05 October Thursday

സ്‌കൂൾ പരിസരങ്ങളും 
ലഹരിമാഫിയയുടെ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022
കണ്ണൂർ
സ്‌കൂൾ പരിസരങ്ങൾ ലഹരിമാഫിയയുടെ പിടിയിലമരുന്നു. പിടിക്കപ്പെടാൻ സാധ്യത കുറവായതിനാൽ ലഹരിമാഫിയാ സംഘം കാരിയർമാരായും കുട്ടികളെ ഉപയോഗിക്കുന്നുണ്ട്‌. നഗരത്തിലെ വിവിധ സ്‌കൂളുകൾ കേന്ദ്രീകരിച്ചും സിറ്റി, പയ്യാമ്പലം പോലുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചുമാണ്‌ കണ്ണൂർ നഗരത്തിൽ വിൽപ്പനയും ഉപയോഗവും നടക്കുന്നത്‌. സ്‌കൂളുകളിലും ലഹരിമരുന്നുകളുടെ സജീവ സാന്നിധ്യമുണ്ടെന്നത്‌ ഉറപ്പിക്കുന്നതാണ്‌ കണ്ണൂർ നഗരത്തിലെ ഒരു ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനിയുടെ വെളിപ്പെടുത്തൽ. 
സഹപാഠി സ്ഥിരമായി ലഹരിമരുന്ന്‌ നൽകാറുണ്ടെന്നും ശാരീരികമായി ഉപയോഗിച്ചെന്നും പൊലീസിന്‌ മൊഴി നൽകിയ ഒമ്പതാം ക്ലാസുകാരിയാണ്‌ കൂടുതൽ കുട്ടികൾ ലഹരി ഉപയോഗിക്കുന്നത്‌ സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്‌. കണ്ണൂർ നഗരത്തിലെ  സ്‌കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച്‌ ലഹരി മാഫിയയുടെ വലിയ ശൃംഖല പ്രവർത്തിക്കുന്നതായി പൊലീസിനും എക്‌സൈസിനും നേരത്തെ  വിവരം ലഭിച്ചിരുന്നു. 
കഞ്ചാവ്‌, ബ്രൗൺഷുഗർ, ഹെറോയിൻ, ഹാഷിഷ്‌ ഓയിൽ എന്നിവയ്‌ക്കുപുറമെ പുതിയ തലമുറ മയക്കുമരുന്നുകളായ എംഡിഎംഎ, എൽഎസ്‌ഡി, ടാബ്‌ലറ്റുകൾ  തുടങ്ങിയവയും വിദ്യാർഥികൾക്ക്‌ യഥേഷ്ടം ലഭിക്കുന്നുണ്ട്‌. ബൈക്ക്‌ അടക്കമുള്ള സൗകര്യങ്ങൾ സൗജന്യമായി നൽകിയാണ്‌ ലഹരി മാഫിയ ഇവരെ കണ്ണിചേർക്കുന്നത്‌.  വീടുകളിൽനിന്ന്‌ കൂടുതൽ പണം കിട്ടുന്നവരാണ്‌ പെട്ടെന്ന്‌ ഇവരുടെ കൈയിൽപ്പെടുന്നത്‌.  
 സൂക്ഷ്‌മ അളവിൽ കിട്ടിയാൽപോലും ഒരു ദിവസം മുഴുവൻ ലഹരിയിലിരിക്കാം എന്നതിനാൽ പുതിയ ലഹരിവസ്‌തുക്കളാണ്‌ കൂടുതലായി ഉപയോഗിക്കപ്പെടുന്നത്‌. ഇവ ഉപയോഗിക്കുന്നതിനുള്ള രീതികളും പരിശീലിപ്പിക്കുന്നുണ്ട്‌. ഗ്രൂപ്പുകളിൽനിന്ന്‌ ഗ്രൂപ്പുകളിലേക്കാണ്‌ ലഹരി ഉപയോക്താക്കൾ പടരുന്നത്‌.  വാട്‌സ്‌ ആപ്‌ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിച്ചാണ്‌ വിദ്യാർഥികൾക്കിടയിലും ഇവയുടെ കൈമാറ്റം.  ഫോണില്ലാത്തവർക്ക്‌ ഫോൺ നൽകുന്ന വിൽപ്പനക്കാരുമുണ്ട്‌.  
സാധനം എത്തിയാലുടൻ ഏജന്റുമാർ ചെറിയ പാക്കറ്റുകളാക്കി കുട്ടികൾ വഴി വിൽക്കുകയാണ്‌. നഗര പ്രാന്ത പ്രദേശത്തെ പല സ്‌കൂളുകളിലും നഗരത്തിലെ കുട്ടികൾ വഴി സാധനങ്ങൾ എത്തിക്കുന്നുണ്ട്‌. കുട്ടികൾ മിക്കവരും ഗ്രൂപ്പായാണ്‌ സാധനം വാങ്ങുന്നത്‌.  
ഉപയോഗം തുടങ്ങി ഒരു മാസത്തിനുള്ളിൽ ദിവസേന ലഭിച്ചില്ലെങ്കിൽ ഉറക്കം നഷ്ടപ്പെടുന്ന സ്ഥിതിയിലേക്ക്‌ എത്തിച്ചശേഷമാണ്‌ കുട്ടികളെ വിൽപ്പനക്ക്‌ ഉപയോഗിക്കുന്നത്‌. കുട്ടികളുടെ ബാഗുകൾ മരുന്ന്‌ സൂക്ഷിക്കാനുപയോഗിക്കുന്നവരുമുണ്ട്‌. ബാഗുകൾ ആരും പരിശോധിക്കില്ലെന്നതിനാലാണിത്‌.  ഇങ്ങനെ ഉപയോഗപ്പെടുത്തുന്ന കുട്ടികൾക്ക്‌ കുറഞ്ഞ നിരക്കിൽ മരുന്ന്‌ നൽകുന്നവരുമുണ്ട്‌.
 
