29 March Friday

ഇരിട്ടി താലൂക്കാശുപത്രിയിൽ 
പ്രസവചികിത്സ തിരികെയെത്തുന്നു

വെബ് ഡെസ്‌ക്‌Updated: Thursday May 12, 2022

ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി ഐപി തുടങ്ങുന്ന ലക്ഷ്യ മാതൃ–- ശിശു ബ്ലോക്ക്‌ കെട്ടിടം

ഇരിട്ടി
ഇരിട്ടി താലൂക്ക് ആശുപത്രിയിൽ 18 വർഷത്തിനുശേഷം ഗൈനക്കോളജി ഐപി വാർഡ് പ്രവർത്തനക്ഷമമായി. ദേശീയ ആരോഗ്യദൗത്യം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ലക്ഷ്യ മാതൃ- ശിശു വാർഡിലാണ്‌ കിടത്തിചികിത്സ ആരംഭിക്കുന്നത്.
  എൻഎച്ച്എം ഫണ്ടുപയോഗിച്ച്‌  3.19 കോടി രൂപ മുടക്കിയാണ്‌ ആധുനിക സൗകര്യങ്ങളോടെ വാർഡ്‌ നിർമിച്ചത്‌. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടും ഗൈനക്കോളജി വിഭാഗം തുടങ്ങാനായില്ല. നഗരസഭാ  ഭരണസമിതിയും ആശുപത്രി വികസന സമിതിയും നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ്‌ കിടത്തിചികിത്സ തുടങ്ങുന്നത്‌. 
 ഒരുമാസം മുമ്പ്‌ ഗൈനക്കോളജിസ്റ്റിനെ നിയമിച്ച്‌ ഒപി ആരംഭിച്ചു. ജോലി ക്രമീകരണ വ്യവസ്ഥയിൽ ഹെഡ്‌ നഴ്‌സ്, അഞ്ച് സ്റ്റാഫ് നഴ്‌സ്, മൂന്ന് നഴ്‌സിങ് അസിസ്റ്റന്റ്, അറ്റൻഡർ നിയമനം കൂടിയായി.  അനസ്‌തേഷ്യ വിഭാഗത്തിലും നിയമന സാധ്യത തെളിഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ നഗരസഭ 31ലക്ഷം രൂപ അനുവദിച്ചു. ഓപ്പറേഷൻ തീയേറ്ററും ഉടൻ പ്രവർത്തനക്ഷമമാകും. കൂടുതൽ ഡോക്ടർ, ജീവനക്കാർ എന്നിവരെ അനുവദിച്ചുകിട്ടാനുള്ള ശ്രമങ്ങളും നടക്കുന്നു. 
 കിടത്തി ചികിൽസാ വിഭാഗം 13ന് രാവിലെ  10ന്‌ നഗരസഭാ ചെയർമാൻ കെ ശ്രീലത ഉദ്ഘാടനം ചെയ്യും. പ്രസവമുറി, ഓപ്പറേഷൻ തീയറ്റർ, തീവ്രപരിചരണ വിഭാഗം,  സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വാർഡുകൾ എന്നിവ ഒരുക്കി. ഗൈനക്കോളജി വിഭാഗത്തിൽ 50പേരെ കിടത്തി ചികിത്സിക്കാൻ സൗകര്യമൊരുക്കി. പിഎച്ച്‌സിയായിരിക്കെ ഏറ്റവും കൂടുതൽ ചികിത്സയും പ്രസവങ്ങളും നടത്തിയ ആശുപത്രിയായിരുന്നു ഇത്‌.  
ആത്യാഹിത വിഭാഗവും 
പുതിയ കെട്ടിടത്തിലേക്ക്‌
പഴയ ബ്ലോക്കിൽ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം 13 മുതൽ മാതൃ –-ശിശു ബ്ലോക്കിലെ പുതിയ കെട്ടിടത്തിലേക്ക്‌ മാറ്റുമെന്ന്‌ നഗരസഭാ ചെയർമാൻ കെ ശ്രീലത വാർത്താസമ്മേളനത്തിൽ പറഞ്ഞു. രോഗികളുടെ സൗകര്യം മാനിച്ചാണിത്‌. നിലവിൽ  700 ഓളം പേർ ഒപിയിൽ എത്തുന്നുണ്ട്‌. 24 മണിക്കൂർ പ്രവർത്തിക്കുന്ന ആശുപത്രിയിലെ ഡയാലിസിസ് സെന്ററിൽ ഇതുവരെ 8019 പേർക്ക്‌ സൗജന്യ ഡയാലിസിസ് നൽകി. വൈസ് ചെയർമാൻ പി പി ഉസ്മാൻ, ആശുപത്രി സൂപ്രണ്ട് പിപി രവീന്ദ്രൻ, നഗരസഭാ സെക്രട്ടറി കെ അഭിലാഷ്, കൗൺസിലർമാരായ കെ നന്ദനൻ, വി പി അബ്ദുൾ റഷീദ്, പി കെ ബൾക്കീസ്, കെ പി അജേഷ്, ടി കെ ഫസീല എന്നിവരും വാർത്താസമ്മേളനത്തിൽ  പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top