20 April Saturday

വസ്‌തുത മൂടിവച്ച്‌ മാധ്യമ നുണ: എം വി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021
കണ്ണൂർ
പഞ്ചായത്ത്‌ സ്റ്റാൻഡിങ്‌ കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ മാട്ടൂലിൽ എൽഡിഎഫ് എസ്ഡിപിഐയെ പിന്തുണച്ചുവെന്ന മാധ്യമ വാർത്ത പച്ചക്കള്ളമാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  ആകെയുള്ള 17ൽ മൂന്നു സീറ്റ്‌ എൽഡിഎഫിനാണ്‌. എസ്ഡിപിഐക്കും മൂന്ന്.  രണ്ടുകൂട്ടരും ഒന്നിച്ചുനിന്നാലും കേവല ഭൂരിപക്ഷമാവില്ല. എൽഡിഎഫിന്റെ മൂന്നുപേരിൽ  ഒരാൾമാത്രമാണ് വനിത–- പി പി ശ്രീജ. അവരെ പൊതുമണ്ഡലമായ ആരോഗ്യ–- വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റിയിലേക്ക് മത്സരിപ്പിക്കുകയായിരുന്നു. ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റിയിൽ പി ജയനും വികസനകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റിയിൽ എൽഡിഎഫ് സ്വതന്ത്രനായ അബ്ദുൾ കലാമുമാണ് പത്രിക നൽകിയത്. അബ്ദുൾ കലാമും പി ജയനും തെരഞ്ഞെടുക്കപ്പെട്ടു. ശ്രീജയ്‌ക്കും  എസ്ഡിപിഐയുടെ മുഹമ്മദ് അനസിനും തുല്യവോട്ടായതിനാൽ നറുക്കെടുപ്പിൽ അനസ്‌ ജയിച്ചു.  ഈ വസ്തുത മറച്ചുവച്ച്‌ എസ്ഡിപിഐയെ എൽഡിഎഫ് പിന്തുണച്ചുവെന്ന്‌ പച്ചക്കള്ളം തള്ളിവിട്ടത് മാധ്യമധർമത്തിന് നിരക്കുന്നതല്ല. മുഴപ്പിലങ്ങാട് പഞ്ചായത്ത്‌ സ്റ്റാൻഡിങ്‌ കമ്മിറ്റി തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ, കോൺഗ്രസ്‌,  ലീഗ് കൂട്ടുകെട്ടായിരുന്നു. ഇതേക്കുറിച്ച്‌ പത്രം ഒരു വാർത്തയും നൽകിയില്ല. 
മുഴപ്പിലങ്ങാട് പഞ്ചായത്തിൽ ആകെയുള്ള 15 അംഗങ്ങളിൽ എൽഡിഎഫ് ആറ്‌, യുഡിഎഫ് അഞ്ച്‌, എസ്ഡിപിഐ നാല്‌ എന്നിങ്ങനെയാണ് കക്ഷിനില. പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ വെവ്വേറെ മത്സരിച്ചതിനാൽ കൂടുതൽ വോട്ടുള്ള എൽഡിഎഫ് പ്രതിനിധി വിജയിച്ചു. വൈസ് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഒരുകൂട്ടർ മാറിനിന്നതിനാൽ അതും എൽഡിഎഫിനു  ലഭിച്ചു. സ്റ്റാൻഡിങ്‌ കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിലെ വോട്ടുനില ഇപ്രകാരമാണ്‌: വികസനം–- എൽഡിഎഫ് ആറ്‌,  യുഡിഎഫ്–-എസ്ഡിപിഐ കൂട്ടുകെട്ട് എട്ട്‌, ആരോഗ്യം–- എൽഡിഎഫ് ആറ്‌, യുഡിഎഫ്–- എസ്ഡിപിഐ കൂട്ടുകെട്ട് ഒമ്പത്‌. ക്ഷേമം–- എൽഡിഎഫ് ആറ്‌, യുഡിഎഫ്–- എസ്ഡിപിഐ കൂട്ടുകെട്ട് ഒമ്പത്‌. മൂന്നു വനിതാ പ്രതിനിധികളിൽ ഒരെണ്ണം കോൺഗ്രസിനും രണ്ട്‌ എസ്ഡിപിഐക്കും ലഭിച്ചു. യുഡിഎഫ്–- എസ്ഡിപിഐ കൂട്ടുകെട്ട് ഇല്ലായിരുന്നുവെങ്കിൽ ഇത്തരമൊരു ഫലമുണ്ടാകില്ല. 
എസ്ഡിപിഐ, എൽഡിഎഫ് കൂട്ടുകെട്ടെന്ന കള്ളം പ്രചരിപ്പിക്കുകയും എസ്ഡിപിഐയുമായി കൂട്ടുകെട്ടുണ്ടാക്കുകയുമാണ് കോൺഗ്രസും ലീഗും ചെയ്തത്.
ആ സത്യം മൂടിവച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന  പത്രവാർത്ത ഈ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയവരെപ്പോലും അമ്പരപ്പിക്കുന്നതാണെന്ന്‌ എം വി ജയരാജൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top