16 April Tuesday

മായാജാലം കണ്ട്‌, പാട്ടിലും 
കഥയിലും അലിഞ്ഞ്‌...

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022

ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ മാന്ത്രികൻ 
ഗോപിനാഥ് മുതുകാട് കവിത ആലപിച്ച ആര്യയ് ക്കൊപ്പം

കണ്ണൂർ
നിങ്ങൾക്ക്‌ കണ്ണുണ്ടോ...? മാന്ത്രികൻ ഗോപിനാഥ്‌ മുതുകാടിന്റെ ചോദ്യം. ‘‘ഉണ്ട്‌...’’ കുട്ടിക്കൂട്ടത്തിന്റെ ഉത്തരം വന്നു. കണ്ണെന്തിനാ...?  അടുത്ത ചോദ്യം വന്നു. കാണാൻ എന്ന്‌ ഉത്തരവും. എന്ത്‌ കാണാൻ എന്ന്‌ അടുത്ത ചോദ്യം....? കൃത്യമായി എന്തുത്തരം പറയണമെന്ന സംശയത്തിൽ കൊച്ചുകൂട്ടുകാർ പരസ്‌പരം നോക്കി. ‘കാണേണ്ടത്‌ കാണാൻ.....’. മുതുകാടിന്റെ ഉത്തരം കൊച്ചുകൂട്ടുകാർ ഒരേസ്വരത്തിൽ ഏറ്റുപറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ പുസ്‌തകമേള വേദിയിൽ ബാലാവകാശ കമീഷനും ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ടും ചേർന്ന്‌ സംഘടിപ്പിച്ച പരിപാടിയിലാണ്‌  കൊച്ചുകൂട്ടുകാരും മാജിക്‌ മാമനും സംവദിച്ചത്‌. 
ഒരു കൊച്ചു കുട്ടി എങ്ങനെ നല്ല മനുഷ്യനായിത്തീരുമെന്ന്‌ പാട്ടിലൂടെയും കഥയിലുടെയും മായാജാലത്തിലൂടെയും പറയുകയായിരുന്നു മുതുകാട്‌. ചിന്തകൾ വാക്കുകളാവുകയും വാക്കുകൾ പ്രവൃത്തികളാവുകയും പ്രവൃത്തികൾ ശീലങ്ങളാവുകയും ശീലങ്ങൾ സ്വഭാവമാവുകയും വേണം. സ്വഭാവമാണ്‌  ഭാവി തീരുമാനിക്കേണ്ടത്‌. അടുത്ത വീട്ടിലെ കുട്ടിയെ കണ്ടുപഠിക്കാൻ ആവശ്യപ്പെടുന്ന അച്ഛനമ്മമാരുടെ വാക്കുകൾ അല്ല, നിങ്ങൾ നിങ്ങളാവാനുള്ള ഉറച്ച തീരുമാനമാണ്‌ വേണ്ടതെന്ന്‌ മുതുകാട്‌ ഓർമിപ്പിച്ചു. കാഴ്‌ച പരിമിതിയുള്ള ആര്യ മുരുകൻ കാട്ടാക്കടയുടെ ‘രേണുക’ കവിത ചൊല്ലി. ജില്ലയിലെ ആയിരത്തിൽപരം ലൈബ്രറികളെ പ്രതിനിധീകരിച്ചെത്തിയ ബാലവേദികൂട്ടുകാരാണ്‌ പരിപാടിയിൽ പങ്കെടുത്തത്‌. 
ബാലാവകാശകമീഷൻ ചെയർമാൻ  കെ വി മനോജ്‌കുമാർ ഉദ്‌ഘാടനം ചെയ്‌തു.  ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഡയറക്ടർ പള്ളിയറ ശ്രീധരൻ അധ്യക്ഷനായി. 
ഡോ.വി ശിവദാസൻ എംപി, ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ, മനോജ്‌ കുമാർ പഴശ്ശി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top