19 April Friday
13.6 കോടിയുടെ പദ്ധതി

കണ്ണൂർ ഐടിഐയും അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 14, 2020
കണ്ണൂർ
കണ്ണൂർ ഐടിഐയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌ ഉയർത്തുന്നതിനുള്ള ആദ്യഘട്ടത്തിന്‌ ചൊവ്വാഴ്‌ച തുടക്കമാകും. 13.6 കോടിയുടെ നിർമാണ പ്രവൃത്തിയാണ് കിഫ്‌ബിയുടെ സഹായത്തോടെ പൂർത്തിയാക്കുക. ആദ്യഘട്ടത്തിൽ 4.1 കോടി രൂപയാണ്‌ അനുവദിച്ചത്‌. സംസ്ഥാനത്താകെ 
10 ഐടിഐകളാണ്‌ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നത്‌. കണ്ണൂർ ഐടിഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക്  ഉയരുമ്പോൾ നിലവിലുള്ള കെട്ടിലും മട്ടിലും മാറ്റം വരും. വർക്ക്ഷോപ്പുകളുടെ ആധുനികവൽക്കരണമാണ്‌ പ്രധാനം. നിലവിലുള്ള എല്ലാ വർക്ക്‌ ഷോപ്പുകളും കാലാനുസൃതമായി നവീകരിക്കും. ഐടി അധിഷ്ഠിത ക്ലാസ്‌ മുറികളുമൊരുങ്ങും. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കുകൾ, ഉന്നത നിലവാരമുള്ള ക്യാമ്പസ്‌ റോഡുകൾ, നടപ്പാതകൾ, വൈദ്യുത വിളക്കുകൾ, ഓവുചാലുകൾ, പൂന്തോട്ടം തുടങ്ങിയവയും ഒരുങ്ങും. നിലവിലുള്ള കെട്ടിടം മോടിപിടിപ്പിക്കുന്നതിനൊപ്പം പുതിയ കെട്ടിടങ്ങളും നിർമിക്കും. ഭൂഗർഭ ജലസംഭരണിയും പദ്ധതിയിലുണ്ട്‌. 
സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച മൂന്ന്‌ ഐടിഐകളിൽ ഒന്നായിരുന്നു തോട്ടടയിലേത്‌. ദേശീയ പാതയോരത്ത് 17 ഏക്കർ സ്ഥലത്താണ്‌  ഐടിഐ പ്രവർത്തിക്കുന്നത്‌.  ഇന്ന് 21 ട്രേഡുകളിലായി 1200 പരിശീലനാർഥികളും 120 ജീവനക്കാരുമുള്ള  ഐഎസ്‌ഒ  2015 സർട്ടിഫിക്കേഷനുള്ള  മികച്ച സ്ഥാപനമാണ്. 
ശാസ്ത്ര സാങ്കേതിക വളർച്ചക്കനുസരിച്ച് ജോലിസാധ്യത കുറഞ്ഞ എംആർടിവി, ഫൗണ്ടറിമാൻ, എഫ്‌എച്ച്‌ടി, സ്റ്റെനോഗ്രഫി  ട്രേഡുകൾ നിർത്തുകയും തൊഴിൽ സാധ്യതയേറെയുള്ള ടെക്നീഷ്യൻ പവ്വർ ഇലക്ട്രോണിക്സ്, അഡ്വാൻസ്ഡ് വെൽഡിങ്ങ് ടെക്നോളജി, മെക്കാട്രോണിക്സ് തുടങ്ങിയ പുതിയ ട്രേഡുകൾ ആരംഭിക്കുകയും ചെയ്തു. വിവിധ കമ്പനികൾ നിലവിൽ ഏറ്റവും കൂടുതൽ ട്രെയിനികളെ പ്ലേസ്‌മെന്റിനായി തെരഞ്ഞെടുക്കുന്നത് കണ്ണൂർ ഐടിഐയിൽനിന്നാണ്.  
 അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഒന്നാം ഘട്ടത്തിന്റെ ഉദ്‌ഘാടനം ചൊവ്വാഴ്‌ച മന്ത്രി ടി പി രാമകൃഷ്ണൻ നിർവഹിക്കും. മൂന്നിന്‌ വീഡിയോ കോൺഫറൻസ്‌ വഴി നടക്കുന്ന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനാകും.  കോർപ്പറേഷൻ മേയർ  സി സീനത്ത് മുഖ്യാതിഥിയാകും. 
റീജണൽ ഡയറക്ടറേറ്റിന്റെ പുതിയ കെട്ടിടവും ചടങ്ങിൽ ഉദ്‌ഘാടനംചെയ്യും. മലബാറിലെ ഏഴ്‌ ജില്ലകളുടെ ചുമതലയുള്ള റീജണൽ ഡയറക്ടറേറ്റ് 1997 ലാണ് കണ്ണൂരിൽ ആരംഭിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top