20 April Saturday

ബസ്സുകൾക്ക്‌ രാത്രി വിശ്രമം; യാത്രക്കാർക്ക്‌ ദുരിതം

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022
കണ്ണൂർ
രാത്രികാലങ്ങളിൽ ബസ്സുകൾ സർവീസ്‌ മുടക്കുന്നത്‌ യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ജില്ലയിലെ പ്രധാന റൂട്ടുകളിലെല്ലാം രാത്രി സർവീസ്‌ മുടക്കം പതിവാകുകയാണ്‌. ചില റൂട്ടുകളിൽ രാത്രി ഏഴുമണിക്കുശേഷം ഒന്നോ രാണ്ടോ ബസ്സുകൾ മാത്രമാണ്‌ സർവീസ്‌ നടത്തുന്നത്‌. 
കോവിഡ്‌ കാലത്ത്‌ നിയന്ത്രണങ്ങളുടെ ഭാഗമായി ബസുകൾ രാത്രി സർവീസുകൾ നടത്തിയിരുന്നില്ല. സമാന സ്ഥിതിയാണ്‌ നിലവിൽ ജില്ലയിലെ പല പ്രധാന റൂട്ടുകളിലും. കണ്ണൂർ–- കൂത്തുപറമ്പ്‌, കണ്ണൂർ –- തലശേരി, തലശേരി–- കൂത്തുപറമ്പ്‌, കണ്ണൂർ തളിപ്പറമ്പ്‌, കണ്ണൂർ –- മട്ടന്നൂർ റൂട്ടുകളിലെല്ലാം രാത്രികാലങ്ങളിൽ പെർമിറ്റുള്ള മുഴുവൻ ബസ്സുകളും സർവീസ്‌ നടത്തുന്നില്ലന്ന്‌ പരാതിയുണ്ട്‌. 
സ്വകാര്യ ബസ്‌ വ്യവസായത്തിലെ പ്രതിസന്ധികൾമൂലം  പല റൂട്ടിലും പകൽ സമയങ്ങളിൽ തന്നെ ബസ്സുകൾ കുറവാണ്‌. കോവിഡ്‌ അടച്ചിടലിനുശേഷം സർവീസ്‌ പുനരാരംഭിക്കാത്ത ബസ്സുകളുമുണ്ട്‌. ഒറ്റ ബസ്സുള്ള ഉടമകളാണ്‌ സർവീസ്‌ നിർത്തിയവരിലേറെയും. ഇവർക്ക്‌ പകരം ബസ്സുകൾ സർവീസ്‌ നടത്തുന്നുമില്ല. പകൽ സമയത്തുപോലും ചില റൂട്ടുകളിൽ ബസ്സുകൾ സമയക്രമം പാലിക്കുന്നില്ലെന്നും പരാതിയുണ്ട്‌. ഒരേ ഉടമയുടെ ബസ്സുകളാണ്‌ അടുത്തടുത്ത സമയങ്ങളിൽ സർവീസ്‌ നടത്തേണ്ടതെങ്കിൽ ഒരു ബസുമാത്രം സർവീസ്‌ നടത്തുന്ന സ്ഥിതിയാണ്‌. അടുത്തടുത്ത മൂന്ന്‌ ബസ്സുകളുടെ സമയമെടുത്ത്‌ പോകുന്ന ബസ്സുകളുമുണ്ട്‌.  
കണ്ണൂർ–- കൂത്തുപറമ്പ്‌ റൂട്ടിൽ ഏഴു മണിക്കുശേഷം ചില ദിവസങ്ങളിൽ രണ്ടു ബസ്സുകൾ മാത്രമേ സർവീസ്‌ നടത്തുന്നുള്ളൂവെന്ന യാത്രക്കാരുടെ പരാതിയെത്തുടർന്ന്‌ എൻഫോഴ്‌സ്‌മെന്റ്‌ ആർടിഒ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ പെർമിറ്റുള്ള ബസ്സുകൾ ഓടാറില്ലെന്ന്‌ വ്യക്തമായി. രണ്ടു ബസ്സുകൾക്ക്‌ ഏഴായിരത്തോളം രൂപ പിഴയുമിട്ടു. നടപടിയുണ്ടായിട്ടും ഒരു മണിക്കൂറോളമാണ്‌ ഇപ്പോഴും ബസിനായി കാത്തിരിക്കേണ്ടി വരുന്നതെന്ന്‌ യാത്രക്കാർ പറയുന്നു. ഷോപ്പുകളിലും മറ്റും തുച്ഛവരുമാനത്തിന്‌ ജോലിചെയ്യുന്നവരാണ്‌ ബസ്സുകൾ ട്രിപ്പ്‌ മുടക്കുന്നതിലൂടെ ദുരിതത്തിലാകുന്നത്‌. നേരത്തെ മംഗളൂരുവിലും മറ്റുമായി ചികിത്സാ ആവശ്യത്തിന്‌ പോയി വരുന്നവർക്ക്‌ കണ്ണൂരിൽനിന്ന്‌ ഏതുഭാഗത്തേക്കും ഒമ്പത്‌ മണിവരെയെങ്കിലും ബസ്‌ കിട്ടിയിരുന്നു. ഈ ആശ്വാസമാണ്‌ ബസ്സുകൾ ട്രിപ്പ്‌ മുടക്കുന്നതിലൂടെ ഇല്ലാതാകുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top