20 April Saturday

ശിശു സംരക്ഷണ ജീവനക്കാരുടെ 
പണിമുടക്ക്‌ ഏഴാം ദിവസത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023

 കാസർകോട്‌

ശിശു സംരക്ഷണ  ജീവനക്കാർ വിവിധ ആവശ്യങ്ങളുന്നയിച്ച്‌ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക്‌ സമരം ഏഴാം ദിവസത്തിലേക്ക്‌. കേരളത്തിൽ ശിശുസംരക്ഷണ മേഖലയിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ വെട്ടിക്കുറച്ചവേതനം പുനസ്ഥാപിക്കുക, സമയബന്ധിതമായി കരാർ പുതുക്കി നൽകുക, മൂന്നുവർഷ കരാർ നടപ്പിലാക്കുക, ശിശുസംരക്ഷണ പ്രവർത്തനങ്ങൾ നിയമം അനുശാസിക്കുന്ന തരത്തിൽ സൊസൈറ്റിയായി പ്രവർത്തിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള ഐസിപിഎസ് എംപ്ലോയീസ് യൂണിയൻ- (സിഐടിയു) നേതൃത്വത്തിലാണ്‌ അനിശ്ചിതകാല പണിമുടക്ക്‌. 
കഴിഞ്ഞ സെപ്‌തംബർ മുതൽ പദ്ധതിയുടെ കീഴിൽ ജോലിചെയ്യുന്നവരുടെ ലഭിച്ചുകൊണ്ടിരുന്ന ശമ്പളം വെട്ടിക്കുറച്ചു. ചില തസ്തികകളിൽ ശമ്പളത്തിൽനിന്നും പതിനായിരത്തോളം രൂപയുടെ കുറവ് വരുത്തി. ജീവനക്കാർക്ക് പ്രസവാവധി ഉൾപ്പെടെയുള്ള അവധി ആനുകൂല്യങ്ങൾ നിഷേധിക്കുക, ജീവനക്കാരുടെ കരാറുകൾ സമയബന്ധിതമായി പുതുക്കാതിരിക്കുക തുടങ്ങിയ സമീപനങ്ങളാണ് നേരിടുന്നത്. 
കരാർ സമയബന്ധിതമായി പുതുക്കാത്തതിലൂടെ  കരാർ പുതുക്കാനെടുക്കുന്ന മാസങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യേണ്ടിവരികയാണ്‌. ഇതിനെതിരായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി, ജുവനൈൽ ജസ്റ്റിസ്‌ ബോർഡ്, ചിൽഡ്രൻസ് ഹോം എന്നിവിടങ്ങളിലെ മുഴുവൻ ജീവനക്കാരും പണിമുടക്കിലാണ്. കാസർകോട്‌ സിവിൽ സ്റ്റേഷൻ പരിസരത്ത് നടക്കുന്ന സമരത്തിന്റെ ആറാംദിനം സിഐടിയു ജില്ലാകമ്മിറ്റി അംഗം കെ ഭാസ്‌കരൻ ഉദ്‌ഘാടനംചെയ്‌തു. എ കെ ദിവ്യ അധ്യക്ഷയായി. പി വി കുഞ്ഞമ്പു സംസാരിച്ചു. എം സനൽ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top