20 April Saturday

22 സ്‌കൂളുകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

മയ്യിൽ ഐഎംഎൻഎസ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിച്ച കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച മന്ത്രി എം വി ഗോവിന്ദൻ മഴമാപിനി നോക്കുന്നു

കണ്ണൂർ
ജില്ലയിൽ ഇനി സ്‌കൂൾ കുട്ടികൾക്ക് കാലാവസ്ഥ നിരീക്ഷിക്കാം. ഗവേഷണ പഠനത്തിന്റെ സാധ്യത തുറന്ന് ജില്ലയിലെ തെരഞ്ഞെടുത്ത 22 സ്‌കൂളുകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ മന്ത്രി എം വി ഗോവിന്ദൻ  നിർവഹിച്ചു.
ജ്യോഗ്രഫി പഠനവിഷയമുള്ള ജില്ലയിലെ ഹയർസെക്കൻഡറി സ്‌കൂളുകളിലാണ് സമഗ്രശിക്ഷാ കേരളം വെതർ സ്റ്റേഷൻ ആരംഭിക്കുന്നത്. കാലാവസ്ഥ വ്യതിയാനം, പ്രകൃതി ദുരന്തങ്ങളുടെ സാധ്യത എന്നിവ നിരീക്ഷിക്കാനും പഠിക്കാനും  അവസരമുണ്ടാക്കുകയാണ് ലക്ഷ്യം. ഇതിലൂടെ പാഠപുസ്തകങ്ങളിൽനിന്നുള്ള അറിവിനപ്പുറം കാലാവസ്ഥ നേരിട്ട്  നിരീക്ഷിച്ച് പഠിക്കുന്നതിന്റെ ഗുണം കുട്ടികൾക്ക് ലഭ്യമാകും. 
അതത് സ്‌കൂളുകളാണ് കാലാവസ്ഥാ സ്റ്റേഷന് വേണ്ട ഉപകരണങ്ങൾ വാങ്ങി സജ്ജീകരിക്കേണ്ടത്. സമഗ്ര ശിക്ഷാ കേരളത്തിന്റെ മേൽനോട്ടത്തിലാണ്‌ ഇവ പ്രവർത്തിക്കുക.  
മഴയുടെ തോത് അളക്കാൻ ഉപയോഗിക്കുന്ന മഴമാപിനി, കാറ്റിന്റെ തീവ്രത അളക്കുന്നതിന്  കപ്പ് കൗണ്ടർ, അനിമോമീറ്റർ, കാറ്റിന്റെ ദിശ മനസ്സിലാക്കാൻ വിൻഡ് വെയിൻ, അന്തരീക്ഷത്തിലെ ആർദ്രത അളക്കാൻ വെറ്റ് ആൻഡ് ഡ്രൈ ബൾബ് തെർമോമീറ്റർ, രണ്ടു സമയങ്ങൾക്ക് ഇടയിലുള്ള കൂടിയതും കുറഞ്ഞതുമായ താപനില രേഖപ്പെടുത്തുന്നതിന് സിക്‌സിന്റെ മാക്‌സിമം മിനിമം തെർമോമീറ്റർ, നിരീക്ഷണ കേന്ദ്രത്തിൽ പ്രത്യേകം സജ്ജമാക്കിയ സ്റ്റീവൻ സൺസ്‌ക്രീൻ ഉൾപ്പടെ  ഇന്ത്യൻ മെട്രോളോജിക്കൽ വകുപ്പ് ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് ഓരോ കാലാവസ്ഥാ കേന്ദ്രങ്ങളിലും സജ്ജീകരിക്കുന്നത്. സ്‌കൂളുകളിൽ കുട്ടികൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി നിരീക്ഷണം രേഖപ്പെടുത്തും. ഇതിനായി അധ്യാപകർക്കും വിദ്യാർഥികൾക്കും ഈ മേഖലയിലെ വിദഗ്ധരുടെ നേതൃത്വത്തിൽ പരിശീലനം നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top