01 July Tuesday

കോടതികളും 
സ്‌മാർട്ടാവണം

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023
തലശേരി
കോടതികളിൽ കേസിന്റെ അറിയിപ്പ്‌ സംവിധാനമില്ലാത്തത്‌ കക്ഷികൾക്കും അഭിഭാഷകർക്കും ബുദ്ധിമുട്ടാവുന്നതായി പരാതി. കേസ്‌ വിളിക്കുന്നതും പ്രതീക്ഷിച്ച്‌ കോടതി വരാന്തയിൽ മണിക്കൂറുകളോളം  കാത്തിരിക്കുന്നവരുടെ ദുരിതം ആരും കാണുന്നില്ല. ഹൈക്കോടതി സമുച്ചയത്തിൽ കേസിന്റെ വിവരങ്ങളും ഏത്‌ കോടതിയിൽ കേസ്‌ പരിഗണിക്കുന്നുവെന്നതും സ്‌ക്രീനിലൂടെ അറിയാൻ സംവിധാനമുണ്ട്‌. എന്നാൽ കീഴ്‌കോടതികളിൽ പലതിലും ഈ സംവിധാനമില്ല.  
  തലശേരിയും കണ്ണൂരുമടക്കം ജില്ലയിലെ വിവിധ കോടതികളിലായി നൂറോളം മോണിറ്ററും സർവറടക്കമുള്ള   സംവിധാനങ്ങളും ആറുവർഷം മുമ്പ്‌ സജ്ജീകരിച്ചതാണ്‌. ഓരോ കോടതിയിലും കേസ്‌ വിവരങ്ങളറിയിക്കാൻ മൂന്ന്‌ വീതം മോണിറ്ററാണ്‌ സ്ഥാപിച്ചത്‌. ബെഞ്ച്‌ക്ലർക്കിന്‌ മുന്നിൽ കംപ്യൂട്ടറടക്കമുള്ള സംവിധാനങ്ങളുമുണ്ട്‌. ഗ്യാരണ്ടി കലാവധി കഴിഞ്ഞ ഈ ഉപകരണങ്ങളൊന്നും ഇതേവരെ പ്രവർത്തിപ്പിക്കാനായിട്ടില്ല.  മാതൃകാകോടതികളിൽ മൈക്ക്‌സംവിധാനം ഉണ്ടെങ്കിലും അതും ഉപയോഗിക്കുന്നില്ല.   കേസ്‌ വിവരങ്ങൾ അറിയിക്കാൻ സംവിധാനമില്ലാത്തതിനാൽ കേസ്‌ വിളിക്കുന്നതിനായി അഭിഭാഷകരടക്കം കാത്തിരിക്കേണ്ടിവരുന്നു.
ദിവസവും നൂറുകണക്കിനാളുകൾ ആശ്രയിക്കുന്നതാണ്‌ ജില്ലയുടെ ജുഡീഷ്യൽ ആസ്ഥാനമായ തലശേരിയിലെ കോടതികൾ. ഓൺലൈനിൽ കേസുകൾ പരിഗണിക്കുന്ന കാലത്താണ്‌ ബെഞ്ച്‌ക്ലർക്ക്‌ പേര്‌ വിളിക്കുന്നതും കാത്ത്‌ കക്ഷികൾ ഇരിക്കേണ്ടിവരുന്നത്‌. മോണിറ്ററിലൂടെ വിവരങ്ങൾ തത്സമയം അറിയിച്ചാൽ കേസ്‌ വിളിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ ബന്ധപ്പെട്ട കോടതിയിൽ എത്താനാവും.  
ഇ കോർട്ട്‌ ആപ്പിലൂടെ ഹൈക്കോടതിയിലെ കേസ്‌ വിവരങ്ങൾ വിരൽതുമ്പിൽ അറിയാനുള്ള സംവിധാനമുണ്ടെങ്കിലും കീഴ്‌കോടതികൾ സാങ്കേതിക സംവിധാനത്തിൽ ഇനിയും സ്‌മാർട്ടായിട്ടില്ല. പുതിയ കോടതി സമുച്ചയത്തിലെങ്കിലും  ഈ ദുസ്ഥിതി പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ്‌ അഭിഭാഷകർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top