24 April Wednesday

അതിതീവ്ര മഴ 
ജില്ലയിൽ ജാഗ്രതാ നിർദേശം

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022
കണ്ണൂർ
കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് അതിതീവ്ര മഴ പ്രവചിച്ച സാഹചര്യത്തിൽ കലക്ടറുടെ അധ്യക്ഷതയിൽ ജില്ലാ ദുരന്തനിവാരണ സമിതി യോഗം ചേർന്ന്‌ മുന്നൊരുക്കം അവലോകനം ചെയ്തു. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പ്രത്യേകം ജാഗ്രത പാലിക്കാൻ തഹസിൽദാർമാർക്ക് കലക്ടർ എസ് ചന്ദ്രശേഖർ നിർദേശം നൽകി. 
ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ നിരീക്ഷിച്ച് പരിശോധന നടത്താൻ  നിർദേശിച്ചു. ശനി രാത്രി  എല്ലാ താലൂക്കിലും കൺട്രോൾ റൂം തുറന്നു. ഇവ 24 മണിക്കൂറും പ്രവർത്തിക്കും. ഉരുൾപൊട്ടൽ സാധ്യതയുള്ള ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകൾ, കടൽക്ഷോഭ സാധ്യതയുള്ള കണ്ണൂർ, തലശേരി, പയ്യന്നൂർ താലൂക്കുകളിലെ പ്രദേശങ്ങളിൽ  പ്രത്യേക ജാഗ്രത പാലിക്കും. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കണം. 
ജില്ലയിലെ 10 ഫയർ ആൻഡ്‌ റസ്‌ക്യു സ്‌റ്റേഷനുകളും സുസജ്ജമാണ്‌.  ഉത്സവം നടക്കുന്ന കൊട്ടിയൂർ മേഖല സുരക്ഷിതമാണ്.  മുൻ വർഷങ്ങളിൽ ഉരുൾപൊട്ടൽ-, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിലുള്ളവർ  ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും  തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽകണ്ട്‌  തയ്യാറെടുപ്പുകൾ പൂർത്തീകരിക്കണം.  ഓൺലൈനായി ചേർന്ന യോഗത്തിൽ എഡിഎം കെ കെ ദിവാകരൻ, വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. 
ഇന്ന്‌  റെഡ് അലർട്ട്‌
 അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ ജില്ലയിൽ തിങ്കളാഴ്‌ച റെഡ് അലർട്ട്‌ പ്രഖ്യാപിച്ചു. ചൊവ്വാഴ്‌ച യെല്ലോ അലർട്ടും.
കൺട്രോൾ റൂമുകൾ 
തുറന്നു
അതിതീവ്ര മഴ പ്രവചിച്ച സാഹചര്യത്തിൽ കലക്ടറേറ്റിലും  താലൂക്കുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ഫോൺ: കലക്ടറേറ്റ്‌ - 04972 700645, 9446682300. കണ്ണൂർ താലൂക്ക് 04972 704969, തലശേരി 0490 2343813, പയ്യന്നൂർ 04985 204460, ഇരിട്ടി 0490 2494910, തളിപ്പറമ്പ് 0460 2203142.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top