പേരാവൂർ
ആശ്രയമറ്റവരെയും അനാഥരെയും ചേർത്തുപിടിച്ച് യുവത. ഉരുൾപൊട്ടലിൽ വലിയ നാശമുണ്ടായ തെറ്റുവഴി കൃപാഭവനിലെ മുന്നൂറ്റിയമ്പതോളംപേർക്ക് ഇനി ഡിവൈഎഫ്‌ഐ അന്നം നൽകും. അനാഥാലയത്തിൽ അടിസ്ഥാന സൗകര്യം ഒരുങ്ങുന്നതുവരെ ഭക്ഷണം നൽകാനാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. പേര്യ ചുരത്തിലുണ്ടായ ഉരുൾപ്പൊട്ടലിൽ കൃപാഭവനിൽ വൻ നാശമാണുണ്ടാക്കിയത്. മലവെള്ളപ്പാച്ചിലിൽ പുഴ കരകവിഞ്ഞ് അടുക്കളയും തൊഴുത്തും നശിച്ചു. പശുക്കൾ ചത്തു. വളർത്തുമീൻ ഉൾപ്പെടെ ഒഴുകിപ്പോയിരുന്നു.
ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് നേതൃത്വത്തിൽ മണ്ണും ചെളിയും നീക്കി കിണറും തൊഴുത്തുമുൾപ്പെടെ വൃത്തിയാക്കിയിരുന്നു. പാകം ചെയ്ത ഉച്ച ഭക്ഷണം കൃപാഭവൻ ഡയറക്ടർ സന്തോഷിന് കൈമാറി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഭക്ഷണം നൽകുന്ന പദ്ധതി ഉദ്ഘാടനം ചെയ്‌തു. കേന്ദ്ര കമ്മിറ്റിയംഗം എം ഷാജർ, ജില്ലാ സെക്രട്ടറി സരിൻ ശശി, പ്രസിഡന്റ് മുഹമ്മദ് അഫ്സൽ തുടങ്ങിയവർ സംസാരിച്ചു. ടി രഗിലാഷ്, എം എസ് അമൽ, എ നിത്യ, അമീർ ഫൈസൽ തുടങ്ങിയവർ ഭക്ഷണവിതരണത്തിന് നേതൃത്വം നൽകി. തുടർന്ന് ഡിവൈഎഫ്‌ഐ നേതാക്കൾ പെരുന്തോടി, പൂളക്കുറ്റി ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..