29 March Friday

നൂറ്റാണ്ടും കടന്ന 
തറവാട്ടിലെ കാരണവത്തി

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

തലശേരി കോ ഓപ്പറേറ്റീവ്‌ വനിതാ കോളേജ്‌ സംഘടിപ്പിച്ച പരിപാടിയിൽ മാളിയേക്കൽ മറിയുമ്മയെ സംവിധായകൻ ടി ദീപേഷ്‌ ആദരിക്കുന്നു (ഫയൽ)

തലശേരി

കാച്ചിത്തുണിയും തട്ടവുമിട്ട്‌ മക്കത്തെ കല്ലിന്റെ മാലയും മരതകകമ്മലുമായി അതിഥികളെ സ്വീകരിക്കാൻ ഇനി മാളിയേക്കൽ തറവാട്ടിൽ മറിയുമ്മയില്ല. സുഹൃത്തുക്കളോ മാധ്യമപ്രവർത്തകരോ എത്തിയാൽ എത്രനേരം വേണമെങ്കിലും  സംസാരിക്കും. മലയാളവും ഇംഗ്ലീഷും ഇടകലർത്തിയുള്ള സംസാരം. ഇടയ്‌ക്ക്‌ പഴയപാട്ടുകൾ മേമ്പൊടിയായുണ്ടാവും. 
നൂറിലേറെ വർഷം പഴക്കമുള്ള മാളിയേക്കൽ തറവാടിന്‌ സമീപം മകൾ ആയിഷയ്‌ക്കൊപ്പമായിരുന്നു മറിയുമ്മയുടെ താമസം.  എല്ലാ ജാതി–-മതത്തിൽപ്പെട്ട വനിതകളും ഒത്തുകൂടുന്ന കേന്ദ്രമായിരുന്നു മാളിയേക്കലെ തലശേരി മുസ്ലിം മഹിളാസമാജം. പപി എൻ പണിക്കരുടെ അഭ്യർഥനപ്രകാരമാണ്‌ മാളിയേക്കലിൽ സാക്ഷരതാകേന്ദ്രം തുടങ്ങിയത്‌.
   പുരോഗമന, ഇടതുപക്ഷ ആശയങ്ങളുമായി എന്നും സഹകരിച്ചു. എൽഡിഎഫ്‌ സ്ഥാനാർഥികളുടെ വിജയത്തിനായി പ്രചാരണത്തിനിറങ്ങുന്ന മാളിയേക്കൽ ഗായകസംഘത്തെ എന്നും പിന്തുണച്ചു. മാളിയേക്കൽ തറവാടിന്‌ മുമ്പിലെ ടിസി മുക്കിലായിരുന്നു അക്കാലത്ത്‌ സിപിഐ എം ഓഫീസ്‌. സി എച്ച്‌ കണാരൻ, ഇ കെ നായനാർ, പാട്യം ഗോപാലൻ, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്‌ണൻ തുടങ്ങിവർ മാളിയേക്കൽ വന്നതും സംസാരിച്ചതുമെല്ലാം അഭിമാനത്തോടെ പറയും. പുരോഗമനപരമായ ഏതൊരു സ്ത്രീമുന്നേറ്റത്തിനുമൊപ്പവും അവർ നിന്നു. നവോത്ഥാന സംരക്ഷണത്തിനുള്ള വനിതാ മതിലിനെ പിന്തുണച്ചും പ്രസ്‌താവനയിറക്കി. 
അധിക്ഷേപത്തിനു മുന്നിൽ കീഴടങ്ങാതെ മുസ്ലിം യുവതികൾ വോട്ടുപിടിക്കാനിറങ്ങിയതിന്റെ പേരിൽ  ഒറ്റപ്പെടുത്തലുണ്ടായിട്ടും തലകുനിച്ചില്ല. തലശേരി മണ്ഡലത്തിൽ 1957ൽ വി ആർ കൃഷ്ണയ്യർ മത്സരിച്ചപ്പോൾ സജീവമായി തെരഞ്ഞെടുപ്പ്‌ പ്രവർത്തനത്തിനിറങ്ങി.  ഇതോടെ യാഥാസ്ഥിതികർക്ക്‌ ഹാലിളകിയെത്തി. എങ്കിലും പിന്തിരിഞ്ഞില്ല.
തെരഞ്ഞെടുപ്പിൽ ജയിച്ച കൃഷ്ണയ്യരെ ആനയിച്ചുവരുമ്പോൾ മകൾ സാറ മാലയിട്ടാണ്‌ സ്വീകരിച്ചത്‌.  മദിരാശി നിയമസഭയിലേക്ക് 1952ൽ ബന്ധുവായ പിഎസ്‌പി സ്ഥാനാർഥി ഡോ. ആമിന ഹാഷിം മത്സരിച്ചപ്പോൾ ചിറക്കര സ്‌കൂളിൽ ബൂത്ത് ഏജന്റുമായി. മാളിയേക്കലിൽ റേഡിയോ വാങ്ങിയപ്പോഴും വലിയ പുകിലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ തുടങ്ങിയവരുമായി അടുത്ത ബന്ധമായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top