12 July Saturday

മിക്‌സികൾ മുരണ്ടു; 
അമ്മിക്കല്ലുകൾ 
അടുക്കളയൊഴിഞ്ഞു

എൻ കെ സുജിലേഷ്‌Updated: Saturday Sep 16, 2023
കണ്ണൂർ
അമ്മിയിലരച്ച ചമ്മന്തിയുടെ സ്വാദ്‌... പഴമക്കാർ എക്കാലവും അയവിറക്കുന്ന രുചിക്കൂട്ടൊരുക്കിയ അമ്മിക്കല്ല്‌ പുതിയ തലമുറയ്‌ക്ക്‌ വലിയ പരിചയം കാണില്ല. അരപ്പുയന്ത്രങ്ങളും മസാലപ്പൊടി പാക്കറ്റുകളും അടുക്കളയിൽ സർവാധിപത്യംനേടിയതോടെയാണ്‌ അമ്മിക്കല്ലുകളുടെ പീഡനകാലത്തിന്‌ അറുതിയായത്‌. 
ഇന്ന്‌ മിക്‌സിയും ഗ്രൈൻഡറും അടക്കിവാഴുന്ന അടുക്കളകളിലെ അനിഷേധ്യ സാന്നിധ്യമായിരുന്നു ഒരുകാലത്ത്‌ അമ്മിക്കല്ലുകളും 
ആട്ടുകല്ലുകളും. അമ്മിക്കല്ല് ദീർഘചതുരാകൃതിയിലും ആട്ടുകല്ല് വൃത്താകൃതിയിൽ  നടുക്കു കുഴിയുള്ള രൂപത്തിലുമാണ്. കരിങ്കല്ലിലാണ്‌ ഇവ കൊത്തിയെടുക്കുന്നത്‌. അരയ്ക്കാനുപയോഗിക്കുന്ന നീണ്ടുരുണ്ട കല്ലാണു കുഴവി (കുട്ടി). ഇതിനു പിള്ളക്കല്ല്, അമ്മിപ്പിള്ള എന്നും പേരുണ്ട്. അമ്മിക്കല്ലും കുഴവിയുടെയും ഉപയോഗത്തിന്‌ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. അമ്മികൾ എല്ലാ വീടുകളിലെയും നിത്യോപയോഗ വസ്‌തുവായപ്പോൾ കൂടുതൽ അംഗങ്ങളുള്ള വീടുകളിലാണ്‌ ആട്ടുകല്ലുകൾ  സ്ഥാനംപിടിച്ചത്‌. അടുക്കളകളിൽ അമ്മിക്കല്ലിന്റെ സ്ഥാനം ആദ്യകാലങ്ങളിൽ നിലത്തും പിന്നീട്‌ കല്ലുകൊണ്ടുയർത്തിക്കെട്ടി കോൺക്രീറ്റിട്ട തറയിലേക്ക്‌ മാറി. 
ഇതരസംസ്ഥാനങ്ങളിൽനിന്നും പാലക്കാടിന്റെയും മറ്റും അതിർത്തി പ്രദേശങ്ങളിൽനിന്നുമായിരുന്നു ജില്ലയിൽ അമ്മിക്കല്ലുകൾ എത്തിയിരുന്നത്‌. കണ്ണൂരിൽ കരിങ്കൽകുഴിയടക്കമുള്ള പ്രദേശങ്ങളിലും അമ്മിക്കല്ലുകൾ നിർമിച്ചിരുന്നു. അമ്മികൾ കൊത്തി അരംപിടിപ്പിക്കാൻ അയൽസംസ്ഥാനങ്ങളിൽനിന്ന്‌ തൊഴിലാളികളുമെത്തി.  അമ്മികൊത്താനുണ്ടോയെന്ന്‌  പ്രത്യേകതാളത്തിൽ ചോദിച്ച്‌  ഇവർ ഗ്രാമങ്ങളിൽനിന്നും ഗ്രാമങ്ങളിലേക്ക്‌ നടന്നുനീങ്ങി. 
വിവാഹവീടുകളിൽ അടുത്ത വീടുകളിൽനിന്നും അമ്മികളെത്തിച്ചാണ്‌  സദ്യവട്ടങ്ങൾക്കുള്ള അരവുകൾ തയ്യാറാക്കിയിരുന്നത്‌. കൂട്ടംചേർന്ന്‌ പാട്ടുപാടി സ്‌ത്രീകൾ അരക്കുന്നത്‌ പണ്ടുകാലത്ത്‌ വിവാഹവീടുകളിലെ പതിവുകാഴ്‌ചയാണ്‌. പട്ടണങ്ങളിലെ അരവുകേന്ദ്രങ്ങളിൽനിന്നാണ്‌ ഇന്ന്‌ സദ്യവട്ടങ്ങൾക്കാവശ്യമായ അരവുകളെത്തുന്നത്‌. അരവ്‌ മിക്‌സിയിലേക്ക്‌ മാറിയെങ്കിലും പല വീടുകളിലും അടുക്കളകളിലെ മൂലകളിൽ അമ്മിക്കല്ലുകൾ വിശ്രമജീവിതം നയിക്കുകയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top