ്പിച്ച ജനകീയ പ്രക്ഷോഭം ബഹുജന പങ്കാളിത്തത്താൽ ചരിത്രം കുറിച്ചു. 11 മുതൽ 15 വരെ ജില്ലയിൽ 11 നിയമസഭാ മണ്ഡലങ്ങളിലെ ഓരോ കേന്ദ്രത്തിൽ നടത്തിയ പ്രക്ഷോഭത്തിൽ പതിനായിരങ്ങളാണ്‌ അണിചേർന്നത്‌. അപ്രഖ്യാപിത സാമ്പത്തിക ഉപരോധം അടിച്ചേൽപ്പിച്ച്‌ കേന്ദ്രം സംസ്ഥാനത്തെ ഞെരുക്കുമ്പോഴും പ്രതിപക്ഷം കാണിക്കുന്ന ഇരട്ടത്താപ്പും  തുറന്നുകാട്ടപ്പെട്ടു. പ്രത്യക്ഷമായും പരോക്ഷമായും കേന്ദ്ര സർക്കാരിനെ പിന്തുണക്കുന്ന നിലപാടാണ്‌ കോൺഗ്രസും യുഡിഎഫും സ്വീകരിക്കുന്നത്‌. 
യുഡിഎഫ് എംപിമാരാകട്ടെ നാടിന്റെ വികസന കാര്യത്തിൽ ശ്രദ്ധിക്കുന്നില്ല. എയിംസ്, കോച്ച് ഫാക്ടറി പോലുള്ള ദീർഘകാലത്തെ സംസ്ഥാനത്തിന്റെ വികസനാവശ്യങ്ങൾക്കായി ശബ്ദം ഉയർത്താൻ അവർ തയ്യാറായിട്ടില്ല. പാർലമെന്റിൽ പോലും സംസ്ഥാന വിരുദ്ധ നിലപാട്‌ സ്വീകരിക്കുന്ന എംപിമാരുടെ നടപടികളും പ്രക്ഷോഭത്തിൽ തുറന്നുകാട്ടി. 
പയ്യന്നൂർ, പഴയങ്ങാടി, ധർമശാല, ശ്രീകണ്ഠപുരം, പാപ്പിനിശേരി, കണ്ണൂർ, മമ്പറം, മട്ടന്നൂർ, ഇരിട്ടി, പാനൂർ, തലശേരി എന്നിവിടങ്ങളിലാണ്‌ പ്രക്ഷോഭം നടന്നത്‌. 
കേന്ദ്രസർക്കാരിന്റെ കോർപറേറ്റ്‌ പ്രീണന നയങ്ങൾ കാരണം രാജ്യത്ത്‌ വിലക്കയറ്റവും പണപ്പെരുപ്പവും രൂക്ഷമാണ്‌. ഭക്ഷ്യവിപണി കോർപറേറ്റുകൾ കൈടക്കി.  വില ഉയരുന്ന ഉൽപ്പന്നങ്ങൾക്ക് പൂഴ്ത്തിവയ്‌പ്പിലൂടെ കൃത്രിമ ക്ഷാമവും ഉണ്ടാക്കുന്നു. ഇതൊന്നും കേന്ദ്രം കണ്ടില്ലെന്ന് നടിക്കുന്നു. പാചകവാതകത്തിന്റെയും പെട്രോളിയം ഉൽപന്നങ്ങളുടെയും വില അടിക്കടിയാണ്‌ ഉയർത്തുന്നത്‌. ഈ പ്രതിസന്ധിക്കെല്ലാമിടയിൽ സംസ്ഥാനത്തെ എൽഡിഫ്‌ സർക്കാർ  13 സാധനങ്ങൾ സബ്‌സിഡി നിരക്കിലാണ്‌ നൽകുന്നത്‌. നിത്യോപയോഗസാധനങ്ങൾ ഒരേ വിലയ്‌ക്കാണ്‌ ഏഴാം വർഷവും  മാവേലി സ്‌റ്റോർ വഴി വിതരണംചെയ്യുന്നത്‌. 
ആനുകൂല്യങ്ങളും പെൻഷനും നൽകി ജനങ്ങൾക്ക്‌ ആശ്വാസമേകുന്ന സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ സാമ്പത്തിക ഉപരോധം ഉൾപ്പെടെ ഏർപ്പെടുത്തിയ കേന്ദ്രത്തിന്റെ ചെയ്‌തികൾ ജനങ്ങൾക്ക്‌ മുന്നിൽ അക്കമിട്ടുനിരത്താൻ ജനകീയ പ്രക്ഷോഭത്തിലൂടെ സാധിച്ചു. 
നാടിനുവേണ്ടി ഒന്നും ചെയ്യാത്ത എംപിമാരല്ല നമുക്ക് വേണ്ടതെന്ന ആഹ്വാനമായി ജനകീയ പ്രക്ഷോഭത്തിലെത്തിയ ജനസഞ്ചയം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top