കർശന നടപടി വേണം: ഡിവൈഎഫ്ഐ
കണ്ണൂർ 
നഗരത്തിൽ സ്കൂൾ വിദ്യാർഥിനിയെ മയക്കുമരുന്നിന് അടിമയാക്കി സഹപാഠി പീഡിപ്പിച്ച സംഭവത്തിൽ കുറ്റക്കാരെ മുഴുവൻ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 
കുട്ടിയുടെ മാതാപിതാക്കൾ നടത്തിയ വെളിപ്പെടുത്തലിൽനിന്നാണ് ഞെട്ടലുള്ളവാക്കുന്ന സംഭവം സമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കുട്ടികളെ വശത്താക്കാനുള്ള ലഹരി മാഫിയയുടെ ഇടപെടലിനെതിരെ പ്രതിരോധം തീർക്കാൻ ശക്തമായ സംവിധാനം ഉണ്ടാകണം. ലഹരി മാഫിയാ സംഘങ്ങൾക്കെതിരെ ഡിവൈഎഫ്ഐ നടത്തുന്ന ക്യാമ്പയിൽ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും. സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ജാഗ്രതാ സമിതികളുടെ പ്രവർത്തനവും ശക്തിപ്പെടുത്തും. 
യുവതലമുറ മയക്കുമരുന്നിന്റെ പിടിയിൽപെടാതിരിക്കാൻ സർക്കാർ സംവിധാനങ്ങളുമായി ചേർന്നുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും ഡിവൈഎഫ്‌ഐ അഭ്യർഥിച്ചു.
 
ആറുമാസത്തിനുള്ളിൽ  
പിടിയിലായത്‌ 214 പേർ
കണ്ണൂർ
ആറുമാസത്തിനുള്ളിൽ ജില്ലയിൽ ലഹരിക്കടത്തിന്‌ എക്‌സൈസ്‌ രജിസ്‌റ്റർ ചെയ്‌തത്‌ 216 കേസുകൾ. 214 പേരെയാണ്‌ ലഹരി കൈവശം വച്ചതിനും വിൽപ്പന നടത്തിയതിനും അറസ്‌റ്റുചെയ്‌തത്‌.  ജനുവരി മുതൽ ജൂൺ വരെയുള്ള കണക്കാണിത്‌. 35 കിലോ ഗ്രാം കഞ്ചാവാണ്‌ പിടികൂടിയത്‌. 43.90 ഗ്രാം എംഡിഎംഎ പിടികൂടി. ഫെബ്രുവരിയിൽ മാത്രം 40 ഗ്രാം എംഡിഎംഎ  പിടികൂടി. 70 ഗ്രാം മെത്താംഫെറ്റമിൻ പിടികൂടിയിട്ടുണ്ട്‌. 1006 ഗ്രാം ഹാഷിഷ്‌ ഓയിലും 36 ഗ്രാം ചരസും പിടികൂടി. 15 വാഹനങ്ങളും 13 മൊബൈൽ ഫോണുകളും പിടികൂടിയിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top