29 March Friday

യാത്രകൾ ജനകീയമാക്കി ‘സ്വപ്‌നതീരം’

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022

 

കണ്ണൂർ
യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക്‌ ഉല്ലാസത്തിന്റെ സ്വപ്‌നതീരമൊരുക്കുകയാണ്‌ മുഴപ്പിലങ്ങാട്‌ സർവീസ്‌ സഹകരണബാങ്ക്‌. കോവിഡ്‌ മുരടിപ്പുകൾ മറികടന്ന്‌ മുന്നേറുന്ന ടൂറിസത്തിനൊപ്പം വീണ്ടുമൊരു കുതിപ്പിനൊരുങ്ങുകയാണ്‌ മുഴപ്പിലങ്ങാട്‌ സർവീസ്‌ സഹകരണബാങ്കിന്റെ പുതുസംരംഭമായ ‘സ്വപ്‌നതീരം’. 
അതിരുകളില്ലാത്ത യാത്രാ അനുഭവങ്ങൾ സമ്മാനിച്ചാണ്‌ സ്വപ്‌നതീരം സഞ്ചാരികളുടെ മനസിലിടം നേടിയത്‌. യാത്രകൾ സംഘടിപ്പിക്കുന്നതിനപ്പുറം യാത്രകൾക്കായി എല്ലാ സൗകര്യവും ഒരുക്കി നൽകുന്നുവെന്നതും സ്വപ്‌നതീരത്തെ വേറിട്ടതാക്കുന്നു. 2007ൽ പ്രവർത്തനം തുടങ്ങിയ ഈ സംരംഭം യാത്രകളെ ജനകീയമാക്കുന്നതിലും സാധാരണക്കാരെക്കൂടി യാത്രകളിലേക്ക്‌ വഴിതിരിച്ചുവിടുന്നതിലും  വഹിച്ച പങ്കു ചെറുതല്ല. 
  വിമാനയാത്രകൾ സ്വപ്‌നം കാണാൻ സാധാരണക്കാരെ പ്രേരിപ്പിച്ചതും സ്വപ്‌നതീരം തന്നെ. ആകാശവും കടലും പരിചയപ്പെടുത്തിയുള്ള യാത്രകൾക്ക്‌ നല്ല പ്രതികരണമായിരുന്നു. കണ്ണൂരിൽനിന്ന്‌ കൊച്ചിയിലേക്ക്‌ വിമാനയാത്രയും കൊച്ചിയിൽ കപ്പൽ യാത്രയും തിരിച്ച്‌ ട്രെയിൻ യാത്രയുമടങ്ങുന്നതായിരുന്നു പാക്കേജ്‌. വീട്ടമ്മമാരടക്കം നിരവധി പേരാണ്‌ ഇത്‌ ഉപയോഗപ്പെടുത്തിയത്‌. 
കണ്ണൂർ വിമാനത്താവളത്തിൽനിന്ന്‌ ഏറ്റവും കൂടുതൽ യാത്രക്കാരെ അയച്ച ടൂർ ഓപ്പറേറ്റർ എന്ന ബഹുമതിയും സഹകരണമേഖലയിലെ ഈ സ്ഥാപനത്തിന്‌ സ്വന്തമായി. തുടർച്ചയായി യാത്രികരുമായി എത്തിയതിന്‌ നേപ്പാൾ സർക്കാരിന്റെ ആദരവും തേടിയെത്തി. റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്കും യാത്ര സംഘടിപ്പിച്ചു. തായ്‌ലൻഡ്‌, മലേഷ്യ, സിംഗപ്പുർ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കും  യാത്രകൾ സംഘടിപ്പിച്ചിട്ടുണ്ട്‌. ഫ്ലൈറ്റ്‌, ട്രെയിൻ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യലും വിസ സ്‌റ്റാമ്പിങ്ങടക്കമുള്ള സർവീസുകളും സ്വപ്‌നതീരം ഏറ്റെടുക്കുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top