19 April Friday

രക്തസാക്ഷി സ്‌മരണയിൽ വിദ്യാർഥി സംഗമം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

എസ്‌എഫ്‌ഐ ദക്ഷിണേന്ത്യൻ ജാഥക്ക്‌ സംസ്ഥാനത്തെ ആദ്യ കേന്ദ്രമായ തലശേരിയിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്‌റ്റൻ വി പി സാനു, വൈസ്‌ ക്യാപ്‌റ്റൻ നിധീഷ്‌ നാരായണൻ എന്നിവരെ തുറന്ന വാഹനത്തിൽ ആനയിക്കുന്നു.

തലശേരി

അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തിൽ ജീവൻ ബലിയർപ്പിച്ച മുഹമ്മദ്‌ മുസ്‌തഫ രക്തസാക്ഷിത്വ ദിനത്തിൽ വിദ്യാഭ്യാസവും രാജ്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടത്തിനൊപ്പം പടയണിചേർന്ന്‌ ആയിരങ്ങൾ. സേവ്‌ എഡ്യൂക്കേഷൻ, സേവ്‌ കോൺസ്‌റ്റിറ്റ്യൂഷൻ, സേവ്‌ ഇന്ത്യ സന്ദേശവുമായെത്തിയ എസ്‌എഫ്‌ഐ ദക്ഷിണേന്ത്യൻ ജാഥയെ ആദ്യകലാലയ രക്തസാക്ഷി അഷറഫിന്റെ സ്‌മരണ തുടിക്കുന്ന മണ്ണ്‌ ആവേശപൂർവം സ്വീകരിച്ചു. കണ്ണൂരിലെ വിപ്ലവ വിദ്യാർഥി പ്രസ്ഥാനത്തിന്റെ കരുത്ത്‌ വിളംബരം ചെയ്യുന്നതായിരുന്നു ജാഥാസ്വീകരണം. 
തലശേരി നഗരസഭാ ഓഫീസിന്‌ മുന്നിൽനിന്ന്‌ തുറന്ന ജീപ്പിലാണ്‌ ജാഥാലീഡർ അഖിലേന്ത്യാപ്രസിഡന്റ്‌ വി പി സാനുവിനെയും വൈസ് ക്യാപ്‌റ്റൻ നിധീഷ്‌ നാരായണനെയും പൈതൃക നഗരി സ്വീകരിച്ചത്‌. ചെണ്ട–-നാസിക്‌ ബാന്റ്‌ മേളവും  മുത്തുക്കുടയും കളരിസംഘത്തിന്റെ അഭ്യാസവും തെയ്യവും വർണബലൂണുകളും മുത്തുക്കുടയുമായി  ഉത്സവാന്തരീക്ഷത്തിലായിരുന്നു വരവേൽപ്പ്‌. വേദിക്കരികെ സജ്ജമാക്കിയ മുഹമ്മദ്‌ മുസ്‌തഫ സ്‌മൃതിമണ്ഡപത്തിൽ ജാഥാംഗങ്ങളും നേതാക്കളും പൂക്കളർപ്പിച്ചു. എസ്‌എഫ്‌ഐ കൂത്തുപറമ്പ്‌ ഏരിയാകമ്മിറ്റി തയാറാക്കിയ  കൂത്തുപറമ്പ്‌ രക്തസാക്ഷി സ്‌മാരകത്തിന്റെ മാതൃക ജാഥാലീഡർക്ക്‌  രക്തസാക്ഷി കെ വി റോഷന്റെ അമ്മ നാരായണി നൽകി. 
 ധീരരക്തസാക്ഷികളായ കെ വി സുധീഷ്‌, കെ വി റോഷൻ എന്നിവരുടെ കുടുംബാംഗങ്ങളുടെ സാന്നിധ്യവും ഓർമയും സ്വീകരണത്തിന്‌ ആവേശം പകർന്നു. പോരാട്ട പാതയിൽ രക്തസാക്ഷികളായ കണ്ണൂരിന്റെ ധീരയൗവനങ്ങളുടെ സ്‌മരണ ഉണർത്തിയ സംഗീതശിൽപ്പത്തോടെയാണ്‌ സ്വീകരണസമ്മേളനം തുടങ്ങിയത്‌. അഷറഫ്‌ മുതൽ ധീരജ്‌ രാജേന്ദ്രൻവരെയുള്ള പ്രിയസഖാക്കളെ അനുസ്‌മരിക്കുന്നതായിരുന്നു പിലാത്തറ ലാസ്യ കോളേജ്‌ വിദ്യാർഥികൾ അവതരിപ്പിച്ച സംഗീതശിൽപ്പം. എ വി രഞ്ജിത്ത്‌ പയ്യന്നൂർ രചിച്ച വിപ്ലവഗാനത്തിനൊപ്പം ലാസ്യയിലെ കലാകാരികൾ ചുവടുവച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top