20 April Saturday

കരുതലായി കനിവിൻ കരങ്ങൾ

രാഗേഷ്‌ കായലൂർUpdated: Friday Sep 17, 2021

ഉന്നതവിജയം നേടിയ ചാവശേരിപ്പറമ്പ് കോളനിയിലെ വിദ്യാർഥികളെ എൻജിഒ യൂണിയൻ ആദരിച്ചപ്പോൾ ( ഫയൽ ചിത്രം)

കണ്ണൂർ
ഈ കുട്ടികൾ പഠിച്ചത്‌ പുതിയ പാഠവും കഥകളുമാണ്‌. പഠിക്കാനിറങ്ങിയാൽ   സ്‌കൂളിലെത്താത്തത്‌ അവർക്ക്‌ പഴങ്കഥ. വിജയത്തിന്റെ  നൂറുമേനിയിൽ അഭിമാനിക്കുകയാണ്‌ അവരിന്ന്‌. എൻജിഒ യൂണിയൻ ജില്ലാകമ്മിറ്റി ദത്തെടുത്ത  ചാവശേരിപറമ്പ്‌ പട്ടികവർഗ കോളനിയിലെ  കുട്ടികളാണ്‌  വിജയക്കൊടി ചൂടിയത്‌. 
സർക്കാർ ജീവനക്കാരുടെ ജീവസുറ്റ പ്രസ്ഥാനമായ കേരള എൻജിഒ യൂണിയന്റെ   കരുതലിലാണ്‌ ഇവിടത്തെ  മുഴുവൻ കുടുംബങ്ങളും. പല കോളനികളിൽനിന്നായി ഇവിടേക്ക്‌ ‌ പറിച്ചുനട്ടവർ അരക്ഷിത ജീവിതം നയിക്കുമ്പോൾ  കൂടെനിന്ന്‌  കൈപ്പിടിച്ചുയർത്തുകയായിരുന്നു. 
   2017 ൽ  യൂണിയൻ സംസ്ഥാന സമ്മേളന തീരുമാനത്തെ തുടർന്നാണ്‌ ‌ കോളനിയിൽ  സാന്ത്വന വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക്‌   ജീവനക്കാർ രംഗത്തിറങ്ങിയത്‌. 2017 ഏപ്രിൽ 12ന്‌  ദത്തെടുക്കൽ പ്രഖ്യാപനം നടത്തി. ചിട്ടയായ പ്രവർത്തനത്തിലൂടെ  കോളനിയിലെ ജീവിതാന്തരീക്ഷം  മാറ്റി. വരൾച്ച രൂക്ഷമായഘട്ടത്തിൽ കുടിവെള്ളം നൽകിയായിരുന്നു തുടക്കം. പൊതുകിണർ ശുചീകരിച്ചു. പൊട്ടിപ്പൊളിഞ്ഞ പൈപ്പും ടാപ്പും മാറ്റി തടസമില്ലാതെ വെള്ളം എത്തിച്ചു.
  വണ്ടിക്കൂലി ഇല്ലാത്തതിനാൽ  ചികിത്സയ്‌ക്ക്‌ പോകാത്തവരായിരുന്നു കോളനിയിലുള്ളവർ. പണമില്ലെന്ന കാരണത്താൽ ചികിത്സ മുടങ്ങരുതെന്ന്‌ തീരുമാനിച്ച്‌ ‌ വാഹനത്തിന്‌ വാടക‌ നൽകാനുള്ള തുക മുൻകൂറായി ഒരാളെ ഏൽപ്പിച്ചു.  ഈ കരുതലിൽ   ജീവിതത്തിലേക്ക്‌ തിരിച്ചുവന്ന ഒട്ടേറെ പേരുണ്ടിവിടെ. കോളനിയിൽ മെഗാ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. 
  പഠന നിലവാരം മെച്ചപ്പെടുത്താൻ  ഒന്നുമുതൽ 12 വരെ സൗജന്യ ട്യൂഷൻ സെന്റർ തുറന്നു.  എസ്‌എസ്‌എൽസി, പ്ലസ്‌ടു വിദ്യാർഥികൾക്ക്‌ പ്രത്യേക പരിശീലനം.  വിദഗ്‌ധ അധ്യാപകരെയെത്തിച്ച്‌  ക്ലാസും സഹവാസ ക്യാമ്പും പഠനയാത്രയും സംഘടിപ്പിച്ചു. കണ്ണൂർ ഡിഡി ആയിരുന്ന യു കരുണാകരനായിരുന്നു മുഖ്യ ചമുതലക്കാരൻ. നാലുവർഷവും എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷ എഴുതിയ എല്ലാവർക്കും വിജയം. പഠനം പാതിവഴിയിലുപേക്ഷിച്ച്‌ പോകാനിരുന്ന  88 വിദ്യാർഥികൾക്ക്‌ അക്ഷരവെളിച്ചം പകർന്നു.  പ്രവേശനപരീക്ഷയ്‌ക്കും‌ പരിശീലനം നൽകി നേട്ടം കൊയ്‌തു. കോളനിയിലെ ആദ്യ ഡോക്ടറാവാൻ പ്രശാന്തെന്ന മിടുക്കൻ കോട്ടയം ഗവ. ഹോമിയോ മെഡിക്കൽ കോളേജിൽ പഠിക്കുന്നു. പഠനച്ചെലവും യൂണിയൻ വഹിക്കുന്നു.  ഓണം, വിഷു ആഘോഷവേളകളിൽ  ഭക്ഷ്യകിറ്റും പുതുവസ്‌ത്രങ്ങളും നൽകി.   കോവിഡ്‌ കാലത്ത്‌ സാനിറ്റൈസറും മാസ്‌കും എത്തിക്കാനും ബോധവൽക്കരണത്തിനും പ്രവർത്തകർ മുന്നിട്ടിറങ്ങി. ഇങ്ങനെ നീളുകയാണ്‌ ‌ എൻജിഒ യൂണിയന്റെ  സമാനതകളില്ലാത്ത  കാരുണ്യസ്‌പർശം.  യൂണിയന്റെ  എല്ലാ ജില്ലാകമ്മിറ്റികളും  ഈ  കണ്ണൂർ മാതൃക പിന്തുടരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top