23 April Tuesday
എൽഡിഎഫ്‌ ഉപരോധം

എൽഡിഎഫ്‌ ഉപരോധംജനരോഷത്തിൽ കോർപറേഷൻ പ്രവർത്തനം സ്‌തംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023

എൽഡിഎഫ് നേതൃത്വത്തിൽ കണ്ണൂർ കോർപറേഷന് മുന്നിൽ സംഘടിപ്പിച്ച ഉപരോധ സമരം സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനംചെയ്യുന്നു

കണ്ണൂർ
കണ്ണൂർ കോർപറേഷന്റെ  ദുർഭരണത്തിനും അഴിമതിക്കുമെതിരെ  ജനരോഷം. കോർപറേഷൻ ഭരണാധികാരികളുടെ കെടുകാര്യസ്ഥതയ്‌ക്കും അനാസ്ഥയ്‌ക്കുമെതിരെ എൽഡിഎഫ്‌ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ  സംഘടിപ്പിച്ച കോർപറേഷൻ ഓഫീസ്‌ ഉപരോധത്തിൽ എല്ലാ വിഭാഗം ജനങ്ങളും പങ്കാളികളായി.  വ്യാഴം പുലർച്ചെ  തുടങ്ങിയ ഉപരോധത്തെ തുടർന്ന്‌ ഓഫീസ്‌ പ്രവർത്തനം സ്‌തംഭിച്ചു.  ജീവനക്കാർക്ക്‌  ഓഫീസിൽ പ്രവേശിക്കാനായില്ല.    
തകർന്ന്‌ പൊടിപരത്തുന്ന  റോഡുകൾ നന്നാക്കുക,  അഴിമതി അവസാനിപ്പിക്കുക, ചേലോറ ശ്‌മശാനം പണി പൂർത്തിയാക്കുക, ഏച്ചൂർ പാർക്ക്‌ ഉപയോഗയോഗ്യമാക്കുക,  വാരം ഫിഷ്‌ മാർക്കറ്റ്‌ പ്രവർത്തനം തുടങ്ങുക,   കക്കാട് പുഴ സൗന്ദര്യവൽക്കരണം  കാര്യക്ഷമമാക്കുക,  മഞ്ചപ്പാലത്ത്‌ പകരം ഗ്രൗണ്ടെന്ന ഉറപ്പ്‌ പാലിക്കുക, തെരുവുനായ ശല്യം  തടയുന്നതിന്‌ പദ്ധതി ആവിഷ്‌കരിക്കുക, ആറ്റടപ്പ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡയാലിസിസ് കേന്ദ്രം  പ്രവർത്തിപ്പിക്കുക,  സിറ്റി ഗ്യാസ്‌ പദ്ധതി യാഥാർഥ്യമാക്കുക, സിറ്റി ഗ്യാസിനായി പൊളിച്ചിട്ട റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുക, ഭിന്നശേഷിക്കാർക്കുള്ള സംയോജിത പുനരധിവാസ പദ്ധതിയും സിറ്റി റോഡ് പദ്ധതിയും ജവഹർ  സ്റ്റേഡിയം നവീകരണവും യാഥാർഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപരോധം. 
  സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ  കോർപറേഷനിൽ വികസനം  എന്നത് സ്വപ്‌നംമാത്രമാണെന്ന്‌  അദ്ദേഹം  പറഞ്ഞു.   ജവഹർ സ്റ്റേഡിയത്തെ മാലിന്യ നിക്ഷേപകേന്ദ്രമാക്കി മാറ്റി.  ചേലോറയിൽ വാഗ്ദാനംചെയ്ത ശ്മശാന നിർമാണത്തിന് നടപടി  സ്വീകരിച്ചില്ല. ഏറ്റവും കുറഞ്ഞ പദ്ധതിപ്പണം ചെലവഴിച്ച കോർപറേഷനാണ്‌ കണ്ണൂർ.
  എൽഡിഎഫ് കൗൺസിലർമാർക്ക്  വികസന പ്രവർത്തനം നടത്താൻ പണം അനുവദിക്കുന്നില്ല. എന്തെങ്കിലും കാര്യങ്ങൾക്കായി ഭരണസമിതിയെ സമീപിക്കുമ്പോൾ കൗൺസിലർമാരെ പരിഹസിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. കോർപ്പറേഷൻ പരിധിയിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയ  രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയെ പോലും അവഗണിക്കുകയാണെന്നും എം വി ജയരാജൻ പറഞ്ഞു.
സി രവീന്ദ്രൻ അധ്യക്ഷനായി. എൽഡിഎഫ് ജില്ലാ കൺവീനർ എൻ ചന്ദ്രൻ,  കെ പി സഹദേവൻ,  എം പ്രകാശൻ,  പി പുരുഷോത്തമൻ,  കെ പി സുധാകരൻ, ഘടകകക്ഷി  നേതാക്കളായ കെ പി പ്രശാന്തൻ, എം ഉണ്ണിക്കൃഷ്ണൻ, എം പി മുരളി,  ജമാലുദ്ധീൻ എന്നിവർ സംസാരിച്ചു.
 എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എൻ സുകന്യ, കൗൺസിലർമാരായ ടി രവീന്ദ്രൻ, എൻ ഉഷ, കെ വി അനിത, ധനേഷ് മോഹൻ എന്നിവർ ഉപരോധത്തിന്‌ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top