25 April Thursday

പൂക്കോടിന്റെ സാംസ്‌കാരിക മുഖം

സുജിൻ കാറാട്ട്‌Updated: Thursday Feb 9, 2023

പൂക്കോട്‌ മഹാത്മാഗാന്ധി സ്മാരക വായനശാല

കൂത്തുപറമ്പ് 
പൂക്കോടിന്റെ സാംസ്‌കാരിക സമ്പന്നതയുടെ  പ്രതീകമാണ്‌  മഹാത്മാഗാന്ധി സ്മാരക വായനശാല.  ഗായകസംഘം,  നൃത്ത, കരാട്ടെ പരിശീലനം, പിഎസ് സി  പരിശീലനം, പുസ്തകക്കൂട് പദ്ധതി എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളുടെ സംഗമ കേന്ദ്രമാണ്‌ ഈ  അക്ഷരപ്പുര. 
  ലൈബ്രറിയില്ലാത്ത പ്രദേശങ്ങളിലെ കടകളിലോ വീടുകളിലോ പുസ്തകങ്ങളെത്തിച്ച്‌ വായനക്കാർക്ക് നൽകുന്ന വായനശാലയുടെ ‘പുസ്തകക്കൂട് ’ പദ്ധതി മാതൃകയാണ്. ഓട്ടച്ചിമാക്കൂലിലാണ് പുസ്തക ക്കൂടുള്ളത്. സംഗീതം ലഹരിയാക്കി  ഗായകസംഘം എല്ലാ വെള്ളിയാഴ്ചകളിലും വായനശാലയിൽ സംഗീത വിരുന്നൊരുക്കും. സ്റ്റേജ് പരിപാടികളിലുമെത്താറുണ്ട്. വനിതാവേദി നേതൃത്വത്തിലുള്ള പ്രാദേശിക ഉൽപ്പന്ന നിർമാണ പരിശീലനം സ്ത്രീകൾക്ക്‌  സ്വന്തംകാലിൽ നിൽക്കാനുള്ള  മാർഗമാണ്‌. തുടർച്ചയായ പിഎസ് സി പരിശീലനം വഴി 15 പേർക്ക്‌  സർക്കാർ  ജോലി ലഭിച്ചു.
 പുസ്തകങ്ങൾ വീടുകളിലെത്തിച്ച് നൽകുക, രക്തദാനം തുടങ്ങി വ്യത്യസ്ത മേഖലകളിൽ വായനശാലയുടെ കൈയൊപ്പുണ്ട്‌.
ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി 1956ലാണ് വായനശാല തുടങ്ങിയത്. മാങ്ങാടൻ ഗോവിന്ദൻ, റെയിൽ നമ്പി, ഇ എൻ ഗോപാലൻ, ഇ എൻ ഭരതൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങളുടെ തുടക്കം. പിന്നീട് വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്ത്‌  ലൈബ്രേറിയനെ ഉൾപ്പെടെ നിയമിച്ചു. വീണ്ടും വായനശാല ജനകീയ കമ്മിറ്റി ഏറ്റെടുത്തു.
11013 പുസ്തകങ്ങളും 1202  മെമ്പർമാരും വായനശാലയ്ക്കുണ്ട്. വായനശാലയിൽ വരുന്ന 43 പ്രസിദ്ധീകരണങ്ങളും ജനങ്ങളുടെ സംഭാവനകളാണ്. 2016 മാർച്ചിൽ കെ പി മോഹനൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നവീകരിച്ചു.  കെ സുരേന്ദ്രൻ സെക്രട്ടറിയും ഇ കെ ഹരീന്ദ്രൻ പ്രസിഡന്റുമായ  കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്നത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top