19 April Friday
ഭൂമി വിതരണത്തിന്‌ തുടക്കം

ഇവിടെ ഉയരും 12 കുടുംബങ്ങളുടെ സ്വപ്‌നം

വെബ് ഡെസ്‌ക്‌Updated: Sunday Jun 11, 2023

ഭൂരഹിത–- ഭവനരഹിതർക്കുള്ള സൗജന്യ ഭൂമി വിതരണത്തിന്റെ ഭാഗമായി ആദ്യ ഗുണഭോക്താവ്‌ അനീഷിന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ 
രേഖകൾ കൈമാറുന്നു

ആലക്കോട് (കണ്ണൂർ)
ഒരേക്കർ എട്ടര സെന്റിൽ ഇനിയുയരുക പന്ത്രണ്ട് കുടുംബങ്ങളുടെ സ്വപ്നങ്ങളാണ്. തറയായി, ചുമരായി, മേൽക്കൂരയായി സ്വപ്നങ്ങൾ വിരിയുമ്പോൾ ടോമി മൈക്കിളിന്റെയും സഹോദരീ ഭർത്താവ് ടോം ഫ്രാൻസിസിന്റെയും മനം നിറയും. ‘ഉയർച്ചതാഴ്‌ചകൾക്കതീതമായ സ്‌നേഹത്തി’ന്റെ ഉദാത്ത മാതൃകയായി ഇരുവരെയും ഈ നാട് ഏറ്റെടുക്കും.
എടക്കോത്ത്‌ സിപിഐ എം ചപ്പാരപ്പടവ് ലോക്കൽ സെക്രട്ടറി ടോമി മൈക്കിളും സഹോദരീ ഭർത്താവ് ടോം ഫ്രാൻസിസും ചേർന്ന്‌ ഭൂമിയോ വീടോ ഇല്ലാത്ത പാവങ്ങൾക്കായി നൽകുന്ന ഭൂവിതരണത്തിന്‌ ശനിയാഴ്‌ച തുടക്കമായി. ആദ്യഗുണഭോക്താവായ അനീഷിന്‌ ഭൂമിയുടെ രേഖകൾ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കൈമാറി. 25 ലക്ഷം രൂപയ്‌ക്കുവാങ്ങിയ ഒരേക്കർ എട്ടര സെന്റ്‌ സ്ഥലമാണ്‌ നിർധനരായ ഭവനരഹിതർക്ക്‌ വീട്‌ നിർമിക്കുന്നതിനായി ടോമി  മൈക്കിളും ടോം ഫ്രാൻസിസും വിട്ടുനൽകുന്നത്‌. ഭൂമിയുടെ രേഖകൾ എം വി ഗോവിന്ദനെ ഏൽപ്പിച്ചു. ടോമി മൈക്കിളും ടോം ഫ്രാൻസിസിന്റെ മകൻ ടെവിൻ ടോമും ചേർന്നാണ്‌ രേഖകൾ കൈമാറിയത്‌. 
 സിപിഐ എം എടക്കോം ബ്രാഞ്ച്‌ ഓഫീസിനായി നിർമിച്ച കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു ആദ്യ ഗുണഭോക്താവിനുള്ള ഭൂമികൈമാറ്റം. മറ്റ്‌ 11 കുടുംബങ്ങൾക്കുകൂടി ഭൂമി കൈമാറും. അർഹരായ ഗുണഭോക്താക്കളെ കണ്ടെത്താൻ സിപിഐ എം ചപ്പാരപ്പടവ് ലോക്കൽ കമ്മിറ്റി പ്രത്യേക സബ് കമ്മിറ്റിക്ക്‌ രൂപം നൽകിയിട്ടുണ്ട്‌.   
  ചടങ്ങിൽ ടോമി മൈക്കിൾ അധ്യക്ഷനായി. ഐആർപിസി ഓഫീസ് പി ജയരാജനും ടി വി ഗോപാലൻ സ്മാരക ഹാൾ എം കരുണാകരനും  ഉദ്ഘാടനം ചെയ്തു.  കോടിയേരി ബാലകൃഷ്ണന്റെ ഛായാചിത്രം ഏരിയാ സെക്രട്ടറി സാജൻ കെ ജോസഫ് അനാഛാദനം ചെയ്തു. ആദ്യകാല നേതാക്കളെ ആദരിക്കൽ പി വി ബാബുരാജും ലൈബ്രറി ഉദ്ഘാടനം പി രവീന്ദ്രനും അന്തരിച്ച മുൻ ബ്രാഞ്ച് സെക്രട്ടറിമാരുടെ ഫോട്ടോ അനാഛാദനം ടി പ്രഭാകരനും ഉപഹാര സമർപ്പണം കെ ഷീജയും നിർവഹിച്ചു. കെ പത്മനാഭൻ പതാക ഉയർത്തി. അഡ്വ. കെ അനൂപ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കെ കെ ദിലീപ് കുമാർ സ്വാഗതവും ടി ജി സന്തോഷ് നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top