24 April Wednesday

അഴകായ്‌ വിരിഞ്ഞു പെൺമയുടെ സ്വപ്‌നം

ജസ്‌ന ജയരാജ്‌Updated: Tuesday May 17, 2022

‘മേറാകി’ കുർത്തി യൂണിറ്റ്

കണ്ണൂർ
‘മേറാകി’ ഒരു സ്വപ്‌നമായിരുന്നു. തയ്യൽമാത്രം അറിയാവുന്ന ഒരുകൂട്ടം വീട്ടമ്മമാർ കണ്ട സ്വപ്‌നം. കൂത്തുപറമ്പിൽനിന്നുയർന്ന്‌ കേരളത്തിലങ്ങോളമിങ്ങോളം പറന്നുനടക്കുന്ന ആ സ്വപ്‌നത്തിനിന്ന്‌ ഏഴഴകാണ്‌. കുടുംബശ്രീ എന്ന കരുത്തുറ്റ പ്രസ്ഥാനത്തിനുകീഴിൽ വളർന്നുവന്ന ‘മേറാകി’ ബ്രാൻഡ്‌ കുർത്തി യൂണിറ്റ്‌ വിജയത്തിലേക്കുള്ള പടവുകൾ ചവിട്ടിക്കയറുകയാണ്‌. 
   വീട്ടിലിരുന്നും ഷോപ്പുകളിലും തയ്യൽജോലി ചെയ്‌തിരുന്ന വീട്ടമ്മമ്മാരുടെ കൂട്ടായ്‌മയിലാണ്‌ കുർത്തി നിർമാണ യൂണിറ്റ്‌ എന്ന ആശയം കുടുംബശ്രീ നടപ്പാക്കിയത്‌. തെരഞ്ഞെടുക്കപ്പെട്ട വീട്ടമ്മമാർക്ക്‌ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫാഷൻ ടെക്‌നോളജിയിൽ (നിഫ്‌റ്റ്‌) ഒരാഴ്‌ച നീണ്ട പരിശീലനം നൽകി. പുത്തൻ വസ്‌ത്ര സങ്കൽപ്പങ്ങൾക്കനുസരിച്ച്‌ രൂപകൽപ്പനയിലും നിർമാണത്തിലും പരീക്ഷണം നടത്താനുള്ള പ്രചോദനമായി നിഫ്‌റ്റിലെ പരിശീലനം. ഒരു വർഷംമുമ്പ്‌ കൂത്തുപറമ്പ്‌ മെരുവമ്പായിൽ ‘മേറാകി’ കുർത്തി യൂണിറ്റ്‌ തുടങ്ങി.  കൂത്തുപറമ്പ്‌ ബ്ലോക്കിൽ കുടുംബശ്രീ നടപ്പാക്കുന്ന സ്‌റ്റാർട്ടപ്‌ വില്ലേജ്‌ എന്റർപ്രണർഷിപ്പ്‌ പ്രോഗ്രാം എന്ന സംരംഭവികസന പദ്ധതിയുടെ ഭാഗമായാണ്‌ യൂണിറ്റ്‌ തുടങ്ങിയത്‌.
    ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള പ്രചോദനമാണ്‌ സംരംഭം തന്നതെന്ന്‌ ‘മേറാകി’ സെക്രട്ടറി പി കെ സുനിത പറഞ്ഞു.  ‘‘തനിച്ച്‌ തയ്യൽജോലി ചെയ്‌തിരുന്നവരാണ്‌ ഞങ്ങളെല്ലാവരും. ഒരു കൂട്ടായ്‌മയുടെ ഭാഗമായി ജോലിചെയ്യുമ്പോഴുണ്ടാവുന്ന നല്ല മാറ്റം ഞങ്ങൾ തിരിച്ചറിയുന്നുണ്ട്‌. ജോലി മെച്ചപ്പെടാനും ഇത്‌ സഹായിക്കുന്നുണ്ട്‌. മേറാകി ഒരു ബ്രാൻഡായി മാറിയതും അങ്ങനെയാണ്‌’’–- സുനിത പറയുന്നു.
   ഒരു വർഷത്തിനുള്ളിൽ ഓൺലൈൻ വിപണിയിൽ ആവശ്യക്കാർ ഏറെയുള്ള ബ്രാൻഡായി ‘മേറാകി’ മാറി. കുടുംബശ്രീയുടെ ഓൺലൈൺ വിപണനസംവിധാനമായ ‘കുടുംബശ്രീ ബാസാറി’ൽ ഈ കുർത്തികൾ ലഭ്യമാണ്‌. വിലക്കുറവാണ്‌ പ്രധാന സവിശേഷത. 150 മുതൽ രണ്ടായിരം രൂപവരെയുള്ള കുർത്തികളുണ്ട്‌. കോട്ടൺ, റയോൺ, ജൊർജെറ്റ്‌, ഷിഫോൺ തുടങ്ങി വ്യത്യസ്‌തയിനം തുണിത്തരങ്ങളിലുള്ള കുർത്തികളാണ്‌ ‘മേറാകി’ വിപണയിലെത്തിക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top