പയ്യന്നൂർ
ദേശീയപാതയിൽ വെള്ളൂർ ബാങ്ക് സ്റ്റോപ്പിൽ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് സർവകക്ഷി ആക്‌ഷൻ കമ്മിറ്റി നേതൃത്വത്തിൽ കഴിഞ്ഞ 85 ദിവസങ്ങളായി നടന്നുവരുന്ന സമരം ഫലം കണ്ടു. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർദേശിച്ചതനുസരിച്ച് പ്രദേശത്ത് അടിപ്പാത നിർമിക്കാനുള്ള പ്രായോഗിക ബദൽ സാധ്യതകൾ പരിശോധിക്കാനായി ദേശീയപാത അതോറിറ്റി റീജണൽ ഓഫീസറുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ഇതിന്റെ തുടർച്ചയായി വ്യാഴം രാവിലെയോടെ സ്വതന്ത്ര എൻജിനിയർ ജെ എസ് തിവാരിയുടെ നേതൃത്വത്തിൽ റസിഡന്റ് എൻജിനിയർ മനോജ് കുമാർ, മേഘ കൺസ്ട്രക്ഷൻസ് ജനറൽ മാനേജർ എ മുരളി, മന്ത്രിയുടെ ഓഫീസ് പ്രതിനിധി മുഹമ്മദ് മുന്നാസ് എന്നിവർ സ്ഥലം സന്ദർശിച്ചു. ടി ഐ മധുസൂദനൻ എംഎൽഎ, ആക്‌ഷൻ കമ്മിറ്റി ചെയർമാൻ സി കൃഷ്‌ണൻ, ജനറൽ കൺവീനർ കെ വി സുധാകരൻ, മറ്റ് ഭാരവാഹികൾ എന്നിവരുമായി സമരപന്തലിൽ ചർച്ച നടത്തി. ബാങ്ക് സ്റ്റോപ്പിൽ അഞ്ച് മീറ്റർ വീതിയിലും രണ്ടര മീറ്റർ ഉയരത്തിലും അടിപ്പാത നിർമിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഇവർ ഉറപ്പ് നൽകി.
വലിയ വാഹനങ്ങൾക്ക് കടന്ന് പോകാനാവില്ലെങ്കിലും ചെറുവാഹനങ്ങൾക്ക് കടന്നുപോകാനാവും. വെള്ളൂർ ബാങ്ക് പരിസരത്തുനിന്നും ഇരുഭാഗത്തേക്കുമുള്ള 100 മീറ്ററിനുള്ളിലാണ് നിലവിൽ അടിപ്പാതക്കായി സ്ഥല നിർണയം നടത്തിയിട്ടുള്ളത്.
ദേശീയ പാത 66 വികസനത്തിന്റെ ഭാഗമായി തുടക്കത്തിൽ വെള്ളൂരിൽ അടിപ്പാത നിർമിക്കുമെന്നതിന് നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞിരുന്നു. എന്നാൽ സാങ്കേതിക തടസ്സങ്ങൾ ചൂണ്ടിക്കാട്ടി അടിപ്പാത നിർമാണത്തിൽനിന്നും ദേശീയപാത അധികൃതർ പിന്നോട്ട് പോയി. തുടർന്നാണ് നാട്ടുകാരുടെ നേതൃത്വത്തിൽ സർവകക്ഷി ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ച് സമരം തുടങ്ങിയത്. ഉദ്യോഗസ്ഥരുടെ ഉറപ്പ് ലഭിച്ചതോടെ വെള്ളൂരിൽ നടന്നുവന്ന സമരം അവസാനിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..