19 April Friday

വ്യവസായ ഭൂപടത്തിലേക്കുയരാൻ മട്ടന്നൂർ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022

മട്ടന്നൂർ കിൻഫ്ര പാർക്കിന്റെ കവാടം

മട്ടന്നൂർ
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സാധ്യതകളെ വ്യവസായ മേഖലയിൽകൂടി ഉപയോഗപ്പെടുത്തുകയെന്ന  ലക്ഷ്യത്തോടെയാണ് വെള്ളിയാംപറമ്പിൽ കിൻഫ്രയുടെ വ്യവസായ പാർക്ക് വിഭാവനം ചെയ്തത്. മട്ടന്നൂരിലെയും കണ്ണൂരിലെയും വ്യാവസായികോൽപ്പന്നങ്ങൾക്ക് വിദേശത്തുൾപ്പെടെ കൂടുതൽ വിപണി കണ്ടെത്തുന്നതിനും ഈ മേഖലയിൽ കൂടുതൽപേർക്ക് തൊഴിൽ നൽകുന്നതിനും സ്വയംതൊഴിൽ സംരംഭങ്ങളുടെ പ്രോത്സാഹനത്തിനും കിൻഫ്ര വ്യവസായ പാർക്ക് വഴിയൊരുക്കും. കോവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾക്കിടയിൽ നിർമാണം വൈകിയെങ്കിലും നിലവിൽ നിർമാണ പ്രവൃത്തികൾക്ക്‌ വേഗം കൈവരിച്ചിട്ടുണ്ട്‌. 130 ഏക്കർ ഭൂമി വ്യവസായ പാർക്കിനായി ഇതിനോടകംതന്നെ ഏറ്റെടുത്തു. വിവിധ അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണവും ഇവിടെ പുരോഗമിക്കുകയാണ്.
5 കോടി രൂപ ചെലവിൽ പാർക്കിനുള്ളിൽ 4.5 കിലോമീറ്റർ റോഡുകളുടെ നിർമാണം പൂർത്തിയായി. എട്ടുലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഭൂഗർഭ ടാങ്ക്, 5–- 2 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള രണ്ട് വിതരണ ടാങ്കുകൾ എന്നിവയുടെയും നിർമാണം 2.4 കോടി രൂപ ചെലവിൽ പൂർത്തിയായി. ഈ ടാങ്കുകളുടെ അനുബന്ധ പൈപ്പുകളും 1.08 കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയായി. 1.5 കോടി രൂപ ചെലവിൽ കിൻഫ്ര വ്യവസായ പാർക്കിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് നിർമാണം അവസാന ഘട്ടത്തിലാണ്. 9.5 കോടി രൂപ ചെലവിൽ നിർമാണം പുരോഗമിക്കുന്ന സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിയുടെ നിർമാണം അവസാന ഘട്ടത്തിലാണ്. കെഎസ്ഇബിയുടെ 110 കെ വി സബ്‌സ്റ്റേഷൻ നിർമാണവും പുരോഗമിക്കുന്നു. ഡിസംബറോടെ സബ്‌സ്‌റ്റേഷൻ കമീഷൻ ചെയ്യാൻ കഴിയുമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ അറിയിച്ചു. 
സംരംഭകർക്ക് വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളാണ് പാർക്കിൽ പൂർത്തിയാകുന്നത്. വ്യവസായ പാർക്ക് പൂർത്തിയാകുന്നതോടെ മട്ടന്നൂരിലെയും സമീപ പ്രദേശങ്ങളിലെയും സംരംഭകർക്ക് വലിയ അവസരങ്ങളാണ് തുറന്നുകിട്ടുക. വ്യവസായ പാർക്ക് പ്രവർത്തനം ആരംഭിക്കുന്നതോടെ സംരംഭകരുടെ ആവശ്യങ്ങൾക്കനുസരിച്ച് പുതിയ സൗകര്യങ്ങൾകൂടെ ഒരുക്കിനൽകാൻ കഴിയും. കോൾഡ് സ്‌റ്റോറേജ് സൗകര്യം, വെയർ ഹൗസിങ്ങിനുള്ള സൗകര്യങ്ങൾ തുടങ്ങിയവ ഒരുക്കി നൽകും. ചെറുകിട വ്യവസായ സംരംഭകർക്ക്‌ വ്യവസായ പരിശീലനം നൽകുന്നതിനും പാർക്കിൽ സൗകര്യമൊരുക്കും. 
കിൻഫ്ര പദ്ധതിക്കൊപ്പം 107 കോടി രൂപ ചെലവിൽ പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റ്, റീസൈക്ലിങ് ഫാക്ടറി, ജലസംഭരണി, മറ്റു ചെറുകിട വ്യവസായ സംരംഭങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ്‌ പദ്ധതി. പാർക്ക് യാഥാർഥ്യമാകുന്നതോടെ ജില്ലയുടെയും സംസ്ഥാനത്തിന്റെയും വ്യവസായ ഭൂപടത്തിലേക്ക്‌ മട്ടന്നൂർ ഉയരും.
സ്റ്റാൻഡേർഡ് 
സിസൈൻ ഫാക്ടറി
5 കോടി രൂപ ചെലവിൽ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിയുടെ നിർമാണം കിൻഫ്ര വ്യവസായ പാർക്കിനുള്ളിൽ പുരോഗമിക്കുകയാണ്. സംരംഭകർക്ക്, പ്രത്യേകിച്ച് നിർമാണ മേഖലയിലുള്ള സംരംഭകരെ ലക്ഷ്യംവച്ചാണ് സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി രൂപകൽപ്പന ചെയ്തിരിക്കുന്നത്. 
ആവശ്യക്കാർക്ക് ഭൂമി, കെട്ടിടം, ജലം, വൈദ്യുതി എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ലീസിന് നൽകിയാണ് എസ്ഡിഎഫിന്റെ പ്രവർത്തനം വിഭാവനം ചെയ്തിരിക്കുന്നത്. വലിയ സംരംഭകത്വ സ്വപ്‌നങ്ങളുള്ളവർക്കും ചുരുങ്ങിയ മൂലധന ചെലവിൽ സംരംഭങ്ങൾ ആരംഭിക്കാൻ കഴിയുമെന്നതാണ് സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി തുറക്കുന്ന സാധ്യത.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top