തലശേരി
മതസ്‌പർധയുണ്ടാക്കുന്ന മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയതിന് നാല് ആർഎസ്‌എസ്–-ബിജെപിക്കാർ അറസ്‌റ്റിൽ. പാലയാട് വാഴയിൽ ഹൗസിൽ ഷിജിൽ എന്ന ടുട്ടു(38), കണ്ണവം മുടപ്പത്തൂരിലെ കൊട്ടേമ്മൽ ഹൗസിൽ ആർ രഗിത്ത് (21), കരിച്ചാൽ വീട്ടിൽ വി വി ശരത്ത് (25), ശിവപുരം കാഞ്ഞിലേരിയിലെ ശ്രീജാലയത്തിൽ ശ്രീരാഗ് (20) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. ജുഡീഷ്യൽ ഫസ്‌റ്റ്‌ക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാൻഡ് ചെയ്‌തു.
ബുധൻ വൈകിട്ട് ജയകൃഷ്‌ണൻ ബലിദാന ദിന പ്രകടനത്തിനിടെയാണ് ആർഎസ്‌എസുകാർ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത്. മുസ്ലിംപള്ളികൾ തകർക്കുമെന്നും ബാങ്കുവിളി കേൾക്കില്ലെന്നുമായിരുന്നു ഭീഷണി. സാമുദായിക ലഹളയുണ്ടാക്കൽ, സംഘം ചേരൽ തുടങ്ങി ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളിൽ കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സംഘർഷാവസ്ഥയെ തുടർ്ന്ന് തലശേരി സ്‌റ്റേഷൻ പരിധിയിൽ കലക്ടർ തിങ്കൾവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
വെള്ളിയാഴ്‌ച നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്താൻ ശ്രമിച്ചതിന് അഞ്ച് ആർഎസ്‌എസുകാരെകൂടി അറസ്‌റ്റ് ചെയ്‌തു. പ്രകടനത്തിനിടെ ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് ഉൾപ്പെടെ അഞ്ച്‌പേരെ പിടിച്ചിരുന്നു. 250 പേർക്കെതിരെയാണ് കേസ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..