26 April Friday
അഭിമാനമുദ്രയായി കണ്ണൂർ വിമാനത്താവളം

രാജ്യാന്തര കാർഗോ സർവീസ്‌ 
വിസ്‌മയ നേട്ടം

രാഗേഷ്‌ കായലൂർUpdated: Saturday Oct 16, 2021
കണ്ണൂർ
എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയിൽ പിറവിയെടുത്ത കണ്ണൂർ വിമാനത്താവളം നേട്ടത്തിന്റെ നെറുകയിൽ. കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് കണ്ണൂരിന്റെ സ്വപ്നപദ്ധതി മുന്നേറുകയാണ്‌. പ്രവർത്തനം തുടങ്ങി മൂന്നു വർഷത്തിനിടെ  അന്താരാഷ്ട്ര വിമാനത്താവളത്തിനാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാണ് ലോക വ്യോമയാന ഭൂപടത്തിൽ കണ്ണൂർ ഇടംനേടുന്നത്. അന്താരാഷ്ട്ര വിമാനത്താവള കമ്പനിയായ കിയാലിന്റെയും സംസ്ഥാന സർക്കാരിന്റെയും വലിയ നേട്ടമാണിത്‌. 
 ആഭ്യന്തര ചരക്കുനീക്കം ആരംഭിച്ച്‌ ഏഴു മാസത്തിനകം രാജ്യാന്തര ചരക്കുനീക്കവും തുടങ്ങാനായത്‌ സമാനകളില്ലാത്ത നേട്ടമായി വിലയിരുത്തപ്പെടുന്നു.  എയർപോർട്ട് അതോറിറ്റി കണക്കെടുപ്പിൽ കൂടുതൽപേർ വിദേശയാത്ര ചെയ്യുന്ന  രാജ്യത്തെ ഒമ്പതാമത്തെ വിമാനത്താവളമായി കണ്ണൂർ മാറി. 
    വലുപ്പത്തിൽ കേരളത്തിലെ ഒന്നാമത്തേതും രാജ്യത്തെ അഞ്ചാമത്തേതും വിമാനത്താവളമായി കണ്ണൂരിനെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് നിർമാണം തുടങ്ങിയത്. 4000 മീറ്റർ റൺവേയുള്ള  വിമാനത്താവളമാണ്‌ ആസൂത്രണം ചെയ്‌തത്‌. നാലായിരത്തിൽനിന്ന് മൂവായിരത്തിലേക്ക് റൺവേ വെട്ടിച്ചുരുക്കാനുള്ള യുഡിഎഫ് സർക്കാർ  തീരുമാനം വിമാനത്താവള പദ്ധതിയെ ഉലച്ചു. എന്നാൽ   4000 മീറ്റർ റൺവേ എന്ന ലക്ഷ്യത്തിനായി ഭൂമിയേറ്റെടുക്കൽ നടപടിയുമായി മുന്നോട്ടു പോകാൻ  പിണറായി സർക്കാർ തീരുമാനിച്ചത്  വികസനത്തിന് വേഗം കൂട്ടും.
വിദേശ വിമാനങ്ങളെ 
മുടക്കി കേന്ദ്രം
കേന്ദ്രസർക്കാരിന്‌ കോർപ്പറേറ്റുകൾക്ക് കൈമാറാനാകാത്ത വിമാനത്താവളമാണ് കണ്ണൂരിലേത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയെക്കാൾ സംസ്ഥാന സർക്കാരിന് ഓഹരിയുള്ള പൊതുസ്വത്ത്. അടിസ്ഥാന സൗകര്യങ്ങളെല്ലാമുണ്ടായിട്ടും കണ്ണൂരിലേക്കുള്ള  വിദേശ വിമാന സർവീസിന് അനുമതി ലഭിക്കാത്തതിന്‌ പിന്നിൽ  ഇതും കാരണമായിരിക്കണം. കോവിഡ് പ്രതിസന്ധിയിൽ ഗൾഫ് രാജ്യങ്ങളിലെ എല്ലാ വലിയ വിമാനങ്ങളും കണ്ണൂരിലിറങ്ങിയിരുന്നു. സംസ്ഥാന സർക്കാരും കിയാലും വിദേശ വിമാനക്കമ്പനികളുടെ സർവീസിന് അനുമതി തേടി നിരന്തരം കേന്ദ്ര വ്യോമയാനവകുപ്പിനെ സമീപിച്ചിട്ടും അനുകൂല തീരുമാനമുണ്ടായില്ല. പ്രവർത്തനം തുടങ്ങി ചെറിയ കാലത്തിനുള്ളിൽ  ആഭ്യന്തര,- രാജ്യാന്തര നിയമങ്ങളെല്ലാം പാലിച്ച്  എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുഴുവൻ അനുമതിയും കിയാലിന് നേടാനായി.  വിദേശ വിമാനക്കമ്പനികളുടെ സർവീസിനും അനുമതിയാവുന്നതോടെ കണ്ണൂർ വിമാനത്താവളം കേരളത്തിന്റെ പാസഞ്ചർ - കാർഗോ ഹബ്ബാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top