25 April Thursday

വിതയ്‌ക്കാൻ കർഷകൻ മെതിക്കാൻ പന്നിക്കൂട്ടം

സ്വന്തം ലേഖകൻUpdated: Thursday Jan 14, 2021

ചാമ്പാട് വയലിൽ പന്നിക്കൂട്ടം നശിപ്പിച്ച കൃഷിയിടത്തിൽ ശശീന്ദ്രൻ കോട്ടായി

പിണറായി> കർഷകരുടെ സ്വസ്ഥത കെടുത്തി പന്നിക്കൂട്ടം  കാർഷിക വിളകൾ കുത്തിമലർത്തുന്നു. 
വേങ്ങാട്‌ പഞ്ചായത്തിൽ വിവിധയിടങ്ങളിൽ കൊയ്യാൻ പാകമായ  നെല്ലും വിളവെടുക്കാറായ കപ്പയും നശിപ്പിച്ചു. ചാമ്പാട് വയലിലെ നെല്ലും ഊർപ്പള്ളിയിലെ കപ്പയുമടക്കം അഞ്ചേക്കറിലെ കൃഷിയാണ്‌  പന്നികൾ  കൂട്ടമായെത്തി  കുത്തിമറിച്ചത്‌. അടുത്തയാഴ്ച വിളവെടുക്കേണ്ട പാടത്താണ്‌ നാശം. ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ട്‌. വൈക്കോൽപോലും ഉപയോഗിക്കാനാകാത്ത  നിലയിൽ വിള ചെളിയിൽ പുതഞ്ഞു. 

മൃഗീയം, കുത്തിമലർത്തൽ
പന്നി നശിപ്പിച്ച വാഴകൾ പിഴുതു മാറ്റി പുതിയ വാഴക്കന്ന് നട്ടെങ്കിലും ഇവയും നശിപ്പിച്ചു. 
വടിയിൽ കോൽനാട്ടി തുണി കെട്ടിയും റിബൺ ചുറ്റിയുമൊക്കെ പന്നികളെ തുരത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫലമുണ്ടായില്ല.ശശീന്ദ്രൻ കോട്ടായി,  പൊനത്തിലത്ത് യശോദ, മരുവോട്ടിൽ നാരായണി, മരുവോട്ടിൽ രമ, ചേലേരി സതീശൻ, വാളോടത്ത് രതീശൻ, കലങ്ങോട്ട് ശാരദ, കണ്ണിപൊയിൽ അസീസ് എന്നിവരുടെ നെൽകൃഷി നശിച്ചു. കണ്ണിപൊയിൽ അസീസ് ഊർപ്പള്ളിയിലെ ഒന്നര ഏക്കറിൽ ഇറക്കിയ കപ്പയും പൂർണമായും നശിപ്പിച്ചു. പല ചെറു കർഷകരുടെയും സ്ഥിതി ഇതുതന്നെയാണ്. പച്ചക്കറി കൃഷിയും അവതാളത്തിലാണ്. പന്നിശല്യം തടയാൻ നടപടിയെടുക്കണമെന്നും  നഷ്ടപരിഹാരം കർഷകർക്ക് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട്‌ കർഷകർ വേങ്ങാട് പഞ്ചായത്തിലും കൃഷി ഓഫിസിലും പരാതി നൽകി.  
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top