29 March Friday

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ 
ജീവനക്കാരുടെ ശമ്പള വിതരണം ഉടൻ

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022
കണ്ണൂർ
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ ശമ്പളം ഉടൻ വിതരണം ചെയ്യും. ശമ്പളം നൽകുന്നതിനുള്ള ധനവകുപ്പ്‌  അനുമതി തിങ്കളാഴ്‌ചയോടെ ലഭിച്ചേക്കും. ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിവരികയാണ്‌. മെഡിക്കൽ കോളേജ്‌ ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കുന്ന പ്രക്രിയ പൂർത്തിയാകാത്തതാണ്‌ ശമ്പളവിതരണം തടസ്സപ്പെടുന്നതിന്‌ കാരണം. ശമ്പള വിതരണത്തിലെ കാലതാസം ഒഴിവാക്കാൻ ആരോഗ്യ വകുപ്പും എം വിജിൻ എംഎൽഎയും കാര്യമായി ഇടപെട്ടിരുന്നു. മെഡിക്കൽ കോളേജ്‌ ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കുന്ന പ്രക്രിയയിലെ സാങ്കേതിക തടസ്സം ഉടൻ പരിഹരിക്കണമെന്ന്‌ എംഎൽഎ ധനവകുപ്പിനോട്‌  ആവശ്യപ്പെട്ടു. 
സർക്കാർ ജീവനക്കാരാക്കുന്ന നടപടി പൂർത്തിയാകുന്നതുവരെ കോളേജ്‌ ഫണ്ടിൽനിന്ന്‌ ശമ്പളം വിതരണം ചെയ്യാൻ അനുമതി നൽകണമെന്നാണ്‌ കോളേജ്‌ അധികൃതർ ആവശ്യപ്പെടുന്നത്‌. 
നിലവിൽ ട്രഷറിയിൽനിന്ന്‌ ഡ്രോയിങ്‌ ഓഫീസറാണ്‌ (അഡ്‌മിനിസ്‌ട്രേറ്റീവ്‌  അസിസ്‌റ്റന്റ്‌) ശമ്പളം പിൻവലിച്ച്‌ പ്രിൻസിപ്പലിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കുന്നത്‌. 
പ്രിൻസിപ്പൽ തുക കേരള ബാങ്ക്‌ പരിയാരം ശാഖയിലെ ജീവനക്കാരുടെ അക്കൗണ്ടിലേക്ക്‌ മാറ്റും. മാസം എട്ടുകോടിയോളം രൂപ ശമ്പളം നൽകാൻ വേണം. മെഡിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ടുമെന്റിൽനിന്നു വന്ന പ്രിൻസിപ്പൽ ഉൾപ്പെടെ 11  പേരുടെയും സർക്കാർ സർവീസിൽനിന്നു സ്ഥലംമാറി വന്ന മറ്റുചിലരുടെയും ശമ്പളംമാത്രമാണ്‌ നേരിട്ട്‌ ലഭിക്കുന്നത്‌. മെഡിക്കൽ കോളേജിൽ നേരത്തേ മുതലുള്ള ജീവനക്കാരുടെ ശമ്പളത്തിനാണ്‌ തടസ്സം നേരിടുന്നത്‌. ഇവർക്ക്‌ പെൻമനന്റ എംപ്ലോയീസ്‌ നമ്പറി(പെൻ)ല്ലാത്തതാണ്‌ പ്രശ്‌നം. സഹകരണ മെഡിക്കൽ കോളേജ്‌ സർക്കാർ കോളേജായി മാറുമ്പോഴുള്ള സ്വാഭാവിക പ്രതിസന്ധിയാണിത്‌. എറണാകുളം സഹകരണ മെഡിക്കൽ കോളേജ്‌ സർക്കാർ ഏറ്റെടുത്ത്‌ ആറുവർഷം കഴിഞ്ഞാണ്‌ ശമ്പളപ്രശ്‌നം പൂർണമായി പരിഹരിക്കപ്പെട്ടതെന്ന്‌ അധികൃതർ ചൂണ്ടിക്കാട്ടുന്നു.  കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ രണ്ടായിരത്തോളം ജീവനക്കാരാണുള്ളത്‌. ഇതിൽ 147 ഡോക്ടർമാരെയും 521 നഴ്‌സുമാരെയും സർക്കാർ സർവീസിൽ ഉൾപ്പെടുത്തി. മറ്റു തസ്‌തികകളിൽ ജോലി ചെയ്യുന്ന 730 ജീവനക്കാരെ സർക്കാർ സർവീസിന്റെ ഭാഗമാക്കുന്നതിനുള്ള നടപടികൾ തുടരുകയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top