25 April Thursday

സംസ്ഥാന ബജറ്റ്‌ പ്രതീക്ഷയോടെ കണ്ണൂർ

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021
കണ്ണൂർ
കാലാവധി പൂർത്തിയാക്കുന്ന പിണറായി വിജയൻ സർക്കാരിന്റെ അവസാനവർഷ ബജറ്റിനെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്‌ കണ്ണൂർ. ജില്ലയുടെ സമഗ്ര വികസനത്തിന്‌ കുതിപ്പേകുന്ന ഒട്ടേറെ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നുറപ്പാണ്‌. 
ഇതിനകം തുടക്കം കുറിച്ച ചില വൻകിട പദ്ധതികൾ പൂർത്തീകരിക്കുന്നത്‌ സംബന്ധിച്ച്‌ കൃത്യമായ ചിത്രം ലഭിക്കും. കൈത്തറിയും ഖാദിയും ഉൾപ്പെടെ ജില്ലയുടെ പരമ്പരാഗത വ്യവസായ മേഖലയ്‌ക്കും മുന്തിയ പരിഗണന ലഭിച്ചേക്കും.
കഴിഞ്ഞ നാലരവർഷമായി സർക്കാർ നടപ്പാക്കുന്ന വൈവിധ്യമാർന്ന വികസന പ്രവർത്തനങ്ങളെ  പുതിയഘട്ടത്തിലേക്ക്‌ നയിക്കുന്നതിന്റെ സൂചനകൾ ഗവർണറുടെ നയപ്രഖ്യാപനത്തിൽ വ്യക്തമായിരുന്നു. 
അഴീക്കൽ തുറമുഖത്തെ വൻകിട ഗ്രീൻഫീൽഡ്‌ തുറമുഖമായി ഘട്ടംഘട്ടമായി വികസിപ്പിക്കാനുള്ള പദ്ധതി ബജറ്റിലുണ്ടാകും. മലബാർ മേഖലയുടെയാകെ വികസനത്തിന്റെ ഉൽപ്രേരകമായി അഴീക്കൽ തുറമുഖം മാറുമെന്നാണ്‌ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ പറഞ്ഞത്‌. ഈ വർഷം രണ്ടാം പകുതിയിൽ ശിലാസ്ഥാപനം നടത്തുമെന്നും സൂചിപ്പിച്ചിരുന്നു. പടിയൂരിലെ അന്താരാഷ്‌ട്ര ആയുർവേദ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ഒന്നാംഘട്ട പദ്ധതി പൂർത്തീകരണവും  ബജറ്റിൽ ഇടംനേടും. 
കണ്ണൂരിന്റെ നട്ടെല്ലായ കൈത്തറി മേഖലയുടെ പുനരുദ്ധാരണത്തിന്‌ പ്രത്യേക പദ്ധതി പ്രതീക്ഷിക്കുന്നു.  ‘കൈത്തറി മിത്ര’  പേരിൽ പതിനായിരം നെയ്‌ത്തുകാർക്ക്‌‌ നേരിട്ട്‌ പ്രയോജനം ലഭിക്കുന്ന പദ്ധതിയാണ്‌ ഇതിലൊന്ന്‌. നാടുകാണി കിൻഫ്ര പാർക്കിൽ ആധുനിക ഡിജിറ്റൽ പ്രിന്റിങ്‌ സൗകര്യത്തോടെയുള്ള പുതിയ ഡൈയിങ്‌ സെന്റർ നേരത്തേ പ്രഖ്യാപിക്കപ്പെട്ടതാണ്‌. ഇതിന്റെ വിശദാംശങ്ങൾ ബജറ്റിലുണ്ടായേക്കും. വൻകിട ഐടി പദ്ധതികൾ, ഫുഡ്‌ പാർക്ക്‌ തുടങ്ങിയ പദ്ധതികളും പ്രതീക്ഷിക്കുന്നു. 
ഉത്തര മലബാറിന്റെ സ്വപ്‌നപദ്ധതിയായ തലശേരി–- മൈസൂരു റെയിൽവേ ലൈൻ നിർമാണം സംബന്ധിച്ചും പ്രായോഗിക നടപടികൾ ബജറ്റിൽ ഇടംപിടിക്കുമെന്ന്‌ കരുതുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top