26 April Friday

രുചിമാത്രം പോരാ, ഗുണവും 
ശുചിത്വവും വേണം

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022
കണ്ണൂർ 
ലോക്‌ഡൗൺ തീർത്ത പ്രതിസന്ധികളിൽ വീടുകളിൽ പിറന്നത്‌ പുതുരുചികളാണ്‌. യൂട്യൂബ്‌ കണ്ട്‌ കേക്കും പലഹാരങ്ങളും ഉണ്ടാക്കി താരങ്ങളായ വീട്ടമ്മമാരുടെ നിര തന്നെയുണ്ട്‌ നാട്ടിൽ.  നേരംപോക്കായല്ല, പാചകമികവിനെ വരുമാനമാർഗമാക്കി സംരംഭകരായവരുമുണ്ട്‌ കൂട്ടത്തിൽ. എന്നാൽ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ  പാലിക്കുന്നതിൽ മിക്കയിടങ്ങളിലും വീഴ്‌ചയുണ്ടെന്നാണ്‌ സുരക്ഷാവിഭാഗത്തിന്റെ കണ്ടെത്തൽ. 

രജിസ്‌ട്രേഷൻ നിർബന്ധം

2011ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമംപ്രകാരം ഭക്ഷ്യവസ്‌തുക്കൾ നിർമിക്കുന്നതിനും വിൽക്കുന്നതിനും ഭക്ഷ്യസുരക്ഷാ വകുപ്പ്‌ രജിസ്‌ട്രേഷൻ നിർബന്ധമാണ്‌. ഫുഡ്‌ സേഫ്‌റ്റി കംപ്ലയൻസ്‌ സിസ്‌റ്റം അഥവാ ഫോസ്‌കോസ്‌ വെബ്‌സൈറ്റുവഴി ഓൺലൈൻ അപേക്ഷ നൽകണം. 100 രൂപയാണ്‌ ഫീസ്‌. 500 രൂപ അടച്ച്‌ അഞ്ചുവർഷത്തേക്ക്‌ രജിസ്‌ട്രേഷൻ എടുക്കാം. അക്ഷയകേന്ദ്രങ്ങൾ വഴിയും അപേക്ഷിക്കാം. 12 ലക്ഷത്തിൽ കൂടുതൽ വിറ്റുവരവുള്ള സ്ഥാപനങ്ങൾ ലൈസൻസിനാണ്‌ അപേക്ഷിക്കേണ്ടത്‌. രജിസ്‌ട്രേഷൻ നമ്പർ  ഭക്ഷണസാധനത്തിന്റെ ലേബലിൽ പ്രദർശിപ്പിക്കണം. രജിസ്‌ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്നത്‌ ആറുമാസംവരെ തടവും അഞ്ചുലക്ഷം രൂപയും പിഴയും ലഭിക്കുന്ന കുറ്റമാണ്‌. 

അളവനുപാതം ചേരണം

ഭക്ഷണപദാർഥങ്ങളിൽ നിറത്തിനും രുചിക്കുമായി ചേർക്കുന്ന വസ്‌തുക്കളുടെ അളവ്‌, അനുപാതം എന്നിവ നിയമപ്രകാരമാവണം. ശുചിത്വവും പ്രധാനമാണ്‌. വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ചതിന്റെ രേഖയും വേണം. 

നിലവാരം നമ്മുടെ 
ഉത്തരവാദിത്വം

മൂന്നുവർഷത്തിലധികമായി കേക്ക്‌ നിർമിക്കുന്നു.  ലോക്‌ഡൗൺ കാലയളവിലാണ്‌ സംരംഭം കൂടുതൽ മെച്ചപ്പെട്ടത്‌. തുടങ്ങുമ്പോൾതന്നെ രജിസ്‌ട്രേഷൻ എടുത്തു. ജനങ്ങൾക്ക്‌ നൽകുന്ന ഭക്ഷണസാധനങ്ങളുടെ നിലവാരവും നമ്മൾ ഉറപ്പുവരുത്തണം.   
എൻ നിർമല, ഓവൻ ഫ്രഷ്‌ കേക്ക്‌സ്‌, ഇടക്കേപ്പുറം

രജിസ്ട്രേഷൻ  
അംഗീകാരമാണ്‌

ലോക്‌ഡൗൺ കാലത്ത്‌ തുടങ്ങിയ സംരംഭമാണ്‌. മോശമില്ലാതെ മുന്നോട്ടു പോവുന്നുണ്ട്‌. രജിസ്‌ട്രേഷൻ എടുക്കുന്നതിൽ വീഴ്‌ച വരുത്തിയിട്ടില്ല. ഇത്രയും പഠിച്ചും അധ്വാനിച്ചും നമ്മൾ ഉണ്ടാക്കുന്ന കേക്കിന്‌ അംഗീകാരം കിട്ടണമെങ്കിൽ രജിസ്‌ട്രേഷൻ വേണം.
 രേഷ്‌ണ ദിലീഷ്‌, റിതൂസ്‌ കേക്ക്‌, ഏമ്പേറ്റ്‌

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top