20 April Saturday

സമ്പർക്കം വില്ലനാകുന്നു

സ്വന്തം ലേഖകൻUpdated: Wednesday Jul 15, 2020

 കണ്ണൂർ

സമ്പർക്കത്തിലൂടെയുള്ള കോവിഡ് രോഗബാധിതരുടെ എണ്ണം കൂടിയതോടെ ജില്ല വീണ്ടും കടുത്ത ആശങ്കയിൽ. രോഗവ്യാപനത്തിന്റെ ഒന്നും രണ്ടും ഘട്ടത്തിൽ ഫലപ്രദമായി പ്രതിരോധിച്ചെങ്കിലും കഴിഞ്ഞ ദിവസത്തെ സമ്പർക്കവ്യാപനം നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടതിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്‌. സിഐഎസ്‌എഫ്‌, ഡിഎസ്‌സി ക്യാമ്പുകളിലെ രോഗവ്യാപനവും ജില്ലയെ ഭീതിയിലാക്കിയിട്ടുണ്ട്‌. ക്വാറന്റൈനിലുള്ളവർ നിയന്ത്രണങ്ങൾ ലംഘിക്കുന്നുവെന്ന സംശയവും സമ്പർക്കരോഗവ്യാപനം ബലപ്പെടുത്തുന്നു.  
ട്രിപ്പിൾ ലോക്‌ഡൗണിനുസമാനമായ നിയന്ത്രണത്തിലൂടെയായിരുന്നു ജില്ല രണ്ടാംഘട്ടത്തിലെ കോവിഡ്‌ വ്യാപനത്തെ ചെറുത്തത്‌. ജില്ലാ ഭരണസംവിധാനവും പൊലീസും ആരോഗ്യവകുപ്പും ഒത്തുചേർന്ന്‌ കർശന നിയന്ത്രണങ്ങളായിരുന്നു ഒരുക്കിയത്‌. പ്രവാസികളും ഇതരസംസ്ഥാനങ്ങളിൽ ജീവിക്കുന്നവരുമായി മറ്റു ജില്ലയിലേക്കാളും  കൂടുതലാളുകളുള്ള ജില്ലയെന്ന നിലയിൽ നിയന്ത്രണങ്ങൾ തുടരുമ്പോഴും സമ്പർക്കത്തിലൂടെ തിങ്കളാഴ്‌ച മാത്രം പത്തുപേർക്കാണ്‌ രോഗബാധ സ്ഥിരീകരിച്ചത്‌. സർവൈലൻസ്‌ പരിശോധനയിലാണ്‌ കൂത്തുപറമ്പ്‌ ഫയർ സ്‌റ്റേഷനിലെ നാലു ജീവനക്കാർക്ക്‌ രോഗബാധ സ്ഥിരീകരിച്ചതെന്നത്‌ ആശങ്ക വർധിപ്പിക്കുന്നു.  കുന്നോത്തുപറമ്പ്‌ പാറാട്ടെ ഉറവിടമറിയാത്ത രോഗിയും സമ്പർക്കത്തിലൂടെ പത്തുപേർക്ക്‌ രോഗബാധയും ഇതിലൊരാളുടെ മരണവും പാനൂർ മേഖലയിൽ സ്ഥിതി സങ്കീർണമാക്കിയിട്ടുണ്ട്‌. അണിയാരത്തെ മരണവീട്ടിലെത്തിയവർക്കാണ്‌ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്‌. സമീപ പ്രദേശമായ കോഴിക്കോട്‌ ജില്ലയിലെ തൂണേരിയിൽ തിങ്കളാഴ്‌ച 53 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു. ഇതിൽപെട്ടവർ അണിയാരത്ത്‌ വന്നതായി സൂചനയുണ്ട്‌. ഇവരിൽനിന്നാണ്‌ കുന്നോത്തുപറമ്പ്‌ സ്വദേശിക്ക്‌ രോഗം ബാധിച്ചതെന്നാണ്‌ നിഗമനം. 
ജില്ലയിൽ 2 ക്ലസ്‌റ്ററുകൾ
കണ്ണൂർ ഡിഎസ്‌സി സെന്ററിൽ 41 പേർക്കും കൂത്തുപറമ്പ്‌ വലിയവെളിച്ചത്തെ സിഐഎസ്‌എഫ്‌ ക്യാമ്പിൽ 74 പേർക്കുമാണ്‌ ഇതുവരെ കോവിഡ്‌ സ്ഥിരീകരിച്ചത്‌. ഇതിൽ നാലുപേർ എമിഗ്രേഷൻ വിഭാഗത്തിലുള്ളവരാണ്‌. ഡിഎസ്‌സി സെന്ററിലും  സിഐഎസ്‌എഫ്‌ ക്യാമ്പിലും അവധി കഴിഞ്ഞ്‌ തിരിച്ചെത്തിയവർക്കാണ്‌ ഭൂരിഭാഗവും രോഗം റിപ്പോർട്ട്‌ ചെയ്‌തത്‌. തിരിച്ചെത്തിയവരെ ക്വാറന്റൈൻ ചെയ്യുന്നതിലെ പിഴവ്‌ രണ്ടിടത്തും രോഗവ്യാപനത്തിന്‌ കാരണമായിട്ടുണ്ടെന്നാണ്‌ വിലയിരുത്തൽ. സിഐഎസ്‌എഫ്‌ ക്യാമ്പിൽ കർശന നടപടികളെടുക്കുകയും ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഡിഎസ്‌സി സെന്ററിൽ രോഗികളുടെ എണ്ണം കൂടിയിട്ടും ഫലപ്രദമായ നിയന്ത്രണങ്ങളിലേക്ക്‌ പോകാതിരുന്നതാണ്‌ സ്ഥിതി വഷളാക്കിയത്‌. സിഐഎസ്‌എഫ്‌ ക്യാമ്പും കണ്ണൂർ ഡിഎസ്‌സി സെന്ററുമാണ്‌  ജില്ലയിലെ രണ്ട്‌ ക്ലസ്‌റ്ററുകൾ. 
തീരദേശങ്ങളിലും നഗരങ്ങളിലും കൂടുതൽ ജാഗ്രത
സംസ്ഥാനത്ത്‌ പലയിടത്തും ക്ലസ്‌റ്ററുകൾ രൂപപ്പെട്ടതിനാൽ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ജാഗ്രത കടുപ്പിക്കും.  ആളുകൾ കൂടുതലായെത്തുന്ന മത്സ്യമാർക്കറ്റ്‌ പോലുള്ളവയിൽ കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്‌. തീരപ്രദേശങ്ങളിൽ പരിശോധനയും കൂടുതലാക്കാനാണ്‌ തീരുമാനം. കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്ന മുൻനിരക്കാരിൽ സർവൈലൻസ്‌ പരിശോധന കൂടുതലാക്കും. മുണ്ടയാട്‌ ഇൻഡോർ സ്‌റ്റേഡിയമടക്കമുള്ളവ ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ്‌ കേന്ദ്രങ്ങളാക്കാനും ആലോചിക്കുന്നുണ്ട്‌. വ്യാപാര സ്ഥാപനങ്ങളടക്കമുള്ളവയിൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്‌.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top