20 April Saturday
മലബാർ ക്യാൻസർ സെന്ററിൽ പിജി ഇൻസ‌്റ്റിറ്റ്യൂട്ട‌്

വികസന പദ്ധതികൾക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 15, 2020

 തലശേരി

മലബാർ ക്യാൻസർ സെന്ററിനെ പിജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ‌്  ഓങ്കോളജി സയൻസ‌് ആൻഡ്‌ റിസർച്ച‌് ആക്കി വികസിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികൾ  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനംചെയ‌്തു.  വീഡിയോ കോൺഫറൻസ‌ിലൂടെയുള്ള ചടങ്ങിൽ മന്ത്രി കെ കെ ശൈലജ അധ്യക്ഷയായി.  പൂർത്തിയാക്കിയ 50 കോടി രൂപയുടെ പദ്ധതികളുടെ ഉദ‌്ഘാടനവും 114 കോടി രൂപയുടെ വികസന പദ്ധതിയുടെ ശിലാസ്ഥാപനവുമാണ‌് മുഖ്യമന്ത്രി നിർവഹിച്ചത‌്.
പീഡിയാട്രിക് ഹെമറ്റോളജി  ആൻഡ്‌ ഓങ്കോളജി ബ്ലോക്ക്,  ന്യൂക്ലിയർ മെഡിസിൻ ആൻഡ്‌ റേഡിയോളജി എക്സ്റ്റൻഷൻ  ബ്ലോക്ക്, ക്ലിനിക്കൽ ലാബ് സർവീസസ് ആൻഡ്‌ ട്രാൻസ്ലേഷണൽ റിസർച്ച് ബ്ലോക്ക്, ഇന്റർവെൻഷണൽ  റേഡിയോളോജി  വിഭാഗം, കാന്റീൻ വിപുലീകരണം, 64 സ്ലൈസ് ഫ്ലൂറോ സിടി സ്കാൻ, സ്പെക്റ്റ് സി ടി സ്കാൻ എന്നിവയാണ‌് ഉദ‌്ഘാടനംചെയ‌്തത‌്. പുതിയ പദ്ധതികളായ  റേഡിയോ തെറാപ്പി ബ്ലോക്കിന്റെ വിപുലീകരണം, ഒപി ബ്ലോക്ക് നവീകരണം,  സ്റ്റുഡൻസ് ഹോസ്റ്റൽ എന്നിവക്കും ശിലയിട്ടു.
എ എൻ ഷംസീർ എംഎൽഎ, തലശേരി നഗരസഭ ചെയർമാൻ സി കെ രമേശൻ എന്നിവർ മുഖ്യാതിഥികളായി.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ വി സുമേഷ്, കെ ഇ ഗംഗാധരൻ എന്നിവർ സംസാരിച്ചു. ഡോ. സംഗീത കെ നായനാർ  റിപ്പോർട്ട് അവതരിപ്പിച്ചു. സെന്റർ ഡയറക്ടർ  ഡോ. സതീശൻ ബാലസുബ്രഹ്മണ്യം സ്വാഗതവും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എ കെ രാജേഷ് നന്ദിയും പറഞ്ഞു.
എംസിസിയുടെ വികസനവുമായി  സഹകരിക്കുന്ന കെ അച്യുതൻ (ആശ്രയ ചാരിറ്റബിൾ ട്രസ‌്റ്റ‌്), അബ്ദുറഹ്മാൻ (മലബാർ സിഎച്ച‌് സെന്റർ), ഫാ. കുര്യാക്കോസ‌് (ഡിപോൾ, തലശേരി), മുഹമ്മദ‌് അജ‌്മൽ (അഭയ ഫൗണ്ടേഷൻ), അൻവർ സാദത്ത‌് (തണൽ ചാരിറ്റബിൾ ട്രസ‌്റ്റ‌്), ഡാന (ഹോപ്പ‌് ചൈൽഡ‌് കെയർ ക്യാൻസർ ഫൗണ്ടേഷൻ),  നീതു രവീന്ദ്രൻ (കഡ‌്ലസ‌് ഫൗണ്ടേഷൻ), വി പി അഹമ്മദ‌് റിയാസ‌് (കെയർ ആൻഡ്‌ ക്യൂർ ഫൗണ്ടേഷൻ), ആർകിടെക്ട്‌ റസൽ (എആർ ഡിസൈൻ‌സ‌്, കോഴിക്കോട‌്), പാലേരി രമേശൻ (ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റി) എന്നിവരെ എംഎൽഎ ആദരിച്ചു.
മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ രാജ്യാന്തര തലത്തിലേക്കുയര്‍ത്തും: മുഖ്യമന്ത്രി
തലശേരി
മലബാർ ക്യാൻസർ സെന്ററിനെ രാജ്യാന്തരതലത്തിൽ അറിയപ്പെടുന്ന സ്ഥാപനമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  114 കോടിയുടെ മലബാർ ക്യാൻസർ സെന്റർ പിജി ഇൻസ‌്റ്റിറ്റ്യൂട്ട് വികസന പദ്ധതിയുടെയും പീഡിയാട്രിക് ഓങ്കോളജി ബ്ലോക്കടക്കം 50 കോടിയുടെ പൂർത്തീകരിച്ച പദ്ധതിയുടെയും  ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. 
ക്യാൻസർ സെന്റർ പിജി ഇൻസ്റ്റിറ്റ്യൂട്ട് ആയി ഉയർത്തുന്നതിന്റെ ഭാഗമായി 300 ഓളം വിദ്യാർഥികൾക്ക‌് താമസിച്ച‌് പഠിക്കാൻ 32 കോടി രൂപ ചെലവിലാണ‌് സ‌്റ്റുഡന്റ‌് ഹോസ‌്റ്റൽ പണിയുന്നത‌്. എട്ട‌് നിലയുള്ള ഹോസ‌്റ്റൽ  നാലുഘട്ടമായി പൂർത്തീകരിക്കും. ഇതോടൊപ്പം 81.69 കോടി രൂപ ചെലവഴിച്ച‌് റേഡിയേഷൻ ഓങ്കോളജി ബ്ലോക്കും നിർമിക്കും. കുട്ടികളുടെ ചികിത്സയ്ക്കായുള്ള പീഡിയാട്രിക് ഓങ്കോളജി ബ്ലോക്ക‌് കളിസ്ഥലം, സിനിമ തിയേറ്റർ,  ഗ്രന്ഥശാല എന്നിവയോടെ ശിശു സൗഹൃദ രീതിയിലാണ് രൂപകൽപന ചെയ‌്തത‌്. ചികിത്സക്കെത്തുന്ന കുട്ടികൾക്ക‌് എല്ലാവിധത്തിലുമുള്ള മാനസികോല്ലാസം പ്രദാനം ചെയ്യാൻ ഇവിടെ സാധിക്കും. 
സർക്കാർ മേഖലയിൽ കുട്ടികളുടെ മജ്ജ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടത്തുന്ന ഏക സ്ഥാപനമെന്ന പ്രത്യേകതയും മലബാർ ക്യാൻസർ സെന്ററിനുണ്ട്.  64 സ്ലൈസ‌് സിടി സ്കാൻ ഉൾപ്പെടെയുള്ള നൂതന സംവിധാനം വരുന്നതോടെ കൂടുതൽ വ്യക്തതയോടെയും കൃത്യമായും ചികിത്സ ഉറപ്പുവരുത്താനാവും.ഡയരക്ടർ ഡോ. സതീശന്റെ അർപ്പണബോധത്തോടെയുള്ള പ്രവർത്തനവും എംസിസിയെ ഉയരങ്ങളിലെത്തിക്കാൻ സഹായിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 
നാടിന്റെ അഭിമാനസ‌്തംഭമായി  ക്യാൻസർ സെന്റർ വളരുകയാണെന്ന‌് അധ്യക്ഷയായ മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇപ്പോഴത്തെ മുഖ്യമന്ത്രി വൈദ്യുതി മന്ത്രിയായിരിക്കെയാണ‌് എംസിസിക്ക‌് രൂപം നൽകിയത‌്. ഇതിന്റെ പേരിൽ വ്യക്തിപരമായി തന്നെ അദ്ദേഹം ഒരുപാട‌് പ്രയാസം അനുഭവിച്ചു. എല്ലാകാലത്തും ജനങ്ങൾ നന്ദിയോടെ ഓർക്കുന്ന ലോകോത്തര നിലവാരത്തിലേക്ക‌് ക്യാൻസർ സെന്റർ ഉയരുകയാണെന്നും കെ കെ ശൈലജ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top