ധർമശാല
അഭ്യസ്‌തവിദ്യരായ യുവജനങ്ങളുടെ തൊഴിൽ സ്വപ്നം യാഥാർഥ്യമാക്കുന്നതിന് മെഗാ തൊഴിൽമേള തുടങ്ങി. ധർമശാല കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ മന്ത്രി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്‌തു. വൈജ്ഞാനിക കേരളത്തെ മൂലധനമാക്കി നവകേരള സൃഷ്ടിക്കാണ് തൊഴിൽ മേളകളിലൂടെ സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അഞ്ചുവർഷത്തിനിടെ 20 ലക്ഷംപേർക്ക് തൊഴിലാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷയായി. എം സലീം, ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ, പ്രകാശൻ കൊയിലേരിയൻ, പി പ്രകാശൻ, കെ രമേശൻ, കെ ദിവാകരൻ, ടി ഒ ഗംഗാധരൻ എന്നിവർ സംസാരിച്ചു. കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജി കൗൺസിൽ (കെ ഡിസ്‌ക്), കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസ് (കെയ്‌സ്) , ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിലാണ് തൊഴിൽമേള സംഘടിപ്പിച്ചത്. 1500 ഉദ്യോഗാർഥികൾ പങ്കെടുത്തു. 51 കമ്പനികളുമുണ്ടായി. 11 കമ്പനികൾ ഓൺലൈനായാണ് പങ്കെടുത്തത്.ഡിജിറ്റൽ വർക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം പ്ലാറ്റ്‌ഫോം വഴിയാണ് തൊഴിലന്വേഷകർക്ക് അനുയോജ്യമായ തൊഴിൽ തെരഞ്ഞെടുക്കുന്നതിന് അവസരമൊരുക്കിയത്. മേള വെള്ളിയാഴ്ച സമാപിക്കും. കേരള അക്കാദമി ഫോർ സ്‌കിൽ എക്സലൻസ് സംഘടിപ്പിക്കുന്ന തൊഴിൽ മേള രാവിലെ 9.30ന് മന്ത്രി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ഡോ. വി ശിവദാസൻ എംപി അധ്യക്ഷനാകും. ഒരാൾക്ക് അഞ്ച് കമ്പനി ഒഴിവുകളിൽ അപേക്ഷിക്കാം. രജിസ്റ്റർ ചെയ്തവർക്ക് പുറമെ സ്‌പോട്ട് രജിസ്‌ട്രേഷനും സൗകര്യമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..