20 April Saturday

അത്ര നിസ്സാരമായിരുന്നില്ല ‘ആ ദിവസങ്ങൾ’

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

കണ്ട്യന്റവിട കുഞ്ഞിക്കണ്ണനെ 
ആർഎസ്‌എസ്സുകാർ വെട്ടിക്കൊന്ന സ്ഥലം 
 സന്ദർശിക്കുന്ന പിണറായി വിജയനും 
കോടിയേരി ബാലകൃഷ്‌ണനും (ഫയൽച്ചിത്രം)

കണ്ണൂർ
ബോംബും വടിവാളുകളുംകൊണ്ട്‌ ആർഎസ്‌എസ്‌ കണ്ണൂർ ജില്ലയെ ഇരുട്ടിലാഴ്‌ത്തിയ നാളുകൾ. പാർടി ഓഫീസുകൾക്കും  പ്രവർത്തകർക്കുംനേരെ തുടർച്ചയായ ആക്രമണം. ജീവൻ നഷ്ടപ്പെട്ടവർ നിരവധി. ആയുധം താഴെവയ്‌ക്കാതെ കലിതുള്ളി നിൽക്കുന്ന ആർഎസ്‌എസ്സിന്റെ കൊലവിളിക്കിടയിലൂടെ ജനങ്ങൾക്ക്‌ ആശ്വാസമായി കോടിയേരി ബാലകൃഷ്‌ണനെത്തിയത്‌ ഓർമിക്കുകയാണ്‌ പാനൂർ പുത്തൂർ കൂറ്റേരി കെസി മുക്കിലെ രക്തസാക്ഷി കണ്ട്യന്റവിട കുഞ്ഞിക്കണ്ണന്റെ മകൻ ലെനിൻ‍. 1999 ഡിസംബർ മൂന്നിന്‌ രാത്രിയാണ്‌ കുഞ്ഞിക്കണ്ണനെ ആർഎസ്‌എസ്സുകാർ കൊലപ്പെടുത്തിയത്‌.  
      ഫെയ്‌സ്‌‌ബുക്ക്‌ പോസ്‌റ്റിന്റെ പൂർണരൂപം: ‘ബാലകൃഷ്ണേട്ടാ... ഇത് ലെനിൻ, പാനൂരെ രക്തസാക്ഷി കുഞ്ഞിക്കണ്ണന്റെ മോനാണ്’–- ഏതാനും മാസംമുമ്പ്‌ തലശേരി എരിയാകമ്മിറ്റി ഓഫീസിൽ കോടിയേരിയെ കണ്ടപ്പോൾ ഷംസീർക്ക (എ എൻ ഷംസീർ) എന്നെ ഇങ്ങനെ പരിചയപ്പെടുത്തി. ‘ഞാൻ അന്ന് വീട്ടിൽ വന്നിരുന്നു. എനിക്കോർമയുണ്ട്’ –-കോടിയേരി പറഞ്ഞു.അന്ന് വന്നിരുന്നു എന്ന് വളരെ നിസ്സാരമായി സഖാവ് പറഞ്ഞ "ആ ദിവസങ്ങളെ’പ്പറ്റിയാണ്. തൊണ്ണൂറുകളുടെ അവസാനം. തലശേരി –-പാനൂർ മേഖലകളിൽ തുടർച്ചയായ രാഷ്ട്രീയ സംഘർഷങ്ങൾ. പകൽസമയത്തുപോലും വീട് പൂട്ടി അകത്ത് നിശബ്ദമായി വീട്ടുകാർ കഴിയുന്ന ദിവസങ്ങൾ. രാത്രിയായാൽ ഒരു ലൈറ്റ് പോലുമിടാതെ ഏതുസമയവും ഒരു ബോംബ് വന്ന് വീഴുന്നതോ  ക്രിമിനലുകൾ വീട്ടിലേക്ക് ഇരച്ചുകയറുന്നതോ ഭയന്ന് നിശബ്ദമായി കഴിഞ്ഞകാലം. അങ്ങനെ ഒരുദിവസം രാത്രിയിലാണ് അയൽപക്കത്തെ വീട്ടിലേക്ക് ബോംബെറിഞ്ഞ്‌ ഭീതി പരത്തി ഇരച്ചുകയറിയ ആർഎസ്‌എസ്സുകാർ  അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയത്. തലേദിവസമാണ്  കനകരാജിനെ വീട് വളഞ്ഞു ബോംബെറിഞ്ഞ്‌ വെട്ടിക്കൊലപ്പെടുത്തുന്നത്. 
അച്ഛന്റെ സംസ്‍കാരച്ചടങ്ങ് കഴിഞ്ഞ് മടങ്ങുംവഴിയാണ് അന്നത്തെ പാർടി ജില്ലാ സെക്രട്ടറിയായ ഇ പി ജയരാജനുനേരെ ബോംബേറുണ്ടാകുന്നത്. പാനൂരിന്റെ കിഴക്കൻ ഭാഗത്തേക്ക് ഒരു രാഷ്ട്രീയ നേതാവിനും പ്രവേശനമില്ലെന്നും, വന്നാൽ ഏതുനേതാവും ആക്രമിക്കപ്പെടുമെന്നും ആർആസ്എസ് തിട്ടൂരം നൽകിയ ഡിസംബറിലെ കറുത്ത ദിനങ്ങൾ. അങ്ങനെ ഭീഷണി നിലനിന്നിരുന്ന സാഹചര്യത്തിലാണ്, അച്ഛന്റെ ചോര ഉണങ്ങുംമുന്നേ കോടിയേരിയും പിണറായിയും വീട്ടിലെത്തിയത്‌.  ആക്രമിക്കപ്പെടും എന്നത് അത്രയേറെ നിശ്ചയമുള്ള ഇടത്തേക്ക്‌ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച്  സഖാക്കൾ എത്തി. ആ വരവിനെയാണ് "ഞാൻ അന്ന് അവിടെ വന്നിരുന്നു’ എന്ന് പറയുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top