27 April Saturday
ഹാൾട് സ്റ്റേഷനാണ്

ഒരുട്രെയിനെങ്കിലും നിർത്തുമോ ചിറക്കലിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

കണ്ണൂർ> കോവിഡിന്‌ മുമ്പ്‌ ട്രെയിൻ ഹാൾട്ടിൽ  നവീകരണം തകൃതിയായിരുന്നപ്പോൾ ഏറെ സന്തോഷിച്ചവരാണ്‌ ചിറക്കലുകാർ.  ഇപ്പോഴാകട്ടെ എടുത്തതുമില്ല, പിടിച്ചതുമില്ല എന്ന അവസ്ഥയാണ്‌. സാധാരണ നിർത്തുന്ന അഞ്ച്‌ പാസഞ്ചർ ട്രെയിനുകളും ഇപ്പോൾ നിർത്താറില്ല.  ഇതോടെ സർക്കാർ ജീവനക്കാരുൾപ്പെടെ ആയിരക്കണക്കിനാളുകൾ ദുരിതത്തിലായി. ബ്രണ്ണൻ കോളേജ്‌ വിദ്യാർഥികൾ ആശ്രയിക്കുന്ന ധർമടം സ്‌റ്റേഷനും ഇതേ അവസ്ഥയാണ്‌.

13,000 രൂപയുടെ ടിക്കറ്റ്‌ 
എന്തുചെയ്യണം
കോവിഡിനെ തുടർന്ന്‌ 2020 ൽ ട്രെയിൻ സർവീസ്‌ നിർത്തലാക്കിയപ്പോൾ ബാക്കിയായ 13,000 രൂപയുടെ ടിക്കറ്റ്‌ ചിറക്കൽ റെയിൽവേ സ്‌റ്റേഷനിലെ ഹാൾട്‌ ഏജന്റ്‌ സിജി റോക്കിയുടെ കൈവശം ഇപ്പോഴുമുണ്ട്‌. ഇത്‌  റെയിൽവേ ഇതുവരെ തിരിച്ചുവാങ്ങിയിട്ടില്ല.  ഇത്‌  എന്തുചെയ്യണമെന്നും  പറഞ്ഞിട്ടില്ല.  ഇനി എന്ന്‌ ഇത്‌ ഉപയോഗിക്കാനാവുമെന്ന്‌ അറിയില്ലെന്നും നാലുവർഷം ഏജന്റായി പ്രവർത്തിച്ച  സിജി  പറഞ്ഞു. 
 
ചിറക്കൽ ഹാ .... കയറാനെത്തിയാൽ ഹോ.... 
ബ്രിട്ടീഷ് ഭരണകാലത്ത് 1904 –- ലാണ് ചിറക്കൽ സ്‌റ്റേഷൻ നിലവിൽവന്നത്‌.  ഇവിടത്തെ ചിറയിൽനിന്നാണ്‌  കൽക്കരിയിൽ ഓടിയ ട്രെയിനിൽ വെള്ളം നിറച്ചിരുന്നത്‌. കൈത്തറി കയറ്റുമതി നടത്തുന്ന പ്രമുഖ സ്‌റ്റേഷനായും ഇവിടം മാറി. സ്റ്റേഷൻ മാസ്റ്റർ, പോർട്ടർ സേവനം ഇവിടെ ഉണ്ടായിരുന്നെങ്കിലും പിന്നീട്‌ നിർത്തലാക്കി. വരുമാനം കുറഞ്ഞ സ്റ്റേഷനുകളുടെ പട്ടികയിൽപ്പെടുത്തിയാണ്‌ ചിറക്കലിനെയും ഹാൾട്‌ സ്റ്റേഷനാക്കിയത്‌. കമീഷൻ വ്യവസ്ഥയിൽ സ്വകാര്യവ്യക്തിയാണ്‌ പിന്നീട്‌ ടിക്കറ്റ്‌  നൽകിവന്നിരുന്നത്‌. കോവിഡിന്‌ കുറവ്‌ വന്നശേഷം പാസഞ്ചർ ട്രെയിനുകളെല്ലാം എക്‌സ്‌പ്രസ്‌ നിരക്കിൽ സർവീസ്‌ നടത്താൻ തുടങ്ങിയതോടെയാണ്‌ ഹാൾട്‌ സ്‌റ്റേഷനുകളെ റെയിൽവേ പൂർണമായും ഒഴിവാക്കിയത്‌. എക്‌സ്‌പ്രസ്‌ നിരക്കിലുള്ള ടിക്കറ്റ്‌ ഹാൾട്‌ ഏജന്റുമാർക്ക്‌ നൽകാൻ സാധിക്കില്ലെന്നാണ്‌ റെയിൽവേ പറയുന്നത്‌. അതിനാൽ സ്‌റ്റോപ്പും നിർത്തലാക്കിയ സ്ഥിതിയാണ്‌. ആരും തിരിഞ്ഞുനോക്കാതെ ധർമടം, ചിറക്കൽ സ്‌റ്റേഷനുകൾ കാടുകയറി കിടക്കുന്നു. യാത്രക്കാർക്കുള്ള വിശ്രമമുറി ഉൾപ്പെടെ നശിച്ചു. കണ്ണൂരെയും കാസർകോട്ടെയും എംപിമാർ ഈ വിഷയത്തിൽ സ്വീകരിക്കുന്നത്‌ നിഷേധാത്മക നിലപാടാണ്‌.  പാസഞ്ചർ ട്രെയിനുകളിലെ എക്‌സ്‌പ്രസ്‌ നിരക്ക്‌ ഒഴിവാക്കി ഹാൾട്‌ സ്‌റ്റേഷനുകളിൽ സ്‌റ്റോപ്പ്‌ അനുവദിക്കണമെന്നാണ്‌ യാത്രക്കാരുടെ ആവശ്യം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top