20 April Saturday
അഴീക്കൽ ഗ്രീൻഫീൽഡ് തുറമുഖം

അന്തിമഡിസൈൻ റിപ്പോർട്ട് സമർപ്പിച്ചു: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 7, 2022
 
കണ്ണൂർ
അഴീക്കലിൽ നിർമിക്കുന്ന ഗ്രീൻഫിൽഡ് തുറമുഖ നിർമാണത്തിന്റെ അന്തിമ ഡിസൈൻ റിപ്പോർട്ട് സമർപ്പിച്ചതായി തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ നിയമസഭയിൽ അറിയിച്ചു. കെ വി സുമേഷ്‌ എംഎൽഎയുടെ സബ് മിഷന്‌ മറുപടി പറയുകയായിരുന്നു മന്ത്രി.
 2021 മാർച്ചിൽ സ്റ്റേറ്റ് എൻവയോൺമെന്റൽ ഇംപാക്ട് അസസ്സ്മെന്റ് അതോറിറ്റി പാരിസ്ഥിതിക പഠനം നടത്തുന്നതിനുള്ള ടേംസ് ഓഫ് റഫറൻസ് അംഗീകരിച്ചു.  അതിനുശേഷം വിശദമായ പാരിസ്ഥിതിക പഠനങ്ങളും ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയും റിപ്പോർട്ട് തയ്യാറാക്കലും പുരോഗമിച്ചുവരികയാണ്.
ഡിപിആർ അനുസരിച്ച് മൂന്ന് ഘട്ടമായാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തിൽ 3,074 കോടി രൂപയും മറ്റ് രണ്ട് ഘട്ടങ്ങളിലായി 1,983 കോടി രൂപയുമുൾപ്പെടെ  5,057  കോടി രൂപയാണ് പദ്ധതിച്ചെലവ്.  
ടെക്‌നിക്കൽ കൺസൾട്ടന്റ് സമർപ്പിച്ച ഡിപിആറിന്റെ സാങ്കേതിക, ധനകാര്യ നിർദേശങ്ങൾ പരിശോധിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി വിദഗ്ധ സമിതി രൂപീകരിച്ചു. തുറമുഖ വകുപ്പ് സെക്രട്ടറിയാണ് കൺവീനർ. ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, മലബാർ ഇന്റർനാഷണൽ പോർട്ട് ആൻഡ്‌ സെസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ആൻഡ്‌ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നിവരാണ് മറ്റ് അംഗങ്ങൾ.  
തുറമുഖത്തെ എൻഎച്ച് 66 ബൈപാസുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ അലൈൻമെന്റ് തയ്യാറാക്കി കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. തുറമുഖ വികസന പദ്ധതിയുടെ ഭാഗമായി കയറ്റുമതി,- ഇറക്കുമതി വ്യാപാരം വർധിപ്പിക്കാനും തുറമുഖത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വികസനത്തിനുമായി ടാറ്റ കൺസൾട്ടിങ് എൻജിനിയേഴ്സ് സ്ഥാപനം ടെക്‌നോ–- ഇക്കണോമിക് ഫീസിബിലിറ്റി റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ട്. ഇത് പരിശോധിച്ചു വരികയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് നിർമാണ മേഖലയിലുള്ള 146.61 ഏക്കർ കടൽ പുറമ്പോക്ക് നിർമാണ കമ്പനിയുടെ പേരിൽ പതിച്ചുകിട്ടുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന്‌ മന്ത്രി വ്യക്തമാക്കി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top