24 April Wednesday

സംരംഭകത്വത്തിലേക്ക്‌ വഴിതുറന്ന്‌ മുഖാമുഖം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ഇന്‍വെസ്റ്റേഴ്‌സ് ഹെല്‍പ് ഡെസ്‌ക് നടത്തിയ മുഖാമുഖം പരിപാടിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയും സംരംഭകരും ചേര്‍ന്ന് തിരിതെളിയിക്കുന്നു.

കണ്ണൂർ
‘‘ഞാൻ സംരംഭം തുടങ്ങുമ്പോൾ കിട്ടിയതിനേക്കാൾ എത്രയോ അധികം പിന്തുണയും മാർഗനിർദേശങ്ങളുമാണ്‌ ഇപ്പോൾ കിട്ടുന്നത്‌. 
ആത്മാർഥമായി പരിശ്രമിച്ചാൽ നിങ്ങളുടെ സംരംഭവും വിജയിക്കും. കരിവെള്ളൂരിൽ ഒരു ചെറിയനിലയിൽ തുടങ്ങിയ എന്റെ സംരംഭം നാൽപ്പത്‌ പേർക്ക്‌ തൊഴിൽ നൽകുന്ന സ്ഥാപനമായി വളർന്നത്‌ അങ്ങനെയാണ്‌.’’–- ജില്ലാ പഞ്ചായത്ത്‌ സംഘടിപ്പിച്ച ഇൻവെസ്‌റ്റേഴ്‌സ്‌ ഡെസ്‌ക്‌ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു എലഗന്റ്‌ ഇന്റീരിയർ മോഡുലാർ കിച്ചൺ സംരംഭകൻ രഞ്‌ജിത്ത്‌. 
 വൈവിധ്യമാർന്ന സംരംഭങ്ങൾ തുടങ്ങി വിജയത്തിലെത്തിയ സംരംഭകരാണ്‌ മുഖാമുഖത്തിൽ  അനുഭവം പങ്കുവച്ചത്‌. സംരംഭം തുടങ്ങാനായി   ജില്ലാ പഞ്ചായത്ത്‌  ഇൻവെസ്‌റ്റേഴ്‌സ്‌ ഡെസ്‌കിൽ പേര്‌ രജിസ്‌റ്റർ ചെയ്‌തവർക്ക്‌ നിർദേശം നൽകാനും അവരുടെ പ്രശ്‌നങ്ങൾ പറയാനുമുള്ള വേദിയായാണ്‌ മുഖാമുഖം ഒരുക്കിയത്‌. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നമേഖല, പദ്ധതി റിപ്പോർട്ട്‌ തയ്യാറാക്കൽ, വായ്‌പാസംബന്ധമായ സംശയങ്ങൾ തുടങ്ങിയവയെല്ലാം  ചർച്ച ചെയ്‌തു. സംരംഭം തുടങ്ങാൻ  ലൈസൻസുകൾ, ക്ലിയറൻസുകൾ ലഭ്യമാക്കൽ, പുതിയ പദ്ധതികൾ തെരഞ്ഞെടുക്കൽ, അതിന്റെ വിജയസാധ്യത തുടങ്ങിയ കാര്യങ്ങളിൽ  നിർദേശങ്ങളും നൽകി.
 ജില്ലയിലെ മികച്ച അഞ്ച് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ മുൻകൈയെടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ പറഞ്ഞു. പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിന്‌  പ്രത്യേക പ്രൊജക്ട് റിപ്പോർട്ട് ബുക്ക് പുറത്തിറക്കുമെന്നും  അവർ പറഞ്ഞു. പദ്ധതിയെക്കുറിച്ച് പ്രാഥമിക പഠനംപോലുമില്ലാത്തതിനാലാണ് വായ്പാ അപേക്ഷകൾ കൂടുതലായും തള്ളിപ്പോകുന്നതെന്നും ജില്ലാ ലീഡ് ബാങ്ക് ഡിവിഷണൽ മാനേജർ ടി എം രാജ്കുമാർ പറഞ്ഞു. മൈസോൺ എംഡി കെ സുഭാഷ് മോഡറേറ്ററായി.
 സംരംഭകരായ കരിവെള്ളൂരിലെ കെ രഞ്ജിത്ത്, പി പി ഷിജിന, വിനേഷ് കുമാർ, എം അബ്ദുള്ള, പി ബിജു, എൻ രാജേഷ് എന്നിവരെ കലക്ടർ എസ്‌ ചന്ദ്രശേഖർ ആദരിച്ചു.   ജില്ലാ വ്യവസായ കേന്ദ്രം മാനേജർ പി വി അബ്ദുൽറാജിബ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ പി വി രവീന്ദ്രകുമാർ,  ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ യു പി ശോഭ, ജില്ലാ പഞ്ചായത്ത് അംഗം എൻ പി ശ്രീധരൻ, സെക്രട്ടറി ഇൻ ചാർജ് ഇ എൻ സതീഷ് ബാബു എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top