29 March Friday

നേട്ടങ്ങളുടെ കരുത്തിൽ കണ്ണൂർ 
വിമാനത്താവളത്തിന്‌‌ മൂന്നാം വാർഷികം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021
കണ്ണൂർ
നേട്ടങ്ങളുടെ പട്ടികയുമായി കണ്ണൂർ വിമാനത്താവളം മൂന്നാം വർഷത്തിലേക്ക്‌. കോവിഡ്‌ പശ്‌ചാത്തലത്തിൽ വലിയ ആഘോഷങ്ങളില്ലെങ്കിലും കിയാലും യാത്രക്കാരുടെ കൂട്ടായ്‌മയുമാണ്‌ ‌ വാർഷികാഘോഷം സംഘടിപ്പിക്കുന്നത്‌. കേന്ദ്രത്തിന്റെ  അവഗണനയും നിഷേധാത്മക നിലപാടും അതിജീവിച്ചാണ്‌ കണ്ണൂർ വിമാനത്താവളത്തിന്റെ മുന്നേറ്റം.  വിദേശ വിമാനകമ്പനികളുടെ സർവീസിനുള്ള അനുമതി കേന്ദ്ര വ്യോമയാന വകുപ്പ്‌ നിഷേധിക്കുമ്പോൾ കൂടുതൽ രാജ്യാന്തര യാത്രക്കാരുള്ള ഇന്ത്യയിലെ 10 വിമാനത്താവളങ്ങളിലൊന്നായി  ഇടംപിടിച്ചാണ്‌ കണ്ണൂർ മറുപടി നൽകിയത്‌.  കോവിഡ്‌ പ്രതിസന്ധി  അതിജീവിച്ചാണ്‌ ഈ നേട്ടം. 
2018 ഡിസംബർ ഒമ്പതിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌ത വിമാനത്താവളം പടിപടിയായി എല്ലാ സൗകര്യങ്ങളും സ്വന്തമാക്കി.  രണ്ടുവർഷത്തിനുള്ളിൽ ആഭ്യന്തര, വിദേശ കാർഗോ സർവീസുകൾ ആരംഭിച്ചു. കോവിഡ്‌ അടച്ചിടലിൽ വൈഡ്‌ ബോഡി വിമാനങ്ങളിറങ്ങി  റൺവേ വലിയ വിമാനങ്ങൾ ഇറങ്ങാനും പറന്നുയരാനും സുസജ്ജമാണെന്ന്‌ തെളിയിച്ചു. കോവിഡ്‌ കാലത്തെ വിദേശ സർവീസുകൾക്കുള്ള നിയന്ത്രണം നീക്കിയശേഷം  എയർപോർട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ ആഗസ്‌തിലെ  കണക്കിൽ രാജ്യാന്തരയാത്രക്കാരുടെ എണ്ണത്തിൽ ഒമ്പതാം സ്ഥാനത്തെത്തി. 36,423 പേരാണ്‌ ആഗസ്‌തിൽ കണ്ണൂർ വിമാനത്താവളത്തിൽനിന്ന്‌ വിദേശയാത്ര നടത്തിയത്‌. സെപ്‌തംബറിൽ ഇത്‌ 50,599 ആയി ഉയർന്നു. 
വിമാനത്താവളത്തിൽ യാത്രക്കാർക്ക്‌ താമസവിശ്രമ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഡേ ഹോട്ടലിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്‌. എയർപോർട്ട്‌ ഹോട്ടലും റസ്‌റ്റോറന്റും ഉടൻ പ്രവർത്തനമാരംഭിക്കും. ടെർമിനൽ കെട്ടിടത്തിൽ പഞ്ചനക്ഷത്രനിലവാരത്തിൽ ഒരുക്കുന്ന ഹേട്ടലിൽ  രണ്ട്‌  ഡീലക്‌സ്‌  ഉൾപ്പെടെ 20 മുറിയുമുണ്ട്‌. ‌

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top