19 April Friday

ബഹുജനാടിത്തറ വിപുലമായി: 
എം വി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

കണ്ണൂർ

ജില്ലയിൽ സിപിഐ എമ്മിന്റെ കരുത്തും ബഹുജനാടിത്തറയും വിപുലമായതായി ജില്ലാ സെക്രട്ടറി എം വി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാലുവർഷത്തിനിടെ 13 ലോക്കൽ കമ്മിറ്റികളും 562 ബ്രാഞ്ചുകളും 6047 പാർടി അംഗങ്ങളും വർധിച്ചു. 296 അനുഭാവി ഗ്രൂപ്പുകളും 1710 ഗ്രൂപ്പംഗങ്ങളും വർധിച്ചിട്ടുണ്ട്‌. നിലവിൽ 18 ഏരിയകളിലായി 243 ലോക്കൽ കമ്മിറ്റികളും 4247 ബ്രാഞ്ചുകളുമാണ്‌. പാർടി അംഗങ്ങൾ 61,688.   
വർഗ–-ബഹുജന സംഘടനാ അംഗസംഖ്യയിൽ രണ്ട് ലക്ഷത്തിന്റെ വർധന. 28.15 ലക്ഷമാണ്‌ അംഗസംഖ്യ. 167 ബ്രാഞ്ച് സെക്രട്ടറിമാരും രണ്ട്‌ ലോക്കൽ സെക്രട്ടറിമാരും വനിതകളാണ്.  എല്ലാ ഘടകങ്ങളിലും വനിതാ പ്രാതിനിധ്യം വർധിച്ചു. മെമ്പർഷിപ്പിന്റെ 27 ശതമാനം വനിതകളാണ്‌. ആദിവാസി പുനരധിവാസ ഗ്രാമമായ ആറളം ഫാമിൽ വനിതാ പാർടി അംഗസംഖ്യ 46 ശതമാനമാണ്.  
 കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും പൗരത്വഭേദഗതി നിയമം ഉൾപ്പെടെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന തീരുമാനങ്ങൾക്കെതിരെയും  വൻതോതിൽ ജനങ്ങളെ അണിനിരത്തി.  മലയോരമേഖലയിൽ കാർഷിക പ്രശ്നങ്ങളെ അടിസ്ഥാനമാക്കി നടത്തിയ കർഷകലോങ് മാർച്ച് ശ്രദ്ധേയമായി.  
സേവനരംഗത്തും സജീവം
കോവിഡ് കാലത്ത് 18,000 വളണ്ടിയർമാർ സേവനരംഗത്തിറങ്ങി.  സൗജന്യകിറ്റുകൾ വിതരണം ചെയ്തു.  സ്നേഹവണ്ടിയായി 250ഓളം വാഹനങ്ങൾ പ്രവർത്തിച്ചു. ഹെൽപ് ഡെസ്കുകൾ ആരംഭിച്ചു.  അലഞ്ഞുതിരിയുന്നവർക്ക് ഐആർപിസി പുനരധിവാസകേന്ദ്രം ഒരുക്കി. കോവിഡ് മൂലം മരിച്ചവരുടെ മൃതദേഹം അടക്കം ചെയ്യാനുള്ള ദൗത്യം ഏറ്റെടുത്തു. 
നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എൽഡിഎഫ്‌ 53.25 ശതമാനം വോട്ട് നേടി. തദ്ദേശ തെരഞ്ഞെടുപ്പിൽ ആകെയുള്ള 71 ഗ്രാമപഞ്ചായത്തുകളിൽ 58ഉം ഒമ്പതു മുനിസിപ്പാലിറ്റികളിൽ ആറും 11 ബ്ലോക്ക് പഞ്ചായത്തുകളിൽ പത്തും ജില്ലാ പഞ്ചായത്തും ഉൾപ്പെടെ 71 തദ്ദേശസ്ഥാപനങ്ങളിൽ എൽഡിഎഫാണ് വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരിക്കുന്നത്.  മലയോരമേഖലയിലെ യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളായ  അഞ്ച്‌ പഞ്ചായത്തുകളിൽ എൽഡിഎഫ് വിജയിച്ചു. യുഡിഎഫ് –-ബിജെപി –-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിനെയാണ് തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് നേരിടേണ്ടിവന്നത്.  138 സഹകരണ ബാങ്ക്‌  ഉൾപ്പെടെ600ഓളം സഹകരണ സ്ഥാപനങ്ങളിൽ 75 ശതമാനവും എൽഡിഎഫാണ് ഭരിക്കുന്നത്. 
കോൺഗ്രസ്, ബിജെപി, ലീഗ് ഉൾപ്പെടെയുള്ള പാർടികളിൽനിന്ന് കഴിഞ്ഞ സമ്മേളനത്തിനുശേഷം സിപിഐ എമ്മിലേക്ക് 1561 പേർ വന്നു.  സിപിഐ എം നയപരിപാടികൾ ജനങ്ങൾക്ക് സ്വീകാര്യമായി മാറിയെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top