27 April Saturday

രണ്ട്‌ പൊലീസുദ്യോഗസ്ഥർക്ക്‌ രാഷ്‌ട്രപതിയുടെ മെഡൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022

പ്രേമരാജൻ, ഹരിപ്രസാദ്

കണ്ണൂർ
ജില്ലയിലെ രണ്ട്‌ പൊലീസുദ്യോഗസ്ഥർക്ക്‌ സ്‌തുത്യർഹ സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ മെഡൽ. ക്രൈംബ്രാഞ്ച്‌ അസി. കമീഷണറായിരുന്ന ടി പി പ്രേമരാജനും  കെഎപി ആറാം ബറ്റാലിയനിലെ ഇൻസ്‌പെക്ടർ എം കെ ഹരിപ്രസാദിനുമാണ്‌ പുരസ്‌കാരം. ടി പി പ്രേമരാജൻ മലപ്പട്ടം സ്വദേശിയും ഹരിപ്രസാദ്‌ കണ്ണൂർ ചാലാട്‌ സ്വദേശിയുമാണ്‌. 
എസ്ഐ, സിഐ തസ്തികകളിൽ കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ പ്രവർത്തിച്ച ടി പി പ്രേമരാജൻ വിജിലൻസ് (ഉത്തരമേഖല), ക്രൈം ഡിറ്റാച്ച്മെന്റ്, നർകോട്ടിക് സെൽ, സ്പെഷ്യൽ ബ്രാഞ്ച്, ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്സ്‌ ബ്യൂറോ തുടങ്ങിയവയിൽ ഡിവൈഎസ്‌പിയായും സ്റ്റുഡന്റ് പൊലീസ് കേഡറ്റ്  ജില്ലാ നോഡൽ ഓഫീസറായും  സേവനമനുഷ്ഠിച്ചു. തടിയന്റവിട നസീർ പ്രതിയായ കണ്ണൂർ സിറ്റിയിലെ വിനോദ്‌ വധക്കേസ്‌ ഉൾപ്പെടെ സങ്കീർണമായ നിരവധി കേസുകൾക്ക്‌ തുമ്പുണ്ടാക്കി. കാസർകോട്ടെ വർഗീയലഹള അടിച്ചമർത്തുന്നതിലും പ്രളയ ദുരിതാശ്വാസപ്രവർത്തനങ്ങളിലും നിർണായക പങ്കുവഹിച്ചു. മെയ്‌ 31നാണ്‌ വിരമിച്ചത്‌. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ, സർക്കാരിന്റെ കോവിഡ് വാരിയർ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ നേടി. ഭാര്യ: ഹേമലത. മക്കൾ: ഡോ. വൈശാഖ്‌ പ്രേമരാജൻ, വൈഷ്‌ണവ്‌ പ്രേമരാജൻ. 
സൈബർ ബോധവൽക്കരണ ക്ലാസുകളിലൂടെ ശ്രദ്ധേയനാണ്‌ എം കെ ഹരിപ്രസാദ്‌. മുഖ്യമന്ത്രിയുടെ പൊലീസ്‌ മെഡൽ, ജീവൻ രക്ഷാപഥക്‌, ജയന്റ്‌സ്‌ അവാർഡ്‌, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അതി ഉൽകൃഷ്‌ട സേവാ പഥക്‌ എന്നിവയും ലഭിച്ചു. നിരവധി തവണ ഗുഡ്‌ സർവീസ്‌ എൻട്രിയും ലഭിച്ചു. ആസാദി കാ അമൃത്‌ മഹോത്സവത്തിന്റെ ഭാഗമായി ക്വിസ്‌ മത്സരത്തിൽ ദേശീയതലത്തിൽ അഞ്ചാം സ്ഥാനവും സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും നേടി. ഭാര്യ: ജീന ബാലകൃഷ്‌ണൻ. മക്കൾ: ഹരിതീർഥ്‌, ഹരിമഹിമ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top