തലശേരി
ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ രണ്ടാംദിനം മത്സരം പൂർത്തിയായപ്പോൾ 218 പോയിന്റുമായി അമിഗോസ് സ്‌പോർട്‌സ് ക്ലബ് പ്രാപ്പൊയിലിന്റെ കുതിപ്പ്. ഓട്ടത്തിലും ചാട്ടത്തിലും ത്രോ ഇനങ്ങളിലും മറ്റു ടീമുകളെ ബഹുദൂരം പിന്നിലാക്കിയാണ് അമിഗോസ് ചാമ്പ്യൻപട്ടത്തിലേക്ക് നീങ്ങുന്നത്. കണ്ണൂർ അത്‌ലറ്റിക് അക്കാദമി 111 പോയിന്റുമായി രണ്ടും ആലക്കോട് ടിഎംടിസി 53 പോയിന്റുമായി മൂന്നും സ്ഥാനത്തുണ്ട്. ഓട്ടം, ഷോട്ട്‌പുട്ട്, റിലേ, ഡിസ്‌കസ് ത്രോ, ജാവലിൻ, ലോങ്‌ജമ്പ്, ഹൈജമ്പ്, ബോൾ ത്രോ തുടങ്ങി 93 ഇനങ്ങളിലായിരുന്നു മത്സരം. വിവിധ ഇനങ്ങളിലായി 14 റെക്കാഡാണ് രണ്ടാംദിവസം പിറന്നത്.
ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ വി ആർ കൃഷ്‌ണയ്യർ സ്‌മാരക മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പ് ഇന്റർനാഷണൽ താരം എ വിജില ഉദ്‌ഘാടനംചെയ്‌തു. ദേശീയതാരം പി റിജു മഖ്യാതിഥിയായി. അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ എസ് മാത്യു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി നാരായണൻകുട്ടി സ്വാഗതവും ട്രഷറർ ബേബി ആന്റണി നന്ദിയും പറഞ്ഞു. 27 സ്ഥാപനങ്ങളിൽനിന്നുള്ള 786 പേരാണ് മൂന്ന് ദിവസത്തെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ഞായർ വൈകിട്ട് സമാപിക്കും.
പിറന്നത്
14 റെക്കോഡുകൾ
തലശേരി
ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ രണ്ടാംദിനം പിറന്നത് 14 റെക്കോഡുകൾ. ആലക്കോട് ടി എംടിസി സ്പോർട്സ് ഫൗണ്ടേഷൻ നാലും അമിഗോസ് പ്രാപ്പൊയിലും തലശേരി സായിസെന്ററും മൂന്ന് വീതവും റെക്കോഡ് സ്വന്തമാക്കി. ആലക്കോട് ടിഎംടിസി ഫൗണ്ടേഷന്റെ എം രമേഷ് (200, 400 മീറ്റർ), തലശേരി സായികേന്ദ്രത്തിലെ കെ ശ്രീനന്ദ (60 മീറ്റർ, ലോങ് ജംബ്) റെക്കോഡ് നേട്ടവുമായി രണ്ടാം ദിനം താരങ്ങളായി. അഖിൽ ബാബു ( 200 മീറ്റർ ), മാനസ അഭയൻ (200 മീറ്റർ) എന്നിവരാണ് റെക്കോഡിട്ട മറ്റ് ടിഎംടിസി താരങ്ങൾ.
പ്രാപ്പൊയിൽ അമിഗോസിന്റെ എം ഇജാസ് (800 മീറ്റർ), ഡൊണറ്റ് ജെയിംസ് (5000 മീറ്റർ), ടി പി മഞ്ജിമ (5000 മീറ്റർ)എന്നിവരാണ് റെക്കോഡിൽ മുത്തമുട്ടവർ. തലശേരി സായിയിലെ ഡെൽന ഫിലിപ്പ് (200 മീറ്റർ), കണ്ണൂർ സെന്റ്‌മൈക്കിൾസ് സ്‌കൂളിലെ എം കെ ഷാരോൺ (60 മീറ്റർ), പട്ടുവം ജി എം ആർ എച്ച്‌എസ്‌എസിലെ വിഷ്‌ണു നാരായണൻ (ബോൾ ത്രോ), ബ്രണ്ണൻ കോളേജിലെ സി ബി ബിമൽ (ഷോട്ട്‌പുട്ട്), കണ്ണൂർ അത്‌ലറ്റിക് അക്കാദമിയിലെ സി അനുഗ്രഹ (400 മീറ്റർ) എന്നിവരും പുതിയ വേഗവും ദൂരവും കുറിച്ചു.
ഒന്നാംദിവസവും ഏഴ് റെക്കോഡ് നേട്ടമുണ്ടായി. പ്രാപ്പൊയിൽ അമിഗോസാണ് ഇതിൽ മൂന്നും നേടിയത്. ആൽബിൻ ആന്റണി (ലോങ്‌ജംബ്), അലൻ രാജേഷ് (ഹാമർ ത്രോ), ആദിത്യൻ രമേശൻ (ട്രിപ്പിൾ ജംബ്) എന്നിവരാണ് ആദ്യദിനം റെക്കോഡിട്ട അമിഗോസ് താരങ്ങൾ. തലശേരി ഗവ. ബ്രണ്ണൻ കോളേജിലെ യദു കൃഷ്‌ണൻ (ലോങ് ജംബ് ), കണ്ണൂർ ജിവിഎച്ച്‌എസ്‌എസിലെ അഞ്ജന സാബു (80 മീറ്റർ ഹർഡിൽസ്), തലശേരി സായി കേന്ദ്രത്തിലെ അനീറ്റ മറിയ ( ട്രിപ്പിൾ ജംബ്), തലശേരി ഫ്ലാഷ്‌ബാക്ക് സ്‌പോർട്‌സിലെ അഷ്‌ന ഷാജി (ലോങ് ജംബ്) എന്നിവരും റെക്കോഡ് കുറിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..