26 April Friday

ഒരുമയുടെ വേഗത്തിൽ ഇനാര ബംഗളൂരുവിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021

കണ്ണൂർ

എസ്‌എംഎ ബാധിതയായ പിഞ്ചുകുഞ്ഞിനെ വിദഗ്‌ധ ചികിത്സയ്‌ക്കായി കണ്ണൂരിൽനിന്ന്‌ ബംഗളൂരുവിലെ  ആശുപത്രിയിലേക്കെത്തിച്ചത്‌ നാലര മണിക്കൂറിനുള്ളിൽ. മുഴപ്പിലങ്ങാട്ടെ ഒമ്പതുമാസം പ്രായമുള്ള ഇനാര മറിയത്തെയും വഹിച്ച്‌ രാവിലെ 10.30ന്‌ പുറപ്പെട്ട ആംബുലൻസിന്‌ പൊലീസും നാട്ടുകാരും വഴിയൊരുക്കിയതോടെയാണ്‌ കുറഞ്ഞ സമയത്തിനുള്ളിൽ ആശുപത്രിയിലെത്തിക്കാനായത്‌. പകൽ മൂന്നിന്‌ ബംഗളൂരു ബാപ്‌റ്റിസ്‌റ്റ്‌‌ ആശുപത്രിയിൽ ഇനാര മറിയമെത്തി.     ആറു മണിക്കൂർകൊണ്ട്‌ ബംഗളൂരു ആശുപത്രിയിൽ എത്താമെന്ന കണക്കുകൂട്ടലിൽ കഴിഞ്ഞദിവസംതന്നെ സമൂഹമാധ്യമങ്ങൾവഴി, പൊലീസ്‌ ആംബുലൻസിനായി വഴിയൊരുക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. മണിക്കൂറിൽ 40 ലിറ്റർ ഓക്‌സിജൻ നൽകിയുള്ള യാത്രയായിരുന്നു  ഇനാരയ്‌ക്കായി ഒരുക്കിയത്‌. ഇനാരയെ കിടത്തിയ ആംബുലൻസിനുപുറമെ മൂന്ന്‌ ആംബുലൻസും പൊലീസ്‌ അകമ്പടിയും ഉണ്ടായി. മമ്പറം, കൂത്തുപറമ്പ്‌, മട്ടന്നൂർ, ഇരിട്ടി, കൂട്ടുപുഴ വഴി ബംഗളൂരു ബാപ്‌‌റ്റിസ്‌റ്റ്‌‌ ആശുപത്രിയിൽ‌ നാലര മണിക്കൂർ കൊണ്ടാണ്‌ എത്തിയത്‌. സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞതിനാൽ പ്രധാന ജങ്ഷനുകളിലെല്ലാം പൊലീസിനൊപ്പം നാട്ടുകാരും ഗതാഗതം നിയന്ത്രിക്കാൻ ഒരുമിച്ചു. 
 
ഇനിയും വേണം കോടികൾ
ബംഗളുരു ബാപ്‌റ്റിസ്‌റ്റ്‌, മണിപ്പാൽ ആശുപത്രികളിലായാണ്‌ ചികിത്സ. ഒരുവയസ്സാകുന്നതിനുമുമ്പ്‌ 18 കോടി രൂപയുടെ വിദേശനിർമിത മരുന്ന്‌ നൽകിയില്ലെങ്കിൽ  രക്ഷിക്കുക പ്രയാസമാണ്‌. ഇതുവരെ 1.40 കോടിയാണ്‌ സ്വരൂപിക്കാനായത്‌. ഗുരുതരാവസ്ഥയിലായ കുട്ടിക്ക്‌ എത്രയുംപെട്ടെന്ന്‌ പണം കണ്ടെത്തി മരുന്ന്‌ ലഭ്യമാക്കാനുള്ള ശ്രമത്തിലാണെന്ന്‌ ‌ സഹായസമിതി ചെയർമാൻ  ടി സജിത പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top