25 April Thursday

പേമാരി തോറ്റു; മണ്ണറിഞ്ഞവന്റെ നിശ്‌ചയദാർഢ്യത്തിൽ

ജ്യോതിഷ്‌ ബാലകൃഷ്‌ണൻUpdated: Saturday Sep 12, 2020
ചെങ്ങളായി 
പത്തേക്കർ നെൽകൃഷി പ്രളയത്തിൽ നശിച്ചിട്ടും പ്രദീപൻ പിൻവാങ്ങിയില്ല. മണ്ണ്‌ ചതിക്കില്ലെന്ന‌ ഉറപ്പിൽ ജൈവകൃഷിയിൽ പുത്തൻ പരീക്ഷണങ്ങളുമായി‌ പെരുങ്കോന്നിലെ കളത്തിൽ വീട്ടിൽ പ്രദീപൻ വയലിലേക്കിറങ്ങി. 
ബസ് ക്ലീനറായിരുന്ന ഇദ്ദേഹം 20 വർഷം മുമ്പായിരുന്നു കാർഷികജീവിതത്തിലേക്ക് തിരിഞ്ഞത്. അഞ്ച് ഏക്കർ സ്ഥലത്തും തരിശായിക്കിടന്ന മറ്റ് കൃഷിയിടത്തിലും നൂറുമേനി വിളയിച്ചു. നെല്ലും വാഴയും പച്ചക്കറികളുമായിരുന്നു ആദ്യകാലത്ത്‌. പിന്നീട് മീനും കോഴിയും മുയലുമെല്ലാം കൃഷിയിൽ ഉൾപ്പെടുത്തി. ട്രാക്ടർ  ഉപയോഗിച്ച് നെൽവയൽ ഒരുക്കുന്നതുമുതൽ കൊയ്തെടുക്കുന്നതുവരെ പ്രദീപൻ തനിച്ചാണ്. വിവിധ പ്രദേശങ്ങളിലൂടെയുള്ള യാത്രയിലൂടെയാണ്‌ കൃഷിരീതികൾ പഠിച്ചത്‌. ഈ യുവകർഷകന്റെ ലക്ഷങ്ങളുടെ കൃഷിയാണ്‌ നിനച്ചിരിക്കാതെ പ്രളയത്തിൽ നശിച്ചത്‌. 
പ്രതീക്ഷയോടെ നട്ടുനനച്ചത് ആറിനങ്ങൾ
ഈ വർഷം പത്തേക്കർ പാടത്ത് ഉമ, ജയ, മണിരത്ന, മഹാമായ, നമ്പ്യാർവട്ടം, കുട്ടുമുണ്ടകൻ എന്നീ വിത്തുകളായിരുന്നു ഉപയോഗിച്ചത്. ആഗസ്‌തിൽ  കുതിച്ചെത്തിയ മലവെള്ളത്തിൽ കുതിർന്നതോടെ നെൽച്ചെടികൾ അഴുകി പാടത്താകെ ദുർഗന്ധം വമിക്കാൻ തുടങ്ങി. ചെങ്ങളായി കൃഷിഭവന്റെ ചുമതലയുള്ള കുറുമാത്തൂർ കൃഷി ഓഫീസർ രാമകൃഷ്ണൻ മാവിലയാണ് അവസാന പരീക്ഷണമെന്ന നിലയിൽ പന്നിയൂർ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.പി ജയരാജിന്റെ സഹായം തേടിയത്.
മാറ്റിമറിച്ച പരീക്ഷണം
ഡോ.പി ജയരാജിന്റെ നേതൃത്വത്തിൽ യാമിനി വർമ, ഡോ. മഞ്ജു അനു, റെനിഷ എന്നിവരടങ്ങുന്ന വിദഗ്‌ധസംഘം പരിശോധന നടത്തി വയലിൽ ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന് തിരിച്ചറിഞ്ഞു. 
വയലിലേക്ക് വെള്ളമെത്തുന്ന കൈത്തോടിൽ ബ്ലീച്ചിങ് പൗഡർ കിഴി കെട്ടിയിടാൻ നിർദേശിച്ചു. ഇതോടൊപ്പം ചേറ് മരത്തിന്റെ ഇലകളും ചാണകവും ചേർത്ത വെള്ളത്തിൽ മുളക് പൊടിയും ചേർത്ത് നെൽ വയലിൽ തളിക്കാനും പറഞ്ഞു. 
ബോറോൺ മിശ്രിതവും തളിച്ചു. ഏവരെയും അത്ഭുതപ്പെടുത്തി നശിച്ച് തുടങ്ങിയ കതിരാകെ വീണ്ടും പച്ച വിരിച്ചു. കാർഷിക വിദഗ്ധരെയാകെ അതിശയിപ്പിച്ചിരിക്കുകയാണ് ഈ പുതിയ പരീക്ഷണം. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top