കണ്ണൂർ
അമ്മയിൽനിന്ന് കോവിഡ് ബാധിച്ച് ആശുപത്രിയിലെത്തുമ്പോൾ അവൾ ജനിച്ചിട്ട് നാലുദിവസമേ ആയിരുന്നുള്ളൂ. അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിൽ 11 ദിവസത്തെ പരിചരണത്തിന്‌ശേഷം കോവിഡ് മുക്തയായി കുഞ്ഞ് വീട്ടിലേക്ക് മടങ്ങി.
പ്രസവശേഷം വീട്ടിലെത്തിയ അമ്മയ്ക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിക്കുകയായിരുന്നു. തുടർന്ന് അമ്മയെയും കുഞ്ഞിനെയും അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊട്ടടുത്ത ദിവസം കുഞ്ഞിനും രോഗബാധ സ്ഥിരീകരിച്ചു.
മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ കോവിഡ് ബാധിച്ച് മുമ്പും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന് ആദ്യമായാണ് ചികിത്സ നൽകിയതെന്ന് നോഡൽ ഓഫീസർ ഡോ. സി അജിത്ത്കുമാർ പറഞ്ഞു. ശിശുരോഗ വിദഗ്ദ്ധരായ ഡോ. കെ വി രതീഷും ഡോ. കെ ജി കിരണും കുഞ്ഞിന് ആവശ്യമായ എല്ലാ പരിചരണവും ഉറപ്പുവരുത്തി.
നിയോനാറ്റൽ പൾസ് ഓക്സി മീറ്റർ, ചൂട് നൽകുന്നതിനായുള്ള വാർമർ എന്നിവ മറ്റ് ആശുപത്രികളിൽനിന്ന് എത്തിച്ചു. കുഞ്ഞിനെ അമ്മയിൽനിന്ന് വേർപ്പെടുത്താതെയായിരുന്നു ചികിത്സ. തുടർന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലും ആർടിപിസിആർ ടെസ്റ്റിലും കുഞ്ഞ് കൊവിഡ് നെഗറ്റീവ് ആണെന്ന് കണ്ടെത്തി. കുഞ്ഞിനൊപ്പം അമ്മയും നെഗറ്റീവായതോടെ ഇരുവരും വീട്ടിലേക്ക് മടങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..