29 March Friday

3 ആശുപത്രികൾ സൂപ്പറാകുന്നു

വെബ് ഡെസ്‌ക്‌Updated: Friday Oct 16, 2020
കണ്ണൂർ
ജില്ലയിലെ മൂന്ന് ആശുപത്രികൾക്കുൾപ്പെടെ സംസ്ഥാനത്തെ ആറ്‌ ആശുപത്രികളുടെ സമഗ്ര വികസനത്തിന്‌ നബാർഡിന്റെ സഹായത്തോടെ 74.45 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.  പിണറായി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ(19.75 കോടി), ആറളം കീഴ്പ്പള്ളി സാമൂഹ്യാരോഗ്യ കേന്ദ്രം(11.40 കോടി),  ഇരിക്കൂർ സാമൂഹ്യാരോഗ്യ കേന്ദ്രം(11.30 കോടി) എന്നിവയാണ്‌ ജില്ലയിൽ ഏറ്റെടുത്തത്‌. ഈ ആശുപത്രികളുടെ  വികസനത്തിൽ വലിയ മാറ്റമുണ്ടാക്കാൻ ഇതിലൂടെ സാധിക്കുമെന്ന്‌ മന്ത്രി പറഞ്ഞു. സാങ്കേതികാനുമതിയ്ക്കും ടെൻഡറിനുശേഷം വേഗത്തിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. 
പിണറായി ആശുപത്രിയിലെ സ്പെഷ്യാലിറ്റി സെന്റർ നിർമാണത്തിനാണ് തുക അനുവദിച്ചത്.  പിണറായി സാമൂഹ്യാരോഗ്യ കേന്ദ്രം സ്പെഷ്യാലിറ്റി ഹോസ്പിറ്റലായി സർക്കാർ നേരത്തേ ഉയർത്തിയിരുന്നു. അഞ്ചു നിലകളുള്ള ആശുപത്രി കെട്ടിടമാണ് നിർമിക്കുന്നത്. അത്യാഹിത വിഭാഗം, ഒപി, വാർഡ്, ഐസിയുകൾ, എസ്ടിപി, ജനറൽ സ്റ്റോർ, ഫാർമസി സ്റ്റോർ, കാർ പാർക്കിങ്‌, ഡയാലിസിസ് യൂണിറ്റ്, എക്സ്‌റേ യൂണിറ്റ്, സ്‌കാനിങ്‌ സെന്റർ എന്നിവ സജ്ജമാക്കും. കാർഡിയാക്, ക്യാൻസർ, ടിബി  വിഭാഗം രോഗികൾക്ക് പ്രത്യേക സൗകര്യങ്ങളുമുണ്ടാകും.
കീഴ്പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തെ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ആധുനിക സൗകര്യങ്ങളുള്ള ആശുപത്രി കെട്ടിടത്തിന്റെ നിർമാണത്തിനാണ് തുക. 
മൂന്നു നിലകളുള്ള കെട്ടിടമാണ് നിർമിക്കുന്നത്. ഒപി വിഭാഗം, വെയിറ്റിങ്‌ ഏരിയ, പ്രീ ചെക്കപ്പ് റൂം, ലബോറട്ടറി, നേഴ്സസ് സ്റ്റേഷൻ, ഫാർമസി, മെഡിസിൻ സ്റ്റോർ, ഫീഡിങ്‌ റൂം, ഇൻജക്‌ഷൻ റൂം, ഒബ്സർബേഷൻ റൂം, കൗൺസലിങ്‌ റൂം തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. 
ഇരിക്കൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ അഞ്ചുനിലകളുള്ള കെട്ടിടം നിർമിക്കുന്നതിനാണ് തുക അനുവദിച്ചത്. അത്യാഹിത വിഭാഗം, കൺസൾട്ടേഷൻ റൂം, ഡയാലിസിസ് യൂണിറ്റ്, ലേബർ റൂം, വാർഡുകൾ, ഓപ്പറേഷൻ തിയേറ്റർ, എൻഐസിയു, എക്സ്റേ, ഫാർമസി തുടങ്ങിവയുണ്ടാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top