17 April Wednesday

മുണ്ടയാട്‌ കളരി–-ആയുർവേദിക്‌ സെന്റർ വരുന്നു

പി സുരേശൻUpdated: Thursday Oct 14, 2021
കണ്ണൂർ
മുണ്ടയാട്‌ ഇൻഡോർ സ്‌റ്റേഡിയത്തിൽ കളരി ആൻഡ്‌ ആയുർവേദിക്‌ സെന്റർ, സ്വിമ്മിങ് ആൻഡ്‌ ഡൈവിങ്‌ പൂൾ, റൈഫിൾ ആൻഡ്‌ ഫെൻസിങ്‌ റേഞ്ച്‌, ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്‌റ്റൽ, അഡ്‌മിനിസ്‌ട്രേഷൻ ആൻഡ്‌ ക്ലബ് ഹൗസ്‌ എന്നിവ വരുന്നു. ഇൻഡോർ സ്‌റ്റേഡിയത്തെ കായികസമുച്ചയമാക്കുന്നതിനുള്ള രണ്ടാംഘട്ട പ്രവർത്തനത്തിന്റെ ഭാഗമായാണ്‌ ഇവ നിർമിക്കുന്നത്‌. നവംബർ അവസാനത്തോടെ നിർമാണം ആരംഭിക്കും. സ്‌പോർട്‌സ്‌ കൗൺസിൽ നേതൃത്വത്തിൽ 40 കോടി രൂപയുടെ പദ്ധതിയാണ്‌ നടപ്പാക്കുന്നത്‌. ടെൻഡർ നടപടി അവസാനഘട്ടത്തിലാണെന്ന്‌ സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിൽ വൈസ്‌ പ്രസിഡന്റ്‌ ഒ കെ വിനീഷ്‌ അറിയിച്ചു. 
   കളരി ആൻഡ്‌ ആയുർവേദിക്‌ സെന്റർ കേരളത്തിൽ ആദ്യമാണ്‌. ഉത്തര മലബാറിലെ   ആയോധനകലയായ കളരിയുടെ പ്രാധാന്യം കണക്കിലെടുത്താണ്‌ കേന്ദ്രം സ്ഥാപിക്കുന്നത്‌. കളരിയും ആയുർവേദ ചികിത്സയുമുണ്ടാവും. മലബാറിൽ ആദ്യമായാണ്‌ സ്വിമ്മിങ് ആൻഡ്‌ ഡൈവിങ്‌ പൂളും റൈഫിൾ ആൻഡ്‌ ഫെൻസിങ്‌ റേഞ്ചും വരുന്നത്‌. തിരുവനന്തപുരത്തും തൃശൂരും മാത്രമാണ്‌ നിലവിൽ സ്വിമ്മിങ്‌ ആൻഡ്‌ ഡൈവിങ്‌ പൂളുള്ളത്‌.  രണ്ട്‌ നീന്തൽക്കുളമാണ്‌ നിർമിക്കുന്നത്‌. 50 മീറ്റർ നീളവും 25 മീറ്റർ വീതിയുമുള്ളതായിരിക്കും ഒരു കുളം. 25 മീറ്റർ നീളവും 12.5  മീറ്റർ വീതിയുമുള്ളതാണ്‌ മറ്റൊന്ന്‌. 
   തിരുവനന്തപുരം വട്ടിയൂർക്കാവിൽമാത്രമേ സർക്കാർ  നിയന്ത്രണത്തിൽ റൈഫിൾ ആൻഡ്‌ ഫെൻസിങ്‌ റേഞ്ചുള്ളൂ. ഇടുക്കിയിൽ സ്വകാര്യ റൈഫിൾ റേഞ്ചുണ്ട്‌. ഇതടക്കം മൂന്നാമത്തെ റൈഫിൾ റേഞ്ചായിരിക്കും മുണ്ടയാട്ടേത്‌. 250 പേർക്ക്‌ താമസിക്കാൻ പറ്റുന്നതാണ്‌ ബോയ്‌സ്‌ ആൻഡ്‌ ഗേൾസ്‌ ഹോസ്‌റ്റൽ.  ആസ്‌ട്രോ ടർഫ്‌ ഹോക്കി  ഗ്രൗണ്ടും പരിഗണനയിലുണ്ട്‌. 
   മുണ്ടയാട്‌ ഇൻഡോർ സ്‌റ്റേഡിയത്തിൽ നിലവിൽ ബാസ്‌ക്കറ്റ്‌ബോൾ, വോളിബോൾ, ബാഡ്‌മിന്റൺ, ടേബിൾ ടെന്നീസ്‌, ഗുസ്‌തി, ബോക്‌സിങ്‌ കോർട്ടുകളും പരിശീലന കേന്ദ്രങ്ങളുമാണുള്ളത്‌. ദേശീയ ഗുസ്‌തി, ബോക്‌സിങ്‌ ഗെയിംസ്‌, ദേശീയ എലൈറ്റ്‌ വനിതാ  ബോക്‌സിങ്‌ ഉൾപ്പെടെയുള്ള മത്സരങ്ങൾ മുണ്ടയാട്‌ നടന്നിരുന്നു. പുതിയ സംവിധാനം വരുന്നതോടെ അന്താരാഷ്‌ട്ര മത്സരങ്ങൾക്കുൾപ്പെടെ മുണ്ടയാട്‌ വേദിയാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top