26 April Friday

തളിപ്പറമ്പ്‌ സർവീസ്‌ സഹ. ബാങ്കിൽ ക്രമക്കേട്‌ നടന്നു: സതീശൻ പാച്ചേനി

വെബ് ഡെസ്‌ക്‌Updated: Sunday Oct 10, 2021
കണ്ണൂർ
കോൺഗ്രസ്‌ ഭരിക്കുന്ന തളിപ്പറമ്പ്‌ സർവീസ്‌ സഹകരണ ബാങ്കിൽ ക്രമക്കേട്‌ നടന്നതായി മുൻ ഡിസിസി പ്രസിഡന്റ്‌ സതീശൻ പാച്ചേനി.  ഏറെക്കാലമായി ക്രമക്കേട്‌ നടക്കുന്നതായി വ്യക്തമായിരുന്നു. ഇത്‌ തടയാൻ ചീഫ്‌ എക്സിക്യുട്ടീവ്‌ ഓഫീസറെ നിയോഗിക്കാൻ തീരുമാനിച്ചെങ്കിലും  ഒന്നരവർഷം കഴിഞ്ഞിട്ടും  നടപ്പാക്കാനായില്ലെന്നും പാച്ചേനി പറഞ്ഞു. ഡിസിസി പ്രസിഡന്റ്‌ മാർട്ടിൻ ജോർജിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഈ  വെളിപ്പെടുത്തൽ. 
വായ്‌പക്രമക്കേടുകളും നിയമനവിവാദവും ഉയർന്ന തളിപ്പറമ്പ്‌ സഹകരണ ബാങ്ക് പ്രസിഡന്റ്‌ കല്ലിങ്കീൽ പത്മനാഭനെ കോൺഗ്രസിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തുവെന്ന്  മാർട്ടിൻ ജോർജ്‌ പറഞ്ഞു. ബാങ്ക്‌ പ്രസിഡന്റ്‌ സ്ഥാനത്തുനിന്നും നഗരസഭാ വൈസ്‌ ചെയർമാൻ സ്ഥാനത്തുനിന്നും നീക്കാൻ തീരുമാനിച്ചിട്ടില്ല.
ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്തുള്ളവർക്ക് വായ്പ നൽകി വർഷങ്ങളായി തിരിച്ചടക്കാത്തതുൾപ്പെടെയുള്ള കാര്യത്തിൽ ബാങ്ക് പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. പ്രസിഡന്റ്‌ അമ്മയുടെപേരിൽ ബാങ്കിൽ നിന്നെടുത്ത വായ്പയ്ക്ക് കുടിശ്ശിക നിവാരണത്തിന്റെ മറവിൽ സഹകരണ നിയമം ലംഘിച്ച് പലിശയിളവ് സമ്പാദിച്ചതും അന്വേഷണത്തിൽ പുറത്തുവന്നു. വസ്തു പണയ വായ്പയിലും ഭവനവായ്‌പയിലും നടന്ന ക്രമക്കേടുകളും പുറത്തുവന്നു. സ്വന്തക്കാരുടെ കുടിശ്ശികയായ വായ്പ തിരിച്ചുപിടിക്കാതെ ബാങ്കിന്‌ നഷ്ടം വരുത്തിയതായും തെളിഞ്ഞിരുന്നു. മണ്ഡലം ഭാരവാഹികളുടെയും പ്രവർത്തകരുടെയും പരാതിയെത്തുടർന്ന്‌ ഡിസിസി നിയോഗിച്ച അന്വേഷണ കമീഷനും അഴിമതി കണ്ടെത്തിയിരുന്നു.   ഇതുവരെ പുറത്തുവന്ന ഈ  ക്രമക്കേടുകളെല്ലാം  സാധൂകരിച്ചതോടെ നേതൃത്വവും അഴിമതിക്ക് കൂട്ടുനിൽക്കുകയാണെന്ന് വ്യക്തം. 
പേരാവൂർ ഹൗസിങ് സൊസൈറ്റിയുമായി ബന്ധപ്പെട്ട്‌ ആരോപണമുന്നയിക്കാനാണ് വാർത്താ സമ്മേളനം വിളിച്ചത്. വാർത്താസമ്മേളനത്തിനിടെ തളിപ്പറമ്പ് അഴിമതി സമ്മതിച്ചതോടെ കോൺഗ്രസിന്റെ ഇരട്ടത്താപ്പും തുറന്നുകാട്ടപ്പെട്ടു. 
പേരാവൂർ സൊസൈറ്റിയിൽ  ഭരണസമിതിയാണ്‌ തട്ടിപ്പുനടത്തിയതെന്ന്‌ ഡിസിസി പ്രസിഡന്റ്‌ പറഞ്ഞു. സെക്രട്ടറി മാത്രമല്ല തട്ടിപ്പിന്‌ ഉത്തരവാദി. നിക്ഷേപകരുടെ പണം അടിയന്തരമായി തിരിച്ചുനൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